ചരിത്ര കഥനം ഖുര്‍ആനില്‍

മനുഷ്യന്‍ കാലത്തിന്‍െറ തടവറയിലാണ്. അല്ലാഹുവാകട്ടെ കാലാതീതനും. വര്‍ത്തമാനകാലത്തിനപ്പുറം മനുഷ്യന്‍െറ അറിവുകള്‍ പരിമിതമാണ്. തനിക്ക് മുമ്പുള്ള ഭൂതകാല ചരിത്രം ആരെങ്കിലും പറഞ്ഞിട്ടോ വായിച്ചിട്ടോ അല്ലാതെ അവനറിയില്ല. ഭാവിയെക്കുറിച്ചാണെങ്കില്‍ അവന്‍ തീര്‍ത്തും നിസ്സഹായനാണ്. എന്നാല്‍, അല്ലാഹുവിന്‍െറ വചനങ്ങളായ ഖുര്‍ആനില്‍ ത്രികാലങ്ങളും ഒന്നിച്ച് സമ്മേളിക്കുന്നതായി നമുക്ക് കാണാം. അറബികള്‍ക്ക് തികച്ചും അജ്ഞാതമായിരുന്ന ഒട്ടേറെ ചരിത്രസംഭവങ്ങള്‍ ഭൂതകാലത്തിന്‍െറ തിരശ്ശീല നീക്കി ഖുര്‍ആന്‍ പുറത്തുകൊണ്ടുവന്നപ്പോള്‍, തീര്‍ച്ചയായും ഇത് നിരക്ഷരനായ മുഹമ്മദ് നബിയുടെ വകയല്ല എന്ന് മനസ്സിലാക്കി ഒട്ടേറെ പേര്‍ ഇസ്ലാം സ്വീകരിച്ചു. ഉദാഹരണത്തിന് ഹൂദ് അധ്യായത്തിലെ 25 മുതല്‍ 48 വരെയുള്ള ആയത്തുകള്‍ ശ്രദ്ധിക്കുക.

നൂഹ് നബിയുടെ നീണ്ട 950 വര്‍ഷത്തെ പ്രബോധന പ്രവര്‍ത്തനങ്ങളും അതിന്‍െറ പ്രതിധ്വനികളും ചുരുക്കി വിവരിക്കുകയാണതില്‍. ആ ചരിത്രകഥനത്തിന് ശേഷം അല്ലാഹു മുഹമ്മദ് നബിയോട് പറഞ്ഞു: ‘ഇത് അദൃശ്യ വൃത്താന്തങ്ങളില്‍ പെട്ടതാണ്. ദിവ്യബോധനം മുഖേന നാം ഇത് നിന്നെ അറിയിക്കുകയാണ്. ഇതിനുമുമ്പ് നീയോ നിന്‍െറ ജനതയോ ആരും തന്നെ ഇതിനെക്കുറിച്ച് അറിവുള്ളവരായിരുന്നില്ല’ (വി.ഖു. 11:49). അറബികള്‍ക്കറിവുള്ള ഒരു ചരിത്രം ഖുര്‍ആന്‍ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തിരുന്നതെങ്കില്‍ ഖുര്‍ആന്‍ പച്ചക്കള്ളമാണ് പറയുന്നത് എന്ന് അവര്‍ വിളിച്ചുകൂവുമായിരുന്നു. യൂസുഫ് എന്ന അധ്യായത്തില്‍ യൂസുഫ് നബിയുടെ ജീവചരിത്രമാണ് മനോഹരമായ ശൈലിയില്‍ വിവരിച്ചിരിക്കുന്നത്. ജൂതന്മാരുടെ ഉപദേശമനുസരിച്ച് ഖുറൈശികള്‍ നബിയെ മുട്ടുകുത്തിക്കാന്‍ വേണ്ടി ഒരു ചോദ്യം ചോദിച്ചു. ഇസ്രായേല്യര്‍ ഈജിപ്തിലത്തെിയതെങ്ങനെ? ഇതായിരുന്നു ആ ചോദ്യം. സ്വാഭാവികമായും ഈ അജ്ഞാത ചരിത്രരഹസ്യത്തിന് മുന്നില്‍ നബി പരാജയം സമ്മതിക്കുമെന്നാണ് അവര്‍ ധരിച്ചത്.

