കേന്ദ്രനേതൃത്വത്തിന് അതൃപ്തി;ബിജെപി സ്ഥാനാർഥികളുടെ പ്രഖ്യാപനം മാറ്റിവെച്ചു

ന്യൂഡല്‍ഹി: സ്ഥാനാര്‍ഥിപ്പട്ടികയെ ചൊല്ലി ബി.ജെ.പി സംസ്ഥാനഘടകത്തിലെ തര്‍ക്കംമൂലം കേന്ദ്രനേതൃത്വം സ്ഥാനാര്‍ഥിപ്രഖ്യാപനം നീട്ടിവെച്ചു. കേരളഘടകം സമര്‍പ്പിച്ച 22 മണ്ഡലങ്ങളിലെ ആദ്യ സ്ഥാനാര്‍ഥിപ്പട്ടികയില്‍ കൂടുതല്‍ വിവരങ്ങള്‍ ആരായാന്‍ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തിലുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം തീരുമാനിക്കുകയായിരുന്നു. കേന്ദ്രനേതൃത്വത്തെ മറികടന്ന്
സാധ്യതാപട്ടിക പ്രസിദ്ധീകരിച്ച സംസ്ഥാനഘടകത്തിന്‍െറ നടപടിയും നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. കേരളത്തിലേയും പശ്ചിമബംഗാളിലെയും സാധ്യതാപട്ടികകള്‍ ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം വ്യാഴാഴ്ച പരിഗണിച്ചിരുന്നു. തെരഞ്ഞെടുപ്പ് സമിതി യോഗത്തിനുശേഷം അമിത് ഷായും കേരളത്തിന്‍െറ ചുമതലയുള്ള കേന്ദ്രമന്ത്രി ജെ.പി. നദ്ദയും സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍, നേതാക്കളായ വി. മുരളീധരന്‍, പി.കെ. കൃഷ്ണദാസ് എന്നിവരുമായി വീണ്ടും ചര്‍ച്ച നടത്തി.
പട്ടിക സംസ്ഥാനനേതൃത്വം പാര്‍ട്ടി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച നേതൃത്വം സ്ഥാനാര്‍ഥികളുടെ വിജയസാധ്യതയിലും സംശയംപ്രകടിപ്പിച്ചു. ഒരാളുടെ മാത്രമുള്ള പട്ടികയെങ്ങനെ സാധ്യതാപട്ടികയാകുമെന്നും നേതൃത്വം ചോദിച്ചു. അതേസമയം, കേരളത്തിന്‍െറ പട്ടികയില്‍ കുറച്ച് നടപടിക്രമങ്ങള്‍കൂടി ബാക്കിയുണ്ടെന്നും അതുകൊണ്ടാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്തതെന്നുമാണ് വാര്‍ത്താസമ്മേളനത്തില്‍ ജെ.പി. നദ്ദ അറിയിച്ചത്. സംസ്ഥാനനേതൃത്വം നല്‍കിയ പട്ടികയില്‍ മാറ്റംവരാനും വരാതിരിക്കാനും സാധ്യതയുണ്ടെന്ന് നദ്ദ കൂട്ടിച്ചേര്‍ത്തു. കേരളത്തിന്‍െറ പട്ടിക മാറ്റിവെച്ചപ്പോള്‍ ബംഗാളിലെ 194 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പട്ടിക പാര്‍ട്ടി പ്രഖ്യാപിക്കുകയും ചെയ്തു. ബംഗാളിലെ 52 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിപ്പട്ടിക പാര്‍ട്ടി നേരത്തേ പ്രഖ്യാപിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.