തിരുവമ്പാടി ലീഗിന് നൽകിയതിൽ താമരശേരി രൂപതക്ക് എതിർപ്പ്

കോഴിക്കോട്: തിരുവമ്പാടി നി‍യമസഭാ സീറ്റുമായി ബന്ധപ്പെട്ട് താമരശേരി രൂപതാ വക്താവ് ഫാ. എബ്രഹാം കാവിൽപുരയിടവുമായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി കൂടിക്കാഴ്ച നടത്തി. രൂപതാ വക്താവിനെ കൂടാതെ മലയോര വികസന സമിതി നേതാക്കളും ചർച്ചയിൽ പങ്കെടുത്തു. രാവിലെ കോഴിക്കോട് ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. തിരുവമ്പാടി സീറ്റ് മുസ് ലിം ലീഗിന് കൈമാറിയ നടപടിയിൽ സഭാ നേതൃത്വം മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു.

പിന്നീട് കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായും രൂപതാ വക്താവും മലയോര വികസന സമിതി നേതാക്കളും വിഷയം ചർച്ച ചെയ്തു. തിരുവമ്പാടി സീറ്റിൽ മുസ് ലിം ലീഗ് സ്ഥാനാർഥി വേണ്ടെന്നാണ് സഭാ നേതൃത്വത്തിന്‍റെ നിലപാട്.

തിരുവമ്പാടി സീറ്റിലെ സ്ഥാനാർഥിയുടെ കാര്യത്തിൽ അനുകൂല നിലപാട് എടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി മലയോര വികസന സമിതി പ്രസിഡന്‍റ് ചാക്കോ കാളപ്പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു. മലയോര ജനതയുടെ വികാരങ്ങൾ ഉൾക്കൊള്ളുന്നയാളെ സ്ഥാനാർഥിയാക്കണം. മുസ് ലിം ലീഗ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് താൽകാലികമാണ്. ഏഴാം തീയതിക്ക് മുമ്പായി ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും നേതാക്കൾ അറിയിച്ചു.

തിരുവമ്പാടി മണ്ഡലത്തിൽ സിറ്റിങ് എം.എൽ.എ സി. മോയിൻകുട്ടിയെ മാറ്റി വി.എം ഉമ്മറിനെയാണ് മുസ് ലിം ലീഗ് ഉന്നതാധികാരി സമിതി വ്യാഴാഴ്ച സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. കൊടുവള്ളി മണ്ഡലത്തിലെ സിറ്റിങ് എം.എൽ.എയാണ് വി.എം ഉമ്മർ. ഇത്തവണ മോയിൻകുട്ടിക്ക് ലീഗ് സീറ്റ് നൽകിയിട്ടില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.