പ്ളസ് വണ്‍ റീഅലോട്ട്മെന്‍റ് ഫലം ഇന്ന്

തിരുവനന്തപുരം: സ്കൂളുകളില്‍നിന്നുള്ള വെരിഫിക്കേഷന്‍ പിഴവു മൂലം അലോട്ട്മെന്‍റ് ലഭിച്ചിട്ടും പ്രവേശം നിരസിക്കുകയും വിദൂര സ്കൂളുകളില്‍ പ്രവേശം ലഭിക്കുകയുംചെയ്തവരുടെ റീഅലോട്ട്മെന്‍റ് ഫലം ബുധനാഴ്ച രാവിലെ 10 മുതല്‍ പ്രവേശം സാധ്യമാകുന്ന തരത്തില്‍ പ്രസിദ്ധീകരിക്കും. അഡ്മിഷന്‍ വെബ്സൈറ്റായ www.bscap.kerala.gov.in ലെ REALLOTMENT RESULTS എന്ന ലിങ്കിലൂടെ ഇത്തരത്തില്‍ ഒന്നാം അലോട്ട്മെന്‍റില്‍ പ്രവേശം നിരസിക്കപ്പെട്ട അപേക്ഷകര്‍ക്ക് അലോട്ട്മെന്‍റ് പരിശോധിക്കാം. റീഅലോട്ട്മെന്‍റ് ലഭിക്കുന്ന അപേക്ഷകര്‍ ഈ ലിങ്കിലൂടെ ലഭിക്കുന്ന രണ്ട് പേജുള്ള അലോട്ട്മെന്‍റ് സ്ളിപ്പുമായി റീഅലോട്ട്മെന്‍റ് ലഭിച്ച സ്കൂളില്‍ ജൂണ്‍ 29ന് വൈകീട്ട് അഞ്ചിന് മുമ്പ് സ്ഥിരപ്രവേശം നേടണം.
സ്പോര്‍ട്സ് ക്വോട്ട പ്രവേശത്തിനായി സമര്‍പ്പിച്ച അപേക്ഷകള്‍ സ്കൂളുകളില്‍നിന്ന് സമയബന്ധിതമായി വെരിഫിക്കേഷന്‍ നടത്താത്തതിനാല്‍ ഇത്തരം അലോട്ട്മെന്‍റില്‍ പരിഗണിക്കാതിരുന്ന അപേക്ഷകള്‍ സ്കൂളുകളില്‍നിന്ന് അയച്ചുനല്‍കിയതിന്‍െറ അടിസ്ഥാനത്തില്‍ അപേക്ഷകരുടെ അര്‍ഹതക്കനുസരിച്ച് പ്രത്യേക അലോട്ട്മെന്‍റ് നല്‍കി. ഈ അലോട്ട്മെന്‍റ് വിവരം SPORTS SPECIAL ALLOTMENT എന്ന ലിങ്കില്‍ ലഭിക്കും. ഇത്തരം അപേക്ഷകരും അലോട്ട്മെന്‍റ് സ്ളിപ്പുമായി അലോട്ട്മെന്‍റ് ലഭിച്ച സ്കൂളില്‍ 29ന് വൈകീട്ട് അഞ്ചിന് മുമ്പ് സ്ഥിര പ്രവേശം നേടണമെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു. അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്‍റ് ലഭിക്കാത്തവര്‍ക്ക് നിലവിലെ അപേക്ഷ പുതുക്കി പുതിയ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ത്ത് സപ്ളിമെന്‍ററി അലോട്ട്മെന്‍റിന് ജൂലൈ എട്ടുമുതല്‍ അപേക്ഷിക്കാം.

സി.ബി.എസ്.ഇയുടെ സ്കൂള്‍തല പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കും 2016ലെ എസ്.എസ്.എല്‍.സി സേ പരീക്ഷ പാസായവര്‍ക്കും നേരത്തേ അപേക്ഷ നല്‍കാന്‍ കഴിയാതിരുന്ന മറ്റു വിദ്യാര്‍ഥികള്‍ക്കും സപ്ളിമെന്‍ററി അലോട്ട്മെന്‍റിന് അപേക്ഷിക്കാവുന്നതാണ്.
അപേക്ഷ, ഒഴിവ് സംബന്ധിച്ച വിവരങ്ങള്‍ ജൂലൈ എട്ടിന്  പ്രസിദ്ധീകരിക്കും. അന്നുമുതല്‍ 11ന് വൈകീട്ട് അഞ്ചുവരെ അപേക്ഷകള്‍ സമര്‍പ്പിക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.