നിയമസഭാ സീറ്റ്: ജെ.ഡി.യുവുമായി വീണ്ടും ചർച്ച നടത്തും -ഉമ്മൻചാണ്ടി

കോഴിക്കോട്: നിയമസഭാ സീറ്റ് സംബന്ധിച്ച് ജെ.ഡി.യുവുമായി പ്രാഥമിക ചർച്ച പൂർത്തിയായെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഏഴാം തീയതി വീണ്ടും ജെ.ഡി.യുവുമായി ചർച്ച നടത്തും. കേരളാ കോൺഗ്രസ് എമ്മുമായി നാളെ ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു.

യു.ഡി.എഫ് ഘടകകക്ഷി എന്ന നിലയിൽ മികച്ച പ്രവർത്തനമാണ് ജെ.ഡി.യു കാഴ്ചവെച്ചത്. കൂടുതൽ സീറ്റുകൾ വേണമെന്ന് അവർ ആവശ്യപ്പെട്ടിട്ടില്ല. എല്ലാ ഘടകകക്ഷികളെയും വിശ്വാസത്തിലെടുത്തു കൊണ്ടാണ് കോൺഗ്രസ് മുന്നോട്ടു പോകുന്നത്. സീറ്റ് വിഭജനം രമ്യമായി പരിഹരിക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

യു.ഡി.എഫിലെ സീറ്റ് വിഭജനം ഏഴാം തീയതിക്ക് മുമ്പ് പൂർത്തിയാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തുടർന്ന് സ്ഥാനാർഥി നിർണയത്തിലേക്ക് കടക്കും. മുന്നണിയിൽ ഒരു തരത്തിലുമുള്ള അഭിപ്രായ ഭിന്നതയില്ലെന്നും ചെന്നിത്തല മാധ്യമങ്ങളെ അറിയിച്ചു.

ജെ.ഡി.യുവിന്‍റെ ആവശ്യങ്ങൾ കോൺഗ്രസിനെ അറിയിച്ചിട്ടുണ്ടെന്ന് സംസ്ഥാന അധ്യക്ഷൻ എം.പി വീരേന്ദ്രകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

രാവിലെ ജെ.ഡി.യു സംസ്ഥാന അധ്യക്ഷൻ എം.പി വീരേന്ദ്ര കുമാറിന്‍റെ വസതിയിലായിരുന്നു ചർച്ച നടന്നത്. മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എം.പി വീരേന്ദ്ര കുമാർ എന്നിവരെ കൂടാതെ കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ജെ.ഡി.യു നേതാക്കളായ എം.വി ശ്രേയാംസ്കുമാർ എം.എൽ.എ, ഷേഖ് പി. ഹാരിസ്, വർഗീസ് ജോർജ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.