കോഴിക്കോട്: വിവരങ്ങള്‍ ചേര്‍ത്തതിലെ അപാകതകാരണം സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഗുണഭോക്താക്കള്‍ക്ക് ക്ഷേമപെന്‍ഷന്‍ വൈകുന്നു. ഗ്രാമപഞ്ചായത്തുകളില്‍നിന്ന് നല്‍കിയ വിവരങ്ങളിലും അത് കരാര്‍ കമ്പനി എന്‍റര്‍ ചെയ്തതിലുള്ള അപാകതകളുമാണ് ഗുണഭോക്താക്കളെ വലക്കുന്നത്. കദീശ ഉമ്മ എന്നത് കദീജയായും മധു മനുവായും സുരേഷ് വിനേഷ് ആയുമെല്ലാം മാറി. ചില ചെക്കുകളില്‍ പണം എഴുതേണ്ട കോളം കാലിയാണ്. ഒരു ചെക്കില്‍ ഗുണഭോക്താവിന്‍െറ പേരായി നല്‍കിയത് ‘wp465’ എന്നാണ്.
പോസ്റ്റ്ഓഫിസ് സേവിങ് അക്കൗണ്ട്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് എന്നിവയിലെല്ലാം ശരിയായ പേരുള്ളപ്പോഴാണ് ഇത്തരത്തില്‍ തെറ്റുവരുത്തിയത്. ഇത്തരം ചെക്കുകള്‍ക്ക് പകരം തിരുത്തല്‍ സാക്ഷ്യപത്രം നല്‍കുകയാണ് ഗ്രാമപഞ്ചായത്തുകള്‍ ചെയ്യുന്നതെങ്കിലും പല ബാങ്കുകളും നിരസിക്കുകയാണ്. സ്വീകരിക്കുന്നവര്‍തന്നെ ഒരുമാസം കഴിഞ്ഞ് ബന്ധപ്പെടാനാണ് നിര്‍ദേശിക്കുന്നത്. ചില ബാങ്കുകള്‍ ഗുണഭോക്താക്കളില്‍നിന്ന് അക്കൗണ്ട് എടുക്കാന്‍ പണം ഈടാക്കുകപോലും ചെയ്യുന്നുണ്ട്. അക്കൗണ്ടില്‍നിന്ന് പണം വിതരണംചെയ്യാന്‍ പരമാവധി മൂന്നു ദിവസം മതിയെന്നും സീറോബാലന്‍സ് അക്കൗണ്ട് അനുവദിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ബാങ്കുകള്‍ ഇത് മുഖവിലക്കെടുക്കുന്നില്ല.
പോസ്റ്റ് ഓഫിസുകളില്‍ കോര്‍ബാങ്കിങ് നടപ്പാക്കുന്നതിന്‍െറ ഭാഗമായി, സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ പെന്‍ഷന്‍തുക വിതരണം ചെയ്യാന്‍ പോസ്റ്റ്ഓഫിസുകള്‍ വിസമ്മതിച്ചതോടെയാണ് പെന്‍ഷന്‍വിതരണം അവതാളത്തിലായത്. സംസ്ഥാനത്തെ 33 ലക്ഷത്തോളം പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 60 ശതമാനം പേരും പെന്‍ഷന്‍ ലഭിക്കാന്‍ പോസ്റ്റ്ഓഫിസ് അക്കൗണ്ടുകളെയാണ് ആശ്രയിക്കുന്നത്-18,63,858 ഇവരുടെ എണ്ണം. ഇതില്‍ 15,05,309 പേര്‍ക്കാണ് ഇതിനകം ചെക്കുകള്‍ വിതരണം ചെയ്തത്. 3,58,549 പേരുടേതാണ് തീരുമാനമാകാത്തത്.
തിരുവനന്തപുരം 65022, കൊല്ലം 18,642, പത്തനംതിട്ട 4785, ആലപ്പുഴ 13,131, കോട്ടയം 8314, ഇടുക്കി 2983, എറണാകുളം 28,132, തൃശൂര്‍ 86,777, പാലക്കാട് 25,940, മലപ്പുറം 51,463, കോഴിക്കോട് 18,012, വയനാട് 9250, കണ്ണൂര്‍ 14,462, കാസര്‍കോട് 11,636 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ ചെക് വിതരണ നടപടികള്‍ പൂര്‍ത്തിയാകാനുള്ളവരുടെ എണ്ണം. ചെക് ലഭിച്ചവരില്‍തന്നെ ചുരുങ്ങിയ ആളുകള്‍ക്കേ പണം കൈയില്‍ കിട്ടിയിട്ടുള്ളൂ. ഇതിന്‍െറ കണക്കുകള്‍ ഗ്രാമവികസന വകുപ്പിന് ലഭിച്ചിട്ടുമില്ല.
പ്രശ്നങ്ങളില്ലാത്ത ചെക്കുകളിലെ പണം വിതരണം ചെയ്തശേഷം അല്ലാത്തവരുടെ കാര്യം പരിഗണിച്ചാല്‍ മതിയെന്നാണ് സര്‍ക്കാര്‍നിര്‍ദേശം. ചെക്കിന് മൂന്നു മാസം മാത്രമാണ് കാലാവധി എന്നതിനാല്‍ ഇത് കഴിഞ്ഞും ചെക് മാറാന്‍ കഴിയാത്തവരുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. സംവിധാനം പോസ്റ്റ് ഓഫിസുകളിലേക്കുതന്നെ മാറുമോ എന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.