എന്നാല്‍, അല്ലാഹു യൂസുഫ് നബിയുടെ ചരിത്രകഥനത്തിലൂടെ ആ സംഭവങ്ങളുടെ നിജസ്ഥിതി വ്യക്തമാക്കി. 1 മുതല്‍ 101 വരെയുള്ള ആയത്തുകളിലൂടെ യുസുഫ് നബിയുടെ ചരിത്രം പഠിപ്പിച്ചതിനുശേഷം അല്ലാഹു മുഹമ്മദ് നബിയോട് പറഞ്ഞു: ‘അദൃശ്യ വൃത്താന്തങ്ങളില്‍പെട്ടതാണിത്. നാം നിനക്കിത് ദിവ്യബോധനം വഴി പറഞ്ഞുതരുകയാണ്. യൂസുഫിനെതിരെ തന്‍െറ സഹോദരന്മാര്‍ ഗൂഢാലോചന നടത്തി ഏകകണ്ഠമായ ഒരു തീരുമാനമെടുത്തപ്പോള്‍ നീ അവരുടെ സമീപത്തൊന്നുമുണ്ടായിരുന്നില്ലല്ളോ’ (വി.ഖു.12:102). ഇതുപോലെ ഹൂദ്, സ്വാലിഹ്, ദാവൂദ്, സുലൈമാന്‍, ഇബ്രാഹീം, മൂസ, ഈസ തുടങ്ങിയ പ്രവാചകന്മാരുടെയും അവരുടെ സമൂഹങ്ങളുടെയും ചരിത്രം ഖുര്‍ആന്‍ ചിത്രീകരിക്കുന്നുണ്ട്. ഖസ്വസ് അധ്യായത്തില്‍ മൂസാനബിയുടെ കഥ വിവരിച്ചതിന് ശേഷം അല്ലാഹു പറഞ്ഞു: ‘മൂസാക്ക് നാം ശരീഅത്ത് നല്‍കിയപ്പോള്‍ നീ ആ പടിഞ്ഞാറുഭാഗത്ത് ഉണ്ടായിരുന്നില്ലല്ളോ? മൂസയോടൊപ്പം സന്നിഹിതരായവരിലും നീ ഉള്‍പ്പെട്ടിരുന്നില്ല. അതിനുശേഷം ഈ കാലം വരെ നാം ധാരാളം തലമുറകളെ വളര്‍ത്തിയെടുത്തിട്ടുണ്ട്.

ഒരു നീണ്ട കാലം അങ്ങനെ അവരില്‍ കഴിഞ്ഞുപോയിട്ടുണ്ട്. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ഓതിക്കേള്‍പ്പിച്ചുകൊണ്ട് നീ മദ്യന്‍കാര്‍ക്കിടയില്‍ ഉണ്ടായിരുന്നില്ലല്ളോ. എന്നാല്‍, അന്നത്തെ വാര്‍ത്തകള്‍ നാമാണ് നിനക്ക് അറിയിച്ചുതരുന്നത്. മൂസയെ ആദ്യമായി ത്വൂര്‍ താഴ്വരയിലേക്ക് വിളിച്ചപ്പോഴും നീ അവിടെ ഉണ്ടായിരുന്നില്ല. നിന്‍െറ നാഥന്‍െറ മഹത്തായ അനുഗ്രഹം ഒന്നുകൊണ്ടുമാത്രമാണ് അവന്‍ നിനക്കീ വിവരങ്ങള്‍ നല്‍കുന്നത്. നിനക്ക് മുമ്പ് മുന്നറിയിപ്പ് നല്‍കുന്നവരാരും വന്നിട്ടില്ലാത്ത ഒരു സമൂഹത്തെ താക്കീത് ചെയ്യാന്‍ വേണ്ടി. അങ്ങനെ അവര്‍ ചിന്തിച്ചേക്കാം’ (വി.ഖു 28:44-46). ഇങ്ങനെ ഖുര്‍ആന്‍ കൃത്യമായ ഒരു ചരിത്രബോധം പകര്‍ന്നുനല്‍കുന്നുണ്ട്. ഭൂതകാലത്തിന്‍െറ തിരശ്ശീല നീക്കി സമൂഹത്തിലുണ്ടായിരുന്ന പല അബദ്ധധാരണകളും ഖുര്‍ആന്‍ തിരുത്തിയിട്ടുണ്ട്. മനുഷ്യന്‍ വേദഗ്രന്ഥങ്ങളില്‍ കടത്തിക്കൂട്ടിയ പല കഥകളും ചരിത്രപരമായി പരമാബദ്ധങ്ങളായിരുന്നുവെന്ന് തെളിയിച്ചിട്ടുമുണ്ട്.

സമ്പാദനം: ഫൈസല്‍ മഞ്ചേരി

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.