തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ കാലവർഷത്തിന്റെ ശക്തി കുറയുമെന്ന് കാലാവസ്ഥ പ്രവചനം. ശക്തമായ മഴയും കടൽക്ഷോഭവും ഇന്നലെയുംതുടർന്നു. തിരുവനന്തപുരം മര്യനാട്ട് കടൽക്ഷോഭത്തിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് സ്വദേശി സേവ്യർ (62) ആണ് മരിച്ചത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വെള്ളിയാഴ്ച ശക്തമായ മഴയായിരുന്നു.
സംസ്ഥാനത്ത് 99 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. 968 കുടുംബങ്ങളിലെ 3268 പേര മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദമായി ഒഡിഷ തീരത്ത് കരയിൽ പ്രവേശിക്കും. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ പാത്തി സ്ഥിതി ചെയ്യുന്നതിന്റെ ഭാഗമായി കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും ശക്തമായ മഴക്ക് സാധ്യതയുണ്ട്.
കണ്ണൂർ: സംസ്ഥാനത്ത് പിന്നിട്ട ആഴ്ചയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കണ്ണൂർ ജില്ലയിൽ. ജൂലൈ 13 മുതൽ 19 വരെയായി 565.6 മില്ലി മീറ്റർ മഴയാണ് കണ്ണൂരിൽ ലഭിച്ചത്. 208.6 മി.മീറ്റർ മഴ ലഭിക്കേണ്ടിടത്താണ് ഇത്രയും വലിയ മഴപ്പെയ്ത്ത്. 171 ശതമാനം അധിക മഴയാണ് കണ്ണൂരിൽ രേഖപ്പെടുത്തിയത്. കണ്ണൂരിനോട് ചേർന്നുനിൽക്കുന്ന മാഹിയിൽ ഇക്കാലയളവിൽ 490.2 മി.മീറ്റർ മഴയാണ് ലഭിച്ചത്. 188.4 മി.മീറ്റർ മഴ ലഭിക്കേണ്ടിടത്താണ് ഇത്.
160 ശതമാനം അധികമഴ രേഖപ്പെടുത്തി. കണ്ണൂരും മാഹിയും കഴിഞ്ഞാൽ കോഴിക്കോട്ടാണ് കൂടുതൽ മഴ ലഭിച്ചത് -461.8 മി.മീറ്റർ. 132 ശതമാനം അധിക മഴ ലഭിച്ചു. തൊട്ടുപിന്നിൽ വയനാട് ജില്ലയാണ് -402.7 മി.മീറ്റർ. കാസർകോട് 396.2, ഇടുക്കി 347, തൃശൂർ 319.1, കോട്ടയം 304, മലപ്പുറം 298.8 എന്നിങ്ങനെയാണ് തൊട്ടുപിന്നിലുള്ള ജില്ലകളിലെ മഴക്കണക്ക്. സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ചത് തിരുവനന്തപുരം ജില്ലയിലാണ്-100.1 മി.മീറ്റർ. ഇവിടെ പ്രതീക്ഷിച്ചിരുന്ന 45.9 മി.മീറ്റർ മഴയെക്കാൾ 118 ശതമാനം അധികമഴ ലഭിച്ചു.
സംസ്ഥാനത്ത് മൊത്തത്തിൽ പിന്നിട്ട ആഴ്ച നല്ല മഴയാണ് ലഭിച്ചത്. 150 മി.മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 315.5 മി.മീറ്റർ മഴയാണ് ലഭിച്ചത്. 110 ശതമാനം അധികമഴ സംസ്ഥാനത്ത് രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.