കോഴിക്കോട് കലക്ടര്‍ക്കെതിരെ സൈബര്‍ കേസ് നല്‍കും -എം.കെ. രാഘവന്‍ എം.പി

കോഴിക്കോട്: നവമാധ്യമങ്ങളിലൂടെ തന്നെ വ്യക്തിഹത്യ നടത്തുന്ന കോഴിക്കോട്  കലക്ടര്‍ എന്‍. പ്രശാന്തിനെതിരെ സൈബര്‍ കേസ് നല്‍കുമെന്ന് എം.കെ. രാഘവന്‍ എം.പി. വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കലക്ടര്‍  അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്​.  തനിക്ക് ജനങ്ങളോടാണ് കൂറ്. അല്ലാതെ സൈബര്‍ ലോകത്തോടല്ല. താന്‍ വിശദീകരണമാവശ്യപ്പെട്ട് നല്‍കിയ കത്തിന് ഇതുവരെയും മറുപടി നല്‍കാതെയാണ് ഓണ്‍ലൈനിലൂടെ കലക്ടര്‍ തന്നെ വ്യക്തിഹത്യനടത്തുന്നത്.  പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് പരസ്യമായി മാപ്പുപറഞ്ഞില്ലെങ്കില്‍ നിയമപരമായി മുന്നോട്ടുപോകും.  തന്‍െറ ഇംഗിതങ്ങള്‍ക്കായി പി.ആര്‍.ഡി.യെപോലും കലക്ടര്‍ ദുരുപയോഗം ചെയ്തെന്നും അദ്ദേഹം പറഞ്ഞു.

 കഴിഞ്ഞ ഒരുവര്‍ഷമായി സൈബര്‍ ഭരണം മാത്രമാണ് കലക്ടര്‍ നടത്തിയിട്ടുള്ളത്.  കലക്ടര്‍ക്കെതിരെ ലോക്സഭ പ്രിവിലേജ് കമ്മിറ്റിക്കുമുമ്പാകെയും പരാതി നല്‍കും.  അതൊടൊപ്പം ഓണ്‍ലൈനിലൂടെ പൊതുപ്രവർത്തകനെ പൊതുജനങ്ങള്‍ക്കിടയില്‍ അപമാനിക്കുന്ന പരാമര്‍ശം നടത്തിയത് പിന്‍വലിച്ചില്ലെങ്കില്‍ സൈബര്‍ കേസുമായും മുന്നോട്ടുപോകുമെന്നും എം.കെ. രാഘവന്‍ എം. പി. പറഞ്ഞു.

എം.പി ഫണ്ട്​ വിനിയോഗിക്കുന്നതിന്​ കലക്​ടർ തടസം നിൽക്കുന്നതായി എം.കെ. രാഘവന്‍ കഴിഞ്ഞ ദിവസം ആ​രോപിച്ചിരുന്നു. കഴിഞ്ഞ ഒരുമാസത്തിലധികമായി 35ഓളം ബില്ലുകള്‍ മാറുന്നത്​ കലക്ടര്‍ ബോധപൂര്‍വം  വൈകിപ്പിക്കുകയാണ്. നിരന്തരം പുന:പരിശോധന നിര്‍ദേശിച്ച് പദ്ധതി നടപ്പാക്കുന്നത് വൈകിപ്പിക്കുകയാണ്.  എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താനുള്ള യോഗത്തിന്‍െറ തീയതിവരെ നിശ്ചയിച്ചത് ജില്ലാ കലക്ടറാണ്. തന്നെ എ.ഡി.എം. ക്ഷണിച്ചിട്ടാണ് യോഗത്തിന് പോയത്. അല്ലാതെ കലക്ടര്‍ പറയുന്നതുപോലെ വലിഞ്ഞുകയറി ചെന്നതല്ല. യോഗത്തില്‍ വച്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നാണ്​ കലക്ടര്‍ പറയുന്നത്. അവിടെയുള്ള ഒരു ഉദ്യോഗസ്ഥനെയും താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും നമാധ്യമങ്ങളിലൂടെ കലക്ടര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ആ പദവിക്ക് യോജിച്ചതല്ലെന്നും എം.പി. പറഞ്ഞു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.