അഞ്ജുവിനെ പുകച്ച് പുറത്തുചാടിച്ചു -തിരുവഞ്ചൂര്‍

കൊച്ചി: സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷസ്ഥാനത്തുനിന്ന് അഞ്ജു ബോബി ജോര്‍ജിനെ സര്‍ക്കാര്‍ പുകച്ച് പുറത്തുചാടിക്കുകയായിരുന്നെന്ന് മുന്‍ കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കുറെനാളായി സര്‍ക്കാര്‍ ഇതിന് പശ്ചാത്തലം ഒരുക്കുകയായിരുന്നു. രാജ്യാന്തര പ്രശസ്തയായ ഒരു കായികതാരത്തെ വേദനിപ്പിച്ച് ഇറക്കി വിട്ടത് ദു:ഖകരവും അപമാനകരവുമാണ്. സ്പോര്‍ട്സ് കൗണ്‍സില്‍ പിടിച്ചെടുക്കണമെന്ന അമിത താല്‍പര്യമാണ് ഇതിനുപിന്നില്‍. എന്നാല്‍, ഇതിന്‍െറ നഷ്ടം കേരളത്തിനാണ്. സര്‍ക്കാറിന്‍െറ  ഇത്തരം പ്രവൃത്തി കേരളം പൊറുക്കില്ളെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ജുവിന്‍െറ ഇ-മെയില്‍ ചോര്‍ത്താന്‍ അവര്‍ എന്തെങ്കിലും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നോ എന്ന് തിരുവഞ്ചൂര്‍ ചോദിച്ചു. കായികകേരളത്തിന് ഒരിക്കലും അംഗീകരിക്കാനാകാത്ത നടപടിയാണ് സര്‍ക്കാര്‍ ചെയ്തത്. കായികരംഗത്ത് അടിസ്ഥാനസൗകര്യ വികസനത്തിനും താരങ്ങള്‍ക്ക് മികച്ച പരിഗണന നല്‍കുന്നതിലും യു.ഡി.എഫ് സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധപതിപ്പിച്ചിരുന്നു. സ്വാര്‍ഥലാഭത്തിന് അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉയര്‍ത്തുന്നത് കായികമേഖലയെ നശിപ്പിക്കും. അഞ്ജുവിന് വിമാനടിക്കറ് അനുവദിച്ചതില്‍ പ്രതിഷേധമുണ്ടെങ്കില്‍ അന്ന് പറയണമായിരുന്നു. രാജ്യാന്തര പ്രശസ്തയായ അഞ്ജുവിനെപോലെ ഒരു താരത്തോട് തീവണ്ടിയില്‍ വന്നുപോകാന്‍ പറയാന്‍ കഴിയുമായിരുന്നില്ല.

കേരളത്തില്‍ സൗകര്യവും പ്രോത്സാഹനവും ലഭ്യമാകാതിരുന്നതിനാലാണ് അഞ്ജുവടക്കം ചില കായികതാരങ്ങള്‍ക്ക് മറ്റു സംസ്ഥാനങ്ങളില്‍ അക്കാദമി തുടങ്ങേണ്ടിവന്നത്. അജിത് മാര്‍ക്കോസ് അയോഗ്യനാണെങ്കില്‍ സര്‍ക്കാര്‍ അദ്ദേഹത്തെ പിരിച്ചുവിടാത്തതെന്തെന്നും തിരുവഞ്ചൂര്‍ ചോദിച്ചു. കായികതാരങ്ങളുടെ ആവശ്യപ്രകാരമാണ് എത്തിക്സ് കമ്മിറ്റി രൂപവത്കരിച്ചത്. അഞ്ജു ചൂണ്ടിക്കാട്ടിയ അഴിമതികളെക്കുറിച്ച് അന്വേഷിക്കണം. സ്പോര്‍ട്സ് ലോട്ടറിക്ക് സമ്മാനം കൊടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ആ സമ്മാനം ആരും കണ്ടിട്ടില്ളെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.