പാരഡി രചനകള്‍

നിങ്ങള്‍ക്ക് സാധ്യമാവുമെങ്കില്‍ ഖുര്‍ആനിലേതുപോലെ  ഒരു അധ്യായമെങ്കിലും കൊണ്ടുവരൂ എന്ന് ഖുര്‍ആനിന്‍െറ വെല്ലുവിളിക്ക് ഒരു പ്രതികരണവും ഉണ്ടായില്ല എന്ന് പറഞ്ഞുകൂടാ. ചിലരൊക്കെ ശ്രമിച്ചിട്ടുണ്ട്, ചിലര്‍ ശ്രമം ഇന്നും തുടരുന്നുമുണ്ട്. മിക്കതും ഖുര്‍ആനിന്‍െറ അതേ ശൈലിയിലും താളത്തിലും നിര്‍മിച്ചെടുത്ത, ഖുര്‍ആനിലെ ചില പദങ്ങള്‍ മാത്രം വെട്ടിമാറ്റി പകരം സ്വന്തം ചില വാക്കുകള്‍ ചേര്‍ത്തുവെച്ച രചനകള്‍ ആയിരുന്നു. പാരഡി രചനക്കാണ് ഖുര്‍ആന്‍ വെല്ലുവിളിച്ചത് എന്ന രൂപത്തിലാണ് ഇവരുടെയൊക്കെ പ്രതികരണം. ഇത്തരത്തില്‍ പരിഹാസ്യമായ പാരഡികള്‍ രചിച്ച് ഖുര്‍ആനിലെ അധ്യായമാണ് എന്ന രൂപത്തില്‍ ഇന്‍റര്‍നെറ്റിലൂടെ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളും ഈ അടുത്ത് ചിലര്‍ നടത്തുകയുണ്ടായി.

ദൈവിക വചനങ്ങളുടെ മുന്നില്‍ മനുഷ്യരചനയുടെ മുനയൊടിഞ്ഞുപോകുന്നത് എത്രത്തോളും ദയനീയമായിരിക്കുമെന്ന് മനസ്സിലാക്കാന്‍ ഈ പാരഡി രചനകളിലൂടെ ഒന്ന് കണ്ണോടിച്ച് നോക്കിയാല്‍ മതി. അന്ത്യനാളിന്‍െറ ഭീകരാവസ്ഥയെ ആരിലും നടുക്കമുളവാക്കുന്ന ശക്തമായ ഭാഷയില്‍ മനോഹരമായി ചിത്രീകരിച്ച ഖുര്‍ആനിലെ ചെറിയ അധ്യായങ്ങളില്‍പെട്ട ഒന്നാണ് ഘോരസംഭവം (അല്‍ ഖാരിഅ) എന്ന പേരിലുള്ള അധ്യായം. ‘ആ ഘോര സംഭവം!, എന്താണാ ഘോരസംഭവം?! ആ ഘോര സംഭവത്തെക്കുറിച്ച് നിനക്ക് എന്തറിയാം? ജനങ്ങള്‍ ചിതറിയ പാറ്റകള്‍പോലെയും പര്‍വതങ്ങള്‍ ബഹുവര്‍ണത്തിലുള്ള കടഞ്ഞ കമ്പിളിപോലെയും ആയിത്തീരുന്ന നാളെത്രേ അത്’ (വി.ഖു.101:1-5). മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുമ്പോള്‍ ഖുര്‍ആനിക ഭാഷയുടെ ശക്തിയും ചൈതന്യവും ചോര്‍ന്നുപോകുന്നുണ്ടെങ്കിലും താരതമ്യത്തിന് ഈ പരിഭാഷതന്നെ ധാരാളം മതിയാകുന്നതാണ്.

ഖുര്‍ആനിന്‍െറ വെല്ലുവിളി സ്വീകരിച്ചുകൊണ്ട് ഒരു വിദ്വാന്‍ സമര്‍പ്പിച്ച അറബിവചനങ്ങളുടെ ഏകദേശ പരിഭാഷ ഇങ്ങനെയാണ്. ‘ആന! എന്താണ് ആന? ആനയെക്കുറിച്ച് നിനക്ക് എന്തറിയാം? അതിന് നീണ്ട തുമ്പിക്കൈയുണ്ട്. ഒരു ചെറിയ വാലുമുണ്ട്...’ ഇങ്ങനെ പോകുന്നു ടിയാന്‍െറ രചനാ വൈഭവം! മുസൈലിമ എന്ന കള്ളപ്രവാചകനും ഈ രംഗത്ത് ഒരു കൈ നോക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹമെഴുതിയത് പക്ഷേ തവളയെക്കുറിച്ചായിരുന്നു. ‘ഓ തവളക്കുഞ്ഞേ! നീ പേക്രോം പേക്രോം എന്ന് ഒച്ചയുണ്ടാക്കിക്കോ. പക്ഷേ, വെള്ളം കുടിക്കാന്‍ വരുന്നവരെ ഉപദ്രവിക്കരുത്, വെള്ളം കലക്കുകയും ചെയ്യരുത്’. (വിശദീകരണത്തിന് താരീഖുല്‍ അദബില്‍ അറബി-അറബി സാഹിത്യ ചരിത്രം പരിശോധിക്കുക). ഇത്തരത്തിലുള്ള പരിഹാസ്യമായ പാരഡികള്‍ രംഗത്തുവന്നതോടെ ഖുര്‍ആനിന്‍െറ പൊലിമയും ദിവ്യത്വവും ഒന്നുകൂടി തിളക്കമേറി എന്നതല്ലാതെ ഒന്നും സംഭവിച്ചില്ല.

