ബി.ജെ.പിക്കും മോദിക്കും കേരളം മറുപടി നല്‍കും –ഉമ്മന്‍ ചാണ്ടി

മലപ്പുറം: ബി.ജെ.പിയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും നയങ്ങള്‍ക്കും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കും ബീഹാറിനുശേഷം ശക്തമായ മറുപടി നല്‍കുന്ന സംസ്ഥാനമാകും കേരളമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മലപ്പുറത്ത് ജില്ലാ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബീഹാറിലെ ജനങ്ങള്‍ നല്‍കിയതിലും വലിയ തിരിച്ചടിയാണ് കേരളം നല്‍കാനിരിക്കുന്നത്. ദേശീയപ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണിത്. ഈ പ്രാധാന്യം വിസ്മരിക്കാതെ ജനാധിപത്യ മതേതര ശക്തികള്‍ ഐക്യപ്പെടണം. വിഭാഗീയതയും സങ്കുചിതത്വവും ഇന്ത്യന്‍ ജനത ഒരിക്കലും അനുവദിക്കുകയില്ല. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് വില കുറക്കേണ്ട സമയത്ത് വില കൂട്ടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. എല്ലാ വാഗ്ദാനങ്ങളും അവര്‍ വിസ്മരിച്ചു.
സ്വകാര്യ കുത്തകകളെ പ്രീണിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മലപ്പുറം ജില്ല നല്‍കിയ സംഭാവന വിലപ്പെട്ടതാണ്. ഇത്തവണ നൂറു ശതമാനം പ്രതീക്ഷയിലാണ് യു.ഡി.എഫ്. ആത്മവിശ്വാസത്തോടെ ജനങ്ങളെ സമീപിക്കാന്‍ അഞ്ചു വര്‍ഷത്തെ വികസന പരിപാടികള്‍ തന്നെയാണ് മുന്നിലുള്ളത്. ജനങ്ങളുടെ പ്രതീക്ഷയായ സമാധാന ജീവിതവും സൃഷ്ടിക്കാനായി. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, ഘടകകക്ഷി നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു. പി.ടി. മോഹനകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, മന്ത്രിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.