അനുമതി റദ്ദാക്കിയത് വിവാദങ്ങൾ ഒഴിവാക്കാനെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിവാദങ്ങൾ ഒഴിവാക്കാനാണ് മെത്രാൻ കായൽ നികത്തലിനുള്ള അനുമതി സർക്കാർ റദ്ദാക്കിയതെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. വയൽ/തണ്ണീർതട, പരിസ്ഥിതി നിയമത്തിലെ നിബന്ധനകൾക്ക് വിധേയമായി പദ്ധതി നടപ്പാക്കാനാണ് മന്ത്രിസഭാ യോഗം അനുമതി നൽകിയത്. ഒരിഞ്ച് ഭൂമി പോലും നികത്താൻ അനുമതി നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഇടതു സർക്കാർ നാലാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി മുന്നോട്ടുവെച്ച പദ്ധതിയാണിത്. നിബന്ധനകളില്ലാതെയാണ് പദ്ധതിക്ക് ഇടത് സർക്കാർ അനുമതി നൽകിയത്. ഇതിനായി നാലോളം സർക്കാർ ഉത്തരവുകൾ പുറപ്പെടുവിച്ചു. എന്നാൽ, ഈ സർക്കാർ വ്യവസ്ഥകൾക്ക് വിധേയമായാണ് പദ്ധതിക്ക് അനുമതി നൽകിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വിഷയത്തിൽ സംസ്ഥാന സർക്കാർ തെറ്റ് ചെയ്തിട്ടില്ല. ഉത്തരവിന്‍റെ പേരിൽ ആരെയും ആക്ഷേപിക്കുന്നത് ശരിയല്ല. മന്ത്രിസഭയുടേത് കൂട്ടായ തീരുമാനമാണ്. ഇതിന്‍റെ പൂർണ ഉത്തരവാദിത്തം മുഖ്യമന്ത്രിയായ തനിക്കാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.  

ടൗൺഷിപ്പ് പദ്ധതിക്കായി വൈക്കം ചെമ്പിൽ 150 ഏക്കർ വയൽ നികത്താൻ സ്വകാര്യ കമ്പനിക്ക് ഇളവ് നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരത്തിൽ മാധ്യമങ്ങളിൽ വന്ന വാർത്തകൾ തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.