തിരുവനന്തപുരം: സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മുഴുവന്‍ സ്ഥാപനങ്ങളിലെയും നിയമനം പി.എസ്.സി വഴിയാക്കാന്‍ നിര്‍ദേശം. നിയമനം പി.എസ്.സിക്ക് വിടാത്ത സ്ഥാപനങ്ങളെ കമീഷന്‍െറ പരിധിയില്‍ കൊണ്ടുവരണമെന്ന് നിര്‍ദേശിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്കാര സെക്രട്ടറി വകുപ്പ്സെക്രട്ടറിമാര്‍ക്ക് കത്തയച്ചു. സര്‍ക്കാറിന് കീഴിലുള്ള നിരവധി സ്ഥാപനങ്ങളില്‍ നിയമനം ഇപ്പോഴും പി.എസ്.സി വഴിയല്ല. അതിനാല്‍ ഇവിടങ്ങളില്‍ മതിയായ മെറിറ്റോ സംവരണമടക്കമുള്ള മാനദണ്ഡങ്ങളോ പാലിക്കപ്പെടുന്നുമില്ല. 13ാം നിയമസഭയുടെ 11ാം സമ്മേളനത്തില്‍ മുഖ്യമന്ത്രി ഇത്തരത്തിലൊരുറപ്പ് സഭക്ക് നല്‍കിയിരുന്നു.
ഇതാണ് ഇപ്പോള്‍ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് പുറത്തിറക്കിയത്. എല്ലാ വകുപ്പുകളും തങ്ങളുടെ കീഴിലെ സര്‍ക്കാര്‍നിയന്ത്രിത സ്ഥാപനങ്ങളില്‍ നിയമനം പി.എസ്.സി വഴിയാണോയെന്ന് പരിശോധിക്കുകയും അല്ലാത്തവയില്‍ ആവശ്യമായ നടപടിയെടുക്കുകയും വേണം. ഒരു മാസത്തിനകം ഇതിന്‍െറ വിവരം ലഭ്യമാക്കണം.
പി.എസ്.സി നിയമനം നടത്തുന്നവയില്‍ എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ളെന്ന വിവരം നല്‍കണമെന്നും നിര്‍ദേശമുണ്ട്. സര്‍ക്കാര്‍, നിയമവും സ്പെഷല്‍ റൂളും ഉണ്ടാക്കിയാലേ നിയമനം പി.എസ്.സിക്ക് വിടാനാകൂ. പി.എസ്.സിക്ക് വിട്ട പല സ്ഥാപനങ്ങളില്‍ത്തന്നെ വകുപ്പുകള്‍ സ്പെഷല്‍ റൂള്‍സ് തയാറാക്കിയിട്ടുമില്ല. പി.എസ്.സിക്ക് വിടുമെന്ന് പ്രഖ്യാപിച്ചവയിലാവട്ടെ നിയമനിര്‍മാണം നടത്താത്തവയുമുണ്ട്. അടുത്തിടെ സര്‍വകലാശാലകളിലെ അനധ്യാപക നിയമനം പി.എസ്.സിക്ക് വിട്ട് നിയമം കൊണ്ടുവന്നിരുന്നു. ദേവസ്വം ബോര്‍ഡുകളിലും പി.എസ്.സിക്ക് വിടുമെന്ന് മന്ത്രിയുടെ പ്രഖ്യാപനം വന്നിട്ടുമുണ്ട്. സര്‍ക്കാറിന്‍െറ പണംകൊണ്ട് പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് സ്ഥാപനങ്ങളാണ് വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ളത്. ഇവയില്‍ പലതിലും ജീവനക്കാരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുകയും പിന്നീട് സ്ഥിരപ്പെടുത്തുകയുമാണ് പതിവ്.
മാറി മാറി വരുന്ന സര്‍ക്കാറുകള്‍ക്ക് താല്‍പര്യമുള്ളവരാണ് ഇങ്ങനെ കയറിക്കൂടുന്നത്. ഇവിടങ്ങളില്‍ എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് വഴി നിയമിക്കുന്ന രീതിയുമില്ല.സംവരണവിഭാഗങ്ങള്‍ പലപ്പോഴും പുറന്തള്ളപ്പെടുന്നു. പട്ടികവിഭാഗങ്ങള്‍ക്കും കാര്യമായ പ്രാതിനിധ്യം കിട്ടാറുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.