കാലിക്കറ്റ് അസിസ്റ്റന്‍റ്, പ്യൂണ്‍-വാച്ച്മാന്‍ നിയമനത്തിലെ ക്രമക്കേട് പുറത്ത്

തേഞ്ഞിപ്പലം: അസിസ്റ്റന്‍റിനുപിന്നാലെ കാലിക്കറ്റ് സര്‍വകലാശാലാ പ്യൂണ്‍-വാച്ച്മാന്‍ നിയമനത്തിലും വന്‍ ക്രമക്കേട്. എഴുത്തുപരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയയാള്‍പോലും ഇന്‍റര്‍വ്യൂവില്‍ പുറത്തായി. അസിസ്റ്റന്‍റിലേതുപോലെ ഇന്‍റര്‍വ്യൂവിലാണ് തിരിമറി നടന്നത്. എഴുത്തുപരീക്ഷയില്‍ 75ല്‍ 71മാര്‍ക്ക് നേടി ഒന്നാമതത്തെിയ സിന്ധുവാണ് ഇന്‍റര്‍വ്യൂവില്‍ അഞ്ചു മാര്‍ക്ക് ലഭിച്ചതിനാല്‍ തഴയപ്പെട്ടത്. കുറഞ്ഞമാര്‍ക്ക് ഇന്‍റര്‍വ്യൂവില്‍ ലഭിച്ചതോടെ 95ാം സ്ഥാനത്തേക്കാണ് ഇവര്‍ പിന്തള്ളപ്പെട്ടത്. എഴുത്തുപരീക്ഷയുടെ മാര്‍ക്ക് 100ലേക്ക് മാറ്റിയപ്പോള്‍ 94.67 ആണ് ഇവരുടെ സ്കോര്‍. 94 പേരെയാണ് പ്യൂണ്‍-വാച്ച്മാന്മാരായി നിയമിക്കുന്നത്. ബുധനാഴ്ച ഒട്ടേറെ പേര്‍ നിയമനം നേടി.

എഴുത്തുപരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ പലര്‍ക്കും ഇന്‍റര്‍വ്യൂവില്‍ കുറഞ്ഞമാര്‍ക്കാണ് നല്‍കിയത്. എഴുത്തുപരീക്ഷയില്‍ കുറഞ്ഞ മാര്‍ക്ക് നേടിയവര്‍ക്ക് ഇന്‍റര്‍വ്യൂവില്‍ 19മുതല്‍ 19.75 മാര്‍ക്ക് വരെ നല്‍കുകയും ചെയ്തു. അസിസ്റ്റന്‍റ് നിയമനത്തെ അപേക്ഷിച്ച് പ്യൂണ്‍-വാച്ച്മാന്‍ നിയമന ഇന്‍റര്‍വ്യൂവില്‍ വാരിക്കോരിയാണ് മാര്‍ക്കിട്ടത്.

എഴുത്തുപരീക്ഷയില്‍ പൊതുവെ മികച്ച മാര്‍ക്കാണ് പ്യൂണ്‍-വാച്ച്മാന്‍ ഉദ്യോഗാര്‍ഥികള്‍ക്കുള്ളത് എന്നതിനാല്‍ ഇന്‍റര്‍വ്യൂ ക്രമക്കേട് എളുപ്പം തിരിച്ചറിയാനാവില്ല. സപ്ളിമെന്‍ററി പട്ടികയിലുള്ള ഏറെക്കുറെ എല്ലാവര്‍ക്കും 19 മുതല്‍ 19.75 മാര്‍ക്ക് വരെ നല്‍കി.പ്യൂണ്‍-വാച്ച്മാന്‍ ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കാത്തവര്‍ക്കുപോലും മാര്‍ക്കിട്ടത് വലിയ വിവാദമായിരുന്നു. ഇന്‍റര്‍വ്യൂ ബോര്‍ഡിലെ ചില സിന്‍ഡിക്കേറ്റംഗങ്ങളുടെ മാര്‍ക്ക്ദാനം കൈയബദ്ധമാണെന്നാണ് അധികൃതര്‍ പിന്നീട് വിശദീകരിച്ചത്.

അസിസ്റ്റന്‍റ്, പ്യൂണ്‍-വാച്ച്മാന്‍ നിയമന ഇന്‍റര്‍വ്യൂവില്‍ വന്‍ ക്രമക്കേട് നടന്നൂവെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ മുന്‍ വി.സി ഡോ. എം. അബ്ദുസ്സലാമിന്‍െറ വെളിപ്പെടുത്തിയിരുന്നു. സിന്‍ഡിക്കേറ്റ് ഉപസമിതി അന്വേഷിച്ച് ഈ ആരോപണം തള്ളിയെങ്കിലും മുന്‍ വി.സിയുടെ വെളിപ്പെടുത്തല്‍ ശരിവെക്കുന്നതാണ് ഇരു റാങ്ക്ലിസ്റ്റുകളും. അസിസ്റ്റന്‍റ് നിയമനത്തില്‍ മുസ്ലിം ലീഗിനാണെങ്കില്‍ പ്യൂണ്‍-വാച്ച്മാന്‍ നിയമനത്തില്‍ കോണ്‍ഗ്രസിനാണ് താല്‍പര്യം എന്നതാണ് ആകെയുള്ള വ്യത്യാസം.

