പത്തനംതിട്ട: സംസ്ഥാനത്ത് തോട്ടം മേഖലയില്‍ പഴയ ബ്രിട്ടീഷ് കമ്പനികളുടെ പിന്തുടര്‍ച്ചക്കാരെന്ന് അവകാശപ്പെട്ട് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ കമ്പനികളുടെയും ആധാരങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച എറണാകുളം കലക്ടര്‍ എം.ജി. രാജമാണിക്യം പ്രാഥമിക റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചു. സമഗ്ര ഭൂപരിഷ്കരണ നിയമം നിര്‍മിക്കണമെന്നതാണ് പ്രധാന ശിപാര്‍ശ. അതിനായി സര്‍ക്കാര്‍ ഭൂനയം ആവിഷ്കരിക്കണം. ഭൂരഹിത പാവങ്ങള്‍ക്ക് ഭൂമി നല്‍കുകയെന്ന ഭരണഘടനാ ബാധ്യത നിറവേറ്റാന്‍ ഉതകുന്ന പുതിയ നിയമവും നയവുമാണ് ആവിഷ്കരിക്കേണ്ടതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
200ഓളം വരുന്ന വന്‍കിടക്കാരുടെ കൈകളിലായി സര്‍ക്കാറിന് അവകാശപ്പെട്ട അഞ്ചു ലക്ഷം ഏക്കറിലേറെ ഭൂമിയുണ്ട്. അത് ഏറ്റെടുക്കുന്നതിനാണ് തന്നെ നിയോഗിച്ചതെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. വര്‍ഷങ്ങള്‍ നീളുന്ന നിയമക്കുരുക്കുകളില്‍പെട്ട് ഏറ്റെടുക്കല്‍ നടപടി മുടങ്ങും. അതിനാല്‍ നിയമ നിര്‍മാണം വഴി ഇത്തരം മുഴുവന്‍ ഭൂമിയും ഏറ്റെടുക്കണം. അതോടെ സംസ്ഥാനത്ത് വികസനത്തിന് ഭൂമിയില്ളെന്ന അവസ്ഥക്ക് പരിഹാരമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എ.ഐ.ഐ.എം.എസ്, ഐ.ഐ.ടി, മെഡിക്കല്‍ കോളജുകള്‍ തുടങ്ങിയവ എല്ലാം യാഥാര്‍ഥ്യമാക്കാന്‍ ഭൂമിക്ക് ക്ഷാമം ഉണ്ടാവില്ല. അത്തരം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി കരുതിവെക്കണം. ബാക്കി വരുന്ന പ്ളാന്‍േറഷന്‍ മേഖലയുടെ നടത്തിപ്പ് ലേലം ചെയ്ത് പാട്ടത്തിന് നല്‍കണം. അതില്‍ തൊഴിലാളി പ്രാതിനിധ്യം ഉണ്ടാകണം. 30 വര്‍ഷത്തില്‍ കൂടുതല്‍ ഭൂമി ഒരാള്‍ക്ക് പാട്ടത്തിന് നല്‍കരുത്. സര്‍ക്കാറിന്‍െറ കര്‍ശന വ്യവസ്ഥകളോടെയാകണം പാട്ടത്തിന് നല്‍കേണ്ടത്. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ഏതുസമയത്തും സര്‍ക്കാറിന് ഭൂമി ഏറ്റെടുക്കാന്‍ കഴിയുന്ന വ്യവസ്ഥ ഉണ്ടാകണം. തോട്ടം നടത്തിപ്പിന് നല്‍കുന്ന ഭൂമിക്ക് പരിധി നിശ്ചയിക്കണം തുടങ്ങിയ ശിപാര്‍ശകളും റിപ്പോര്‍ട്ടിലുണ്ട്.
യഥാര്‍ഥ ഭൂപരിഷ്കരണ നിയമം സംസ്ഥാനത്ത് നടപ്പാക്കേണ്ടത് മറ്റെന്നത്തെക്കാളും ആവശ്യമായ കാലഘട്ടമാണിത്. ഭൂരഹിതരായ എല്ലാകുടുംബങ്ങളുടെയും ഭൂമി നേടാനുള്ള അവകാശം മാനിക്കുന്ന നിയമമാണ് വേണ്ടത്. പാവങ്ങള്‍ക്ക് വിതരണത്തിനും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നതിനുമായി ഭൂമി ബാങ്ക് രൂപവത്കരിക്കണം. അതില്‍നിന്ന് മുന്‍ഗണനാ ക്രമം നിശ്ചയിച്ച് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണം. അവര്‍ വീണ്ടും ഭൂ രഹിതരാകുന്നത് ഒഴിവാക്കാനും വ്യവസ്ഥ വേണം. ഭൂമി ലഭിക്കുന്നവര്‍ക്ക് വീടുവെച്ച് താമസിക്കുന്നതിന് അവകാശം ഉറപ്പാക്കണം. ഭൂമിയുടെ ഉടമസ്ഥാവകാശം ഭര്‍ത്താവിനും ഭാര്യക്കും തുല്യമായി നല്‍കുന്നതിന് പകരം സ്ത്രീകള്‍ക്ക് മാത്രമായി നല്‍കണം. ഭൂമി വിതരണ പരിപാടികള്‍ സംഘടിപ്പിക്കണം. കൃഷി ചെയ്തു ജീവിക്കാനുതകുന്ന ഭൂമിയാകണം നല്‍കേണ്ടത്. വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകള്‍ക്ക് സംയുക്തമായി കൃഷി നടത്തുന്നതിന് ഭൂമി നല്‍കണമെന്നും ശിപാര്‍ശ ചെയ്യുന്നു.
1963ലെ ഭൂപരിഷ്കരണ നിയമം യഥാര്‍ഥ അര്‍ഥത്തില്‍ നടപ്പാക്കിയാല്‍ സംസ്ഥാനത്ത് ഭൂമി ദൗര്‍ലഭ്യം ഉണ്ടാകില്ല. ഭൂപരിഷ്കരണ നിയമത്തില്‍ തോട്ടം ഭൂമിക്ക് ഇളവനുവദിക്കുന്ന സെക്ഷന്‍ 81 ദുരുപയോഗം ചെയ്ത് കൃഷി ഭൂമിയുടെ സിംഹഭാഗവും ചെറുന്യൂനപക്ഷം കൈയടക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.