സി.പി.എം മന്ത്രിമാര്‍ക്ക് പാര്‍ട്ടി പെരുമാറ്റച്ചട്ടം

തിരുവനന്തപുരം: മന്ത്രിമാര്‍ക്ക് മാര്‍ഗനിര്‍ദേശക ചട്ടവുമായി സി.പി.എം. ശനിയാഴ്ച സമാപിച്ച സംസ്ഥാന സമിതിയിലാണ് തീരുമാനം. അതേസമയം   മന്ത്രിമാര്‍ കാര്യങ്ങള്‍ പഠിച്ച്  പ്രതികരിക്കണമെന്ന്  സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിര്‍ദേശിച്ചു. സര്‍ക്കാര്‍ ഭരണമേറ്റയുടനെ സംഭവിച്ച വിവാദ പ്രസ്താവനകളുടെയും  നാക്കുപിഴയുടെയും  പശ്ചാത്തലത്തിലാണിത് . മന്ത്രിമാര്‍ കാര്യങ്ങള്‍ പഠിച്ചു വേണം പ്രതികരിക്കാന്‍.
ആഴ്ചയില്‍ അഞ്ചു ദിവസം മന്ത്രിമാര്‍ തലസ്ഥാനത്ത് മന്ത്രി ഓഫിസില്‍ ഹാജരായിരിക്കണമെന്നതാണ് മറ്റൊരു നിര്‍ദേശം. മുന്നിലത്തെുന്ന ഫയലുകള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കരുത്.

സന്ദര്‍ശകരില്‍നിന്ന് പരാതിയും നിവേദനവും സ്വീകരിക്കാന്‍ ഓഫിസുകളില്‍ മന്ത്രിമാര്‍ സൗകര്യം ഒരുക്കണം.ആ സമയത്ത് മന്ത്രിമാര്‍ മറ്റു ചുമതലകളില്‍ വ്യാപൃതരാകരുത്. നിവേദനം നല്‍കിയവര്‍ പുരോഗതി അന്വേഷിച്ച് എത്തുമ്പോള്‍ വീണ്ടും ഒരിക്കല്‍ കൂടി നല്‍കൂ എന്ന് പറയുന്ന സ്ഥിതി ഉണ്ടാകരുത്. ജനങ്ങളുടെ ആവശ്യങ്ങളില്‍ ‘യെസ്’ അല്ളെങ്കില്‍ ‘നോ’ എന്ന മറുപടി നല്‍കിയിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

 കടുത്ത ത്രികോണ മത്സരത്തില്‍ സി.പി.എം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട വട്ടിയൂര്‍ക്കാവ്, പൂഞ്ഞാര്‍, പാലക്കാട്  മണ്ഡലങ്ങളിലെ തോല്‍വി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ അന്വേഷിക്കും.തോറ്റ മറ്റു മണ്ഡലങ്ങളിലെ കാരണങ്ങള്‍ അതത് ജില്ലാ കമ്മിറ്റികള്‍ പരിശോധിക്കും.
മൂന്നു മണ്ഡലങ്ങളിലെ തോല്‍വിക്കൊപ്പം ബി.ജെ.പിക്ക് പിന്നില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതിന്‍െറ കാരണങ്ങളാവും അന്വേഷിക്കുക. കെ.ജെ. തോമസ് വട്ടിയൂര്‍ക്കാവിലെയും ബേബി ജോണ്‍ പൂഞ്ഞാറിലെയും എം.വി. ഗോവിന്ദന്‍ പാലക്കാട്ടെയും തോല്‍വി പരിശോധിക്കുമെന്ന് ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞ കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ചര്‍ച്ചക്കിടെ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ഥി തോറ്റത് സ്വാഭാവികമാണെന്ന തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍െറ പ്രസ്താവനയെ സംസ്ഥാന സെക്രട്ടറി തിരുത്തി.

സി.പി.എം വിജയിക്കുന്ന മണ്ഡലമല്ല വട്ടിയൂര്‍ക്കാവെന്നും അവിടെ എല്‍.ഡി.എഫ് മത്സരിക്കാറേയുള്ളൂവെന്നും കടകംപള്ളി പറഞ്ഞു.
എന്നാല്‍, വട്ടിയൂര്‍ക്കാവില്‍ തോല്‍ക്കുന്നെങ്കില്‍ തോല്‍ക്കട്ടെയെന്ന സമീപനമാണ് കൈക്കൊണ്ടതെന്ന് കോടിയേരി തുറന്നടിച്ചു. ചീഫ് കൗണ്ടിങ് ഏജന്‍റ് വോട്ടെണ്ണല്‍ ദിവസം വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പോലും പോയില്ളെന്നും അദ്ദേഹം പറഞ്ഞു.
കെ.ജെ. തോമസിനെ അന്വേഷണത്തിനായി സംസ്ഥാന നേതൃത്വം നിയോഗിച്ചതോടെ തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് രൂപവത്കരിച്ച മൂന്നംഗ സമിതി ഇല്ലാതായി. പൂഞ്ഞാറിലെ തോല്‍വിക്ക് പുറമേ, സംസ്ഥാനത്തെമ്പാടും വീശിയ ഇടതു തരംഗം എന്തുകൊണ്ട് കോട്ടയം ജില്ലയില്‍  ഉണ്ടായില്ളെന്നത് കൂടി ബേബിജോണ്‍ അന്വേഷിക്കും. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. കുറ്റ്യാടി, കാസര്‍കോട്, മഞ്ചേശ്വരം, അഴീക്കോട് തുടങ്ങിയ മണ്ഡലങ്ങളിലെ തോല്‍വി ജില്ലാ അടിസ്ഥാനത്തിലും പരിശോധിക്കും.
‘ദേശാഭിമാനി’ എക്സിക്യൂട്ടിവ് എഡിറ്ററായ പി.എം. മനോജിനെ റസിഡന്‍റ് എഡിറ്ററായി നിയമിക്കാനുള്ള തീരുമാനത്തിനും സംസ്ഥാന സമിതി അംഗീകാരം നല്‍കി. ഇ.പി. ജയരാജന്‍ ജനറല്‍ മാനേജര്‍ പദവി ഒഴിഞ്ഞതിന് പകരമായി കെ.ജെ. തോമസിന് ചുമതല നല്‍കി.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ‘ദേശാഭിമാനി’യുടെ ചുമതലയും നല്‍കി. വി.എസ്. അച്യുതാനന്ദന്‍െറ പദവി സംബന്ധിച്ച തീരുമാനം ഒന്നും ഉണ്ടായില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.