എസ്.ഐ തസ്തികയിലെ വിജ്ഞാപനം മരവിപ്പിക്കും

തിരുവനന്തപുരം: സബ് ഇന്‍സ്പെക്ടര്‍ തസ്തികയിലെ വിജ്ഞാപനവും റാങ്ക് ലിസ്റ്റും മരവിപ്പിക്കാന്‍ പി.എസ്.സി യോഗം തീരുമാനിച്ചു. പുതിയ ഒഴിവുകളില്ളെന്ന് കാണിച്ച് ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി കമീഷന് നല്‍കിയ കത്തിന്‍െറ അടിസ്ഥാനത്തിലാണ് തീരുമാനം. 
നിലവില്‍ 255 പേര്‍ക്ക് നിയമനം നല്‍കിയത് അധികതസ്തിക സൃഷ്ടിച്ചാണെന്നും ഇത് കോടതിവിധിയനുസരിച്ചാണെന്നും കത്തില്‍ പറയുന്നു. ഉടന്‍ ഈ തസ്തികയില്‍ ഒഴിവുണ്ടാകില്ല. ഇത് പരിഗണിച്ച് നടപടി നിര്‍ത്തിവെക്കണമെന്നും ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടിരുന്നു. എസ്.ഐ  തസ്തികയില്‍ ഒരു ലിസ്റ്റ് നിലവിലുണ്ട്. ഇതില്‍ നിന്ന് കാര്യമായ നിയമനം നടത്തിയിട്ടില്ല. അതിനുമുമ്പ് ഉണ്ടായിരുന്ന ലിസ്റ്റിനെക്കുറിച്ച് നിയമനടപടികളുണ്ടായി. 
സുപ്രീംകോടതി വിധി വന്നതോടെ റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളില്‍ അഡൈ്വസ് നടത്തി. ഇതിനിടെ തന്നെ പുതിയ അപേക്ഷ വിളിച്ച പി.എസ്.സി എഴുത്തുപരീക്ഷയടക്കം നടത്തിയിരുന്നു. എഴുത്തുപരീക്ഷ വൈകിപ്പിക്കണമെന്ന ആവശ്യം കമീഷനില്‍ ഒരുവിഭാഗം അംഗങ്ങള്‍ ഉയര്‍ത്തിയെങ്കിലും അംഗീകരിക്കപ്പെട്ടില്ല. പരീക്ഷയടക്കം തുടര്‍നടപടികളുമായി മുന്നോട്ടുപോവുകയായിരുന്നു. ഇതാണ് റാങ്ക് ലിസ്റ്റ് ഇറക്കുംമുമ്പ് മരവിപ്പിച്ചത്. എത്ര നാളത്തേക്കാണ് മരവിപ്പിച്ചത് എന്ന് വ്യക്തമാക്കിയിട്ടില്ല.
കമീഷന്‍ ആസ്ഥാനത്ത് വനിതകള്‍ക്ക് ശൗചാലയം അടക്കം സംവിധാനങ്ങള്‍ക്ക് 23.50 ലക്ഷം രൂപയുടെ പുതിയ എസ്റ്റിമേറ്റിന് ഭരണാനുമതി നല്‍കി. നേരത്തേ ഇതിനായി 35 ലക്ഷം രൂപ കമീഷന്‍ മരാമത്ത്വകുപ്പിന് നല്‍കിയിരുന്നു. അവര്‍ നിര്‍മാണം നടത്തിയില്ല. സാമ്പത്തികപ്രതിസന്ധിയുടെ ഘട്ടത്തില്‍ വകമാറ്റിയാണ് അന്ന് തുക നല്‍കിയത്. ഈ സാഹചര്യത്തിലാണ് പുതിയ എസ്റ്റിമേറ്റിന് ഭരണാനുമതി നല്‍കിയത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.