ഋഷിരാജ് സിങ് ഇറങ്ങി; വിദേശമദ്യം വിറ്റ ബിയര്‍ പാര്‍ലര്‍ പൂട്ടിച്ചു


തിരുവനന്തപുരം: വിദേശമദ്യവില്‍പന കണ്ടത്തെിയതിനെതുടര്‍ന്ന് ബിയര്‍-വൈന്‍ പാര്‍ലറും പഴക്കമുള്ള കള്ള് വിതരണം ചെയ്തതിന് കള്ളുഷാപ്പും എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ് പൂട്ടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തു. വിദേശമദ്യവില്‍പന കണ്ടത്തെിയതിനെതുടര്‍ന്ന് തിരുവല്ലം പാച്ചല്ലൂരിലെ അര്‍ച്ചന റോയല്‍ പാര്‍ക്കാണ് അടച്ചുപൂട്ടിയത്.
ഞായറാഴ്ച ഉച്ചയോടെ രഹസ്യവിവരത്തെതുടര്‍ന്ന് ഋഷിരാജ് സിങ്, എന്‍ഫോഴ്സ്മെന്‍റ് അഡീഷനല്‍ കമീഷണര്‍ എ. വിജയന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഋഷിരാജ് സിങ് പരിശോധനക്കത്തെുമ്പോള്‍ വിദേശമദ്യവില്‍പന മുകളിലത്തെ നിലയില്‍ തകൃതിയായി നടക്കുകയായിരുന്നു. റെയ്ഡ് വിവരം ചോരാതിരിക്കാന്‍ ഉദ്യോഗസ്ഥരെ അറിയിക്കാതെയായിരുന്നു പരിശോധന. മദ്യവില്‍പന സ്ഥിരീകരിച്ചതോടെ എക്സൈസ് സി.ഐ. സി. അനികുമാര്‍, ഇന്‍സ്പെക്ടര്‍ ഇ. ഷാജു എന്നിവരുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘത്തെ വിളിച്ചുവരുത്തി പാര്‍ലര്‍ പൂട്ടാനുള്ള നടപടി സ്വീകരിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കുകയായിരുന്നു. ബിയര്‍ പാര്‍ലര്‍ മാനേജര്‍ വാളകം അമ്പലക്കര വാഴവിള വീട്ടില്‍ ഷാജി ജേക്കബ്, ജീവനക്കാരന്‍ ചെങ്കല്‍ നാച്ചിയോട് അനൂപ് ഭവനില്‍ സെലിന്‍ എന്നിവരെ അറസ്റ്റു ചെയ്തു. ഉടമ രാജേന്ദ്രനെതിരെ കേസെടുത്തു.
തുടര്‍ന്നാണ് അദ്ദേഹം കാട്ടാക്കട റെയ്ഞ്ചിലെ കള്ളുഷാപ്പില്‍ എത്തിയത്. ഇവിടെ നിന്ന് 48 മണിക്കൂറിലധികം പഴക്കമുള്ള 30 ലിറ്റര്‍ കള്ളാണ് പിടികൂടിയത്. തുടര്‍ന്ന് കള്ളുഷാപ്പ് അടച്ചുപൂട്ടി. ലൈസന്‍സും റദ്ദുചെയ്തു. സംഭവവുമായി ബന്ധപ്പെട്ട്  വില്‍പനക്കാരന്‍ പ്രഭാകരന്‍ നായര്‍, ലൈസന്‍സി സതീഷ്കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. വരുംദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം പരിശോധന വ്യാപിപ്പിക്കുമെന്ന് ഋഷിരാജ് സിങ് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.