ജിഷ വധം: പൊലീസ് ഇരുട്ടില്‍ തന്നെ

കൊച്ചി: ജിഷ കൊല്ലപ്പെട്ട് ഒന്നര മാസം പിന്നിട്ടിട്ടും ഘാതകനെക്കുറിച്ച് വ്യക്തതയില്ലാതെ പൊലീസ്. സംഭവം നടന്നതിന് പിന്നാലെ പൊലീസ് ഉണര്‍ന്നുപ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഘാതകനെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചേനെ. എന്നാല്‍, നാലു ദിവസത്തിനുശേഷം എ.ഡി.ജി.പി കെ. പത്മകുമാറിന്‍െറ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം എത്തിയശേഷമാണ് പൊലീസ് ചലിച്ചത്. അപ്പോഴേക്കും തെളിവുകളെല്ലാം നഷ്ടപ്പെട്ടിരുന്നു.
കേസില്‍ തുമ്പുണ്ടാക്കുക എളുപ്പമല്ളെന്നും വളരെ വിഷമം പിടിച്ച കേസാണിതെന്നുമാണ് മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാറും അന്വേഷണ സംഘവും പറഞ്ഞിരുന്നത്. ഡി.ജി.പിയായി ചുമതലയേറ്റ ലോക്നാഥ് ബെഹ്റ ജിഷയുടെ വീട് സന്ദര്‍ശിച്ചശേഷം പറഞ്ഞതും ഇതുതന്നെ. അന്വേഷണം മാജിക്കല്ളെന്നും ഘാതകനെ പിടികൂടുകതന്നെ ചെയ്യുമെന്നുമായിരുന്നു ബെഹ്റയുടെ പ്രതികരണം. കലാഭവന്‍ മണിയുടെ കേസുപോലെ ജിഷാ വധക്കേസും സി.ബി.ഐക്ക് വിട്ട് പൊലീസും സര്‍ക്കാറും തലവേദന ഒഴിവാക്കാനുള്ള സാധ്യതയും തള്ളാനാവില്ല.

ഇപ്പോള്‍ ലഭിച്ച സി.സി ടി.വി ദൃശ്യമടക്കം നേരത്തേ പരിശോധിച്ച് തള്ളിയതാണ്. പിന്നിട്ട വഴികളിലൂടെ പൊലീസ് വീണ്ടും നടക്കുകയാണിപ്പോള്‍. പ്രതീക്ഷക്ക് വകയുള്ള ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. മറ്റെല്ലാം ഊഹങ്ങളും സംശയങ്ങളും മാത്രം. പുതിയ രേഖാചിത്രം പുറത്തുവിട്ടത് ഒരുതരത്തില്‍ പൊല്ലാപ്പാവുകയും ചെയ്തു. രേഖാ ചിത്രവുമായി സാമ്യമുള്ള നിരവധി പേരെക്കുറിച്ചുള്ള അറിയിപ്പ് പൊലീസിന് ലഭിച്ചു.
സംശയം തോന്നിയവരെ ചോദ്യം ചെയ്തു. ഒടുവില്‍ കഞ്ഞിക്കുഴിയില്‍നിന്ന് പിടികൂടിയ യുവാവ് ഘാതകനല്ളെന്ന് പൊലീസ് പറയുമ്പോഴും ഡി.എന്‍.എ പരിശോധന കൂടി നടത്താമെന്ന തീരുമാനത്തില്‍ എത്തിച്ചേരുകയായിരുന്നു. ഒരു സാധ്യതയും നഷ്ടപ്പെടുത്തരുതെന്ന നിലപാടിലാണിത്. മുന്‍ സംഘം ചെയ്തപോലെ വ്യാപകമായി രക്തസാമ്പ്ള്‍ എടുത്ത് ഡി.എന്‍.എ പരിശോധനക്ക് അയക്കുന്ന രീതിയില്‍നിന്ന് ഇപ്പോഴത്തെ സംഘം അല്‍പം മാറിയിട്ടുണ്ട്.
ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ വീണ്ടും പരിശോധന നടത്തുകയാണിപ്പോള്‍. തൊഴിലാളികളെ ശനിയാഴ്ച ദേഹപരിശോധനക്കും വിധേയമാക്കി. ദേഹത്ത് മുറിവുകളോ മറ്റും ഉണ്ടോ എന്നറിയാനായിരുന്നു ഇത്. തൊഴിലാളി ക്യാമ്പുകളിലും ട്രാഫിക് സ്റ്റേഷനിലുമായിട്ടായിരുന്നു പരിശോധന.
ജിഷയുടെ അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യുകയാണ്. അമ്മയില്‍നിന്ന് ഒട്ടേറെ വിവരങ്ങള്‍ ലഭിക്കാനുണ്ടെന്ന് പൊലീസ് കരുതുന്നു. ജിഷ വാതില്‍ തുറക്കാതിരുന്നപ്പോള്‍ പിന്നിലെ വാതില്‍ക്കലേക്ക് പോകാതിരുന്നത് തന്നെ ആരെങ്കിലും ആക്രമിച്ചെങ്കിലോ എന്ന് ഭയന്നിട്ടായിരുന്നുവെന്നാണ് അമ്മ പറഞ്ഞത്.
പൊലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. തുടക്കം മുതല്‍ അമ്മയുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്ന ധാരണ കൂടുതല്‍ ബലപ്പെട്ടുവരുകയാണ്. ഇതും പൊലീസിന് ഇഴപിരിക്കേണ്ടതുണ്ട്. സഹോദരിയില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസിന്‍െറ പ്രതീക്ഷ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.