തൃശൂർ: വരാനിരിക്കുന്ന പാലക്കാട് നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ജയം ഉറപ്പാക്കാൻ കഠിന ശ്രമം നടത്തണമെന്ന് എൻ.ഡി.എ സംസ്ഥാന നേതൃയോഗത്തിൽ തീരുമാനം. മണ്ഡലത്തിൽ നിലവിലുള്ള സ്വാധീനവും സംസ്ഥാനത്ത് എൻ.ഡി.എക്ക് ലോക്സഭ തെരഞ്ഞെടുപ്പിലുണ്ടായ സ്വീകാര്യതയും സൃഷ്ടിച്ച അനുകൂല സാഹചര്യം നിലനിർത്തുകയും ചെയ്താൽ പാലക്കാട്ട് ജയിക്കാമെന്ന് യോഗം വിലയിരുത്തി.
ചേലക്കര നിയമസഭ മണ്ഡലം, വയനാട് ലോക്സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പുകളും ചർച്ചചെയ്തു. ചേലക്കരയിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ സ്വാധീനം വർധിച്ചിട്ടുണ്ട്. ഇത് അവസരമാക്കണം. വയനാട്ടിൽ ആവേശത്തോടെ രംഗത്തിറങ്ങണം. നടക്കാനിരിക്കുന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പും 2026ലെ നിയമസഭ തെരഞ്ഞെടുപ്പും ലക്ഷ്യമിട്ട് താഴേത്തട്ട് മുതൽ പ്രവർത്തനം ഊർജിതമാക്കാനും തീരുമാനിച്ചു.
ബി.ജെ.പി തൃശൂർ ജില്ല ഓഫിസായ ചെമ്പൂക്കാവിലെ നമോ ഭവനിൽ ചേർന്ന യോഗത്തിൽ എൻ.ഡി.എ സംസ്ഥാന ചെയർമാൻ കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ബി.ജെ.പി പ്രതിനിധികളായി പി.കെ. കൃഷ്ണദാസ്, വി. മുരളീധരൻ, കുമ്മനം രാജശേഖരൻ, ബി.ഡി.ജെ.എസ് പ്രതിനിധികളായി തുഷാർ വെള്ളാപ്പള്ളി, കെ. പത്മകുമാർ, സംഗീത വിശ്വനാഥ്, കെ.എ. ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
കേരള കാമരാജ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരൻ, നാഷനലിസ്റ്റ് കേരള കോൺഗ്രസ് ചെയർമാൻ കുരുവിള മാത്യൂസ്, എസ്.ജെ.ഡി സംസ്ഥാന പ്രസിഡന്റ് കെ. രാജേന്ദ്രൻ, എൽ.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എച്ച്. രാമചന്ദ്രൻ, കെ. സതീഷ്, അഡ്വ. ഹരികുമാർ എന്നിവരും യോഗത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.