തിരുവമ്പാടി ഉടമ്പടി രേഖ ചോർന്നു; മുസ്‌ലിം ലീഗ് വെട്ടിലായി

കോഴിക്കോട്: തിരുവമ്പാടി സീറ്റ് 2016ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‌ വിട്ടു കൊടുക്കാമെന്ന് സമ്മതിച്ച് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഒപ്പിട്ട ഉടമ്പടി രേഖ ചോർന്നത്‌ ലീഗ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കി. തിരുവമ്പാടി സീറ്റിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച സാഹചര്യത്തിൽ തീരുമാനം മാറ്റാൻ കഴിയില്ലെന്ന നിലപാടിലാണ് ലീഗ്. താമരശ്ശേരി രൂപതയുടെ പിന്തുണയോടെ മലയോര വികസന സമിതി സ്വന്തം സ്ഥാനാർഥിയെ നിർത്തി മത്സരത്തിനു ഒരുങ്ങുകയാണ്. 

2011ൽ അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മൻ‌ചാണ്ടി, കെ.പി.സി.സി പ്രസിഡന്‍റ് രമേശ്‌ ചെന്നിത്തല, താമരശ്ശേരി ബിഷപ്‌ എന്നിവരുടെ സാന്നിധ്യത്തിൽ കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിലാണ് 2016ൽ തിരുവമ്പാടി മണ്ഡലം കോൺഗ്രസിന്‌ വിട്ടു കൊടുക്കാമെന്ന് മുസ്‌ലിം ലീഗ് സമ്മതിച്ചത്. ഇക്കാര്യം ഉടമ്പടിയാക്കി കുഞ്ഞാലിക്കുട്ടി ഒപ്പുവെച്ച് ഉമ്മൻ‌ചാണ്ടിയെ ഏൽപ്പിക്കുകയും ചെയ്തു. ഈ രേഖ ചോർന്നതാണ് ലീഗിനും കുഞ്ഞാലിക്കുട്ടിക്കും പ്രതിസന്ധി സൃഷ്ടിച്ചത്. 


ധാരണ തെറ്റിച്ച് മുസ്‌ലിം ലീഗ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് രൂപതയെയും മലയോര വികസന സമിതിയെയും ചൊടിപ്പിച്ചു. സിറ്റിങ് എം.എൽ.എ  സി. മോയിൻകുട്ടിയെ മാറ്റി കെ. ഉമ്മറിനെയാണ് തിരുവമ്പാടിയിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. പാണക്കാട് ഹൈദരലി തങ്ങൾ പ്രഖ്യാപനം നടത്തിയ സാഹചര്യത്തിൽ ഇനി തിരുത്താൻ കഴിയില്ലെന്നാണ് ലീഗ് നിലപാട്. ഉമ്മൻ‌ചാണ്ടിക്ക് പല കത്തുകളും എഴുതിയിട്ടുണ്ടെന്നും അതേ പറ്റിയെല്ലാം ചർച്ച ചെയ്യാൻ കഴിയില്ലെന്നും മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്ത് വാർത്താലേഖകരോട് പറഞ്ഞു. ഉടമ്പടി പാലിക്കാൻ പറ്റാതിരുന്നതിന്‍റെ കാരണം മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.  

തിരുവമ്പാടി സീറ്റ് മുസ് ലിം ലീഗിന്‍റേതാണെന്ന് കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യത്തിൽ സംശയം വേണ്ട. തർക്കം രമ്യമായി പരിഹരിക്കാൻ ശ്രമം തുടരും. കോൺഗ്രസിന് ലീഗ് നൽകിയ കത്ത് ചോർന്നതിനെപ്പറ്റി അന്വേഷിക്കുമോ എന്ന ചോദ്യത്തിന് കോൺഗ്രസിന്‍റെയും യു.ഡി.എഫിന്‍റെയും നേതാക്കൾ അതേപ്പറ്റി ആശയവിനിമയം നടത്തുമെന്ന് സുധീരൻ മറുപടി നൽകി.

ഉടമ്പടി രേഖ പുറത്തുവിട്ടത് ആരാണെന്നതിനെ ചൊല്ലിയുള്ള അഭ്യൂഹവും പ്രചരിക്കുന്നുണ്ട്. ഉമ്മൻചാണ്ടിക്ക് നൽകിയ രേഖ പുറത്തുവന്നത് ആത്യന്തികമായി അദ്ദേഹത്തെ തന്നെയാണ് പ്രതിക്കൂട്ടിലാക്കുന്നത്. എന്നാൽ, ഇതിന്‍റെ കോപ്പി രൂപതക്ക് കൈമാറിയിരുന്നുവെന്നും സൂചനയുണ്ട്. തിരുവമ്പാടി സീറ്റ് തർക്കം മൂർധന്യത്തിൽ എത്തിനിൽക്കുമ്പോഴാണ് ഉടമ്പടി പുറത്തായത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.