അശ്വതിക്കുട്ടിക്ക് ഐക്യദാര്‍ഢ്യത്തിന്‍െറ നോമ്പുകാലം

ശാസ്താംകോട്ട: അടുത്തിരിക്കുന്ന കൂട്ടുകാരികള്‍ നോമ്പെടുക്കുമ്പോള്‍ അതിനോട് ഐക്യപ്പെട്ട് വ്രതമനുഷ്ഠിക്കുകയാണ് പോരുവഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആറാം ക്ളാസ് വിദ്യാര്‍ഥിനി അശ്വതി അജയകുമാര്‍. കൂട്ടുകാരികളിലേറെയും വ്രതത്തിന്‍െറ ഭാഗമായി വിശന്നിരിക്കുമ്പോള്‍ താന്‍ അമ്മയുണ്ടാക്കിത്തരുന്ന ഭക്ഷണം ക്ളാസില്‍ കൊണ്ടുവന്ന് കഴിക്കുന്നത് ശരിയല്ളെന്ന ചിന്തയാണ് ഈ 11കാരിയെ നോമ്പിലേക്ക് നയിച്ചത്.

പോരുവഴി അമ്പലത്തുംഭാഗം അജിതാഭവനില്‍ ഈ കൊച്ചുമിടുക്കി ഐക്യദാര്‍ഢ്യത്തിന്‍െറയും സമഭാവനയുടെയും നോമ്പുകാലത്തിലൂടെ കടന്നുപോകുമ്പോള്‍ എല്ലാ പിന്തുണയും നല്‍കി മുത്തച്ഛന്‍ രാമചന്ദ്രന്‍ പിള്ളയുമുണ്ട്. അടൂരിലെ ടെക്സ്റ്റൈല്‍ ഷോറൂമില്‍ ഫ്ളോര്‍ മാനേജരായ അമ്മ അമ്പിളി പുലര്‍ച്ചെയും സന്ധ്യക്കും അശ്വതിക്ക് ആവശ്യമുള്ള ഭക്ഷണം ഒരുക്കിനല്‍കുന്നു.

മകള്‍ പകല്‍ ഭക്ഷണം കഴിക്കുന്നില്ളെന്നത് അമ്മമനസ്സിനെ ആകുലപ്പെടുത്തുന്നെങ്കിലും അശ്വതിയുടെ മനസ്സിന്‍െറ വലുപ്പത്തില്‍ അഭിമാനം കൊള്ളുകയാണിവര്‍. ഇതിനകം എട്ട് ദിവസം അശ്വതി വ്രതമെടുത്തുകഴിഞ്ഞു. ഇനിയുള്ള മുഴുവന്‍ നോമ്പുകളുമെടുക്കണമെന്ന ആഗ്രഹമാണ് അധ്യാപകരുടെ ഓമനയായ അശ്വതിക്കുട്ടി പങ്കുവെക്കുന്നത്. വീട്ടിനടുത്തുള്ള പ്രസിദ്ധമായ മലനടക്ഷേത്രത്തില്‍ അതിരാവിലെ ഉണര്‍ത്തുപാട്ടുവെക്കുന്ന നേരത്തുതന്നെയാണ് ഏകദേശം വ്രതം ആരംഭിക്കുന്നതും. സന്ധ്യക്ക് നോമ്പ് തുറക്കുന്ന നേരം കൂട്ടുകാരികളായ അന്‍സിലയും മുഹ്സിനയും ഫോണില്‍ വിളിച്ചറിയിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.