റാങ്ക് ലിസ്റ്റ് തയാറാക്കിയ സംഘത്തിലെ ജീവനക്കാരന്‍െറ ഭാര്യക്കും ജോലി

കാലിക്കറ്റ് സര്‍വകലാശാലയിലെ അസിസ്റ്റന്‍റ് നിയമനത്തില്‍ ക്രമക്കേട് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. റാങ്ക്ലിസ്റ്റ് തയാറാക്കുന്നതിന് രൂപവത്കരിച്ച പ്രത്യേക സംഘത്തിലെ അംഗത്തിന്‍െറ ഭാര്യക്കും ജോലി ഉറപ്പാക്കി. സ്വന്തക്കാരാരും ഉദ്യോഗാര്‍ഥികളായി ഇല്ളെന്ന സത്യവാങ്മൂലം സമര്‍പ്പിച്ചശേഷമേ ഇത്തരം ജോലികളില്‍ ഏര്‍പ്പെടാന്‍ പാടുള്ളൂവെന്ന നിബന്ധനയാണ് ഇതോടെ അട്ടിമറിക്കപ്പെട്ടത്.

പതിവിനു വ്യത്യസ്തമായി റിക്രൂട്ട്മെന്‍റ് സെക്ഷനല്ല അസിസ്റ്റന്‍റ് നിയമന നടപടികള്‍ നടത്തിയത്. വിവിധ സെക്ഷനുകളിലെ അഞ്ചുപേരടങ്ങുന്ന പ്രത്യേക സംഘമാണ് റാങ്ക്ലിസ്റ്റ് തയാറാക്കുന്ന ജോലികള്‍ നിര്‍വഹിച്ചത്. ഇതില്‍ ഒരംഗത്തിന്‍െറ ഭാര്യക്കാണ് ജോലി ഉറപ്പായത്. എഴുത്തുപരീക്ഷയില്‍ 100ല്‍ 35 മാര്‍ക്ക് നേടിയ ഈ ഉദ്യോഗാര്‍ഥിക്ക് ഇന്‍റര്‍വ്യൂവില്‍ 20ല്‍ 18മാര്‍ക്കും ലഭിച്ചിട്ടുണ്ട്. അസിസ്റ്റന്‍റ് രണ്ടാംഘട്ട നിയമനത്തില്‍ ഇവര്‍ക്ക് ജോലി ലഭിക്കും.

പരീക്ഷാഭവനിലെ ജോലിയില്‍ ഏര്‍പ്പെടുന്ന ജീവനക്കാര്‍ വരെ ബ്രാഞ്ച് മേധാവികള്‍ക്ക് തങ്ങളുടെ സ്വന്തക്കാര്‍ ആരും ബന്ധപ്പെട്ട പരീക്ഷയെഴുതുന്നില്ളെന്ന സത്യവാങ്മൂലം നല്‍കേണ്ടതുണ്ട്. അടുത്തിടെയുണ്ടായ മാര്‍ക്ക് തിരുത്തല്‍ സംഭവത്തോടെ നിബന്ധന കര്‍ശനമാക്കുകയും ചെയ്തു. എന്നിരിക്കെയാണ് നിയമന വിഷയത്തില്‍ ഇത്തരമൊരു അവസ്ഥ.

പ്രത്യേക സംഘത്തിന്‍െറ രൂപവത്കരണവും വിവാദമായി. ജനുവരി 29നാണ് അഞ്ചംഗ സമിതിയുണ്ടാക്കിയത്. പിറ്റേന്നുതന്നെ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു. പ്രത്യേക സമിതിയുണ്ടാക്കി 24 മണിക്കൂറിനകം ആയിരക്കണക്കിന് പേരുടെ പട്ടിക തയാറാക്കുന്നത് എങ്ങനെയെന്നാണ് നിയമനം ലഭിക്കാത്ത ഉദ്യോഗാര്‍ഥികള്‍ ചോദിക്കുന്നത്. മുന്‍കൂട്ടി തയാറാക്കിയ റാങ്ക്ലിസ്റ്റ് പ്രത്യേക സമിതിയുടേതെന്ന പേരില്‍ പ്രസിദ്ധീകരിച്ചൂവെന്നാണ് ഇത് തെളിയിക്കുന്നതെന്നും ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു. റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ച് മണിക്കൂറുകള്‍ക്കകം തിരുവനന്തപുരം ജില്ലക്കാരനായ ഉദ്യോഗാര്‍ഥി ജോലിയില്‍ പ്രവേശിച്ച വിവാദത്തിനുപിന്നാലെയാണ് നിയമന പ്രക്രിയയിലെ പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.