ഭൂമിയുള്ള വിവരം മറച്ചുവെച്ചു; ഉമ്മന്‍ ചാണ്ടിക്കെതിരെ ഹരജി

കണ്ണൂര്‍: സ്വന്തം പേരില്‍ ഭൂമിയുള്ളത് മറച്ചുവെച്ചതിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ പരാതി തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി ഫയലില്‍ സ്വീകരിച്ചു. കണ്ണൂര്‍ ഇരിട്ടി പെരുങ്കേരി ആറാക്കല്‍ വീട്ടില്‍ എ.കെ. ഷാജിയാണ് സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്. ഈ മാസം 19ന് പരാതിക്കാരന്‍െറ മൊഴിയെടുക്കും.
   പുതുപ്പള്ളി, മണര്‍ക്കാട് വില്ളേജുകളിലായി ഉമ്മന്‍ ചാണ്ടിയുടെയും സഹോദരന്‍ അലക്സ് ചാണ്ടിയുടെയും സഹോദരങ്ങളുടെയും പേരില്‍ 11 ഏക്കര്‍ ഭൂമിയാണുള്ളത്. എന്നാല്‍, 2006-2015 കാലയളവില്‍ നല്‍കിയ സത്യവാങ്മൂലങ്ങളിലൊന്നും ഈ വസ്തുക്കളെക്കുറിച്ച് വിവരമില്ളെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നല്‍കിയ സത്യവാങ്മൂലത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് സ്വന്തമായി വസ്തുവകകളില്ളെന്നും ഭാര്യ മറിയാമ്മ ഉമ്മന് തിരുവനന്തപുരം താലൂക്ക് അഞ്ചാമട വില്ളേജില്‍ ഏഴു സെന്‍റും മറ്റൊരു സര്‍വേ നമ്പറില്‍ 6.25 സെന്‍റുമുണ്ടെന്നാണ് കാണിച്ചത്. ഉമ്മന്‍ ചാണ്ടി വിവരങ്ങള്‍ മറച്ചുവെച്ചതായി പറയപ്പെടുന്ന സ്ഥലങ്ങള്‍ പിതാവ് കെ.ഒ. ചാണ്ടിയുടെ പേരിലുണ്ടായിരുന്നതും വല്യമ്മ അച്ചാമ്മ ഇഷ്ടദാനം നല്‍കിയതുമാണ്.
ഉമ്മന്‍ ചാണ്ടിയുടെ പിതാവ് കെ.ഒ. ചാണ്ടിയുടെ പേരില്‍ 1953ലെ 3709 ആധാരപ്രകാരം 12 ഏക്കര്‍ അറുപതര സെന്‍റാണുണ്ടായിരുന്നത്. ഉമ്മന്‍ ചാണ്ടിയും രണ്ടു സഹോദരങ്ങളുമാണ് ഇതിന്‍െറ അവകാശികള്‍. ഇതില്‍ 1.21 ഏക്കര്‍ പുതുപ്പള്ളി പഞ്ചായത്തിന് ഇഷ്ടദാനം നല്‍കി. കൂടാതെ വല്യമ്മ അച്ചാമ്മ ഉമ്മന്‍ ചാണ്ടിക്കും സഹോദരന്‍ അലക്സിനും 1953ലെ കോട്ടയം പ്രിന്‍സിപ്പല്‍ സബ് രജിസ്ട്രാര്‍ ഓഫിസിലെ 3712/53 നമ്പര്‍ ആധാര പ്രകാരം അഞ്ച് ഏക്കര്‍ ഒരു സെന്‍റ് ഇഷ്ടദാനം നല്‍കി. ഇതില്‍ ഇപ്പോള്‍ ഒരു ഏക്കറാണ് ശേഷിക്കുന്നത്.
ബാക്കി പലപ്പോഴായി കൈമാറ്റം ചെയ്തിട്ടുണ്ട്. തനിക്ക് സ്വത്തുണ്ടെന്ന് ജനങ്ങള്‍ അറിയരുതെന്ന ലക്ഷ്യത്തോടെയാണ് ഉമ്മന്‍ ചാണ്ടി സത്യവാങ്മൂലത്തില്‍ വിവരം മറച്ചുവെച്ചതെന്നും അതിനാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 193 പ്രകാരം ശിക്ഷാര്‍ഹമാണെന്നും പരാതിയില്‍ പറഞ്ഞു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.