പൗരാണിക അറബിക്കവികളില്‍ പ്രഥമഗണനീയനാണ് ലബീദ് ബ്നു റബീഅ. അദ്ദേഹമെഴുതിയ ഒരു കവിതയുടെ ഉജ്ജ്വലത കാരണം മറ്റു കവികള്‍ ഉക്കാള് ചന്തയില്‍ വെച്ച് അദ്ദേഹത്തിന്‍െറ മുന്നില്‍ സാഷ്ടാംഗം നമിച്ചിട്ടുണ്ട്. നബിതിരുമേനിയുടെ കാലത്ത് ഒരിക്കലദ്ദേഹം ഖുര്‍ആനിനെതിരെ ഒരു കവിതയെഴുതി കഅ്ബയുടെ ചുമരില്‍ കെട്ടിത്തൂക്കിയിട്ടു. ശ്രേഷ്ഠകവികളുടെ രചനകള്‍ മാത്രമേ കഅ്ബയില്‍ കെട്ടിത്തൂക്കാറുണ്ടായിരുന്നുള്ളൂ. ഉടന്‍തന്നെ നബിയുടെ ഒരു അനുയായി ഖുര്‍ആനിലെ ഒരു അധ്യായമെഴുതി അതിനടുത്ത് കെട്ടിത്തൂക്കി. പിന്നീട് കഅ്ബയില്‍ വന്ന ലബീദ് ഈ ദിവ്യവചനങ്ങള്‍ വായിച്ചുതുടങ്ങി. വായിക്കുന്തോറും അദ്ദേഹം കൂടുതല്‍ വിസ്മയഭരിതനായി. വായിച്ചുതീരുമ്പോഴേക്ക് അദ്ദേഹം പ്രഖ്യാപിച്ചു. ‘തീര്‍ച്ചയായും ഇത് മനുഷ്യ വചനമല്ല, ഞാനിതില്‍ വിശ്വസിച്ചിരിക്കുന്നു’. അങ്ങനെ ഖുര്‍ആനെ വെല്ലുവിളിച്ച് രചന നടത്തിയ അദ്ദേഹം ഖുര്‍ആനിന്‍െറ ഉറച്ച അനുയായിയായി മാറി.

പിന്നീട് ഒരു നൂറ്റാണ്ടിന് ശേഷം വന്ന ഇബ്നുല്‍ മുഖഫ്ഫഅ് എന്ന പ്രഗല്ഭനാണ് ഈ രംഗത്ത് ശ്രമം നടത്തിയ മറ്റൊരു കവി. അതുല്യ പണ്ഡിതന്‍, അനിതര സാധാരണമായ ബുദ്ധിമാന്‍, ശ്രേഷ്ഠ കവി എന്നൊക്കെയായിരുന്നു അദ്ദേഹത്തിന്‍െറ വിശേഷങ്ങള്‍. ഇസ്ലാമിന്‍െറ ശത്രുക്കളില്‍ ചിലര്‍ അദ്ദേഹത്തെ ചെന്നുകണ്ട് ഖുര്‍ആനിനെതിരെ ഒരു ഗ്രന്ഥം രചിക്കാന്‍ ആവശ്യപ്പെട്ടു. ഇസ്ലാമിനെ തകര്‍ക്കാന്‍ ഇതല്ലാതെ മറ്റു മാര്‍ഗമില്ല എന്ന് അവര്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തി. അവസാനം ഇബ്നുല്‍ മുഖഫ്ഫഅ് സമ്മതിച്ചു. ഒരു വര്‍ഷത്തെ സമയം ആവശ്യപ്പെടുകയും ഏകാഗ്രചിത്തനായി ഇരിക്കാന്‍ വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിത്തരണമെന്ന് നിഷ്കര്‍ഷിക്കുകയും ചെയ്തു.

ആറുമാസങ്ങള്‍ക്കുശേഷം രചനാ പുരോഗതി വിലയിരുത്താന്‍ അവര്‍ അദ്ദേഹം താമസിക്കുന്ന സ്ഥലത്തത്തെി. തുണ്ടം തുണ്ടമായി കീറി വലിച്ചെറിഞ്ഞ കടലാസുകഷണങ്ങള്‍ക്ക് നടുവില്‍ വിഷണ്ണനായി ഇരിക്കുന്ന കവിയെയാണ് അവര്‍ കണ്ടത്. പരാജയം തുറന്നു സമ്മതിച്ചുകൊണ്ട് അദ്ദേഹം അവരോട് പറഞ്ഞു. ‘ആറു മാസമായി ഒരു പാരഗ്രാഫ് എഴുതാനുള്ള ശ്രമത്തിലാണ് ഞാന്‍. അതിന്‍െറ തെളിവുകളാണ് എനിക്ക് ചുറ്റും ചിതറിക്കിടക്കുന്ന ഈ കടലാസുകഷണങ്ങള്‍. ഇന്നെനിക്ക് ഒരു കാര്യം പൂര്‍ണമായും മനസ്സിലായി. ഇത് മനുഷ്യസാധ്യമായ ഒരു പണിയല്ല. അതിനാല്‍ ഞാന്‍ എന്‍െറ പൂര്‍ണപരാജയം ഇവിടയിതാ സമ്മതിക്കുന്നു’.

സമ്പാദനം: ഫൈസല്‍ മഞ്ചേരി

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.