കാലിക്കറ്റില്‍ കോളജുകള്‍ അനുവദിച്ചതില്‍ ഗുരുതര വീഴ്ച

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ സ്വാശ്രയ കോളജുകള്‍ അനുവദിച്ചതില്‍ സിന്‍ഡിക്കേറ്റ് ഗുരുതര വീഴ്ച വരുത്തിയെന്ന് കണ്ടത്തെല്‍. സര്‍വകലാശാലാ ചട്ടപ്രകാരമുള്ള ഭൂമിയോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്ത ട്രസ്റ്റുകള്‍ക്കും ഏജന്‍സികള്‍ക്കും വരെ കോളജ് അനുവദിച്ചെന്ന് സംസ്ഥാന ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗമാണ് കണ്ടത്തെിയത്.

2013-14ല്‍ മാത്രം 42 കോളജുകള്‍ ചട്ടവിരുദ്ധമായി അനുവദിച്ചു. ആവശ്യമായ ഭൂമിയുടെ രേഖകള്‍ അപേക്ഷകര്‍ ഹാജരാക്കാതിരുന്നിട്ടും കോളജ് തുടങ്ങുന്നതിന് സര്‍ക്കാറില്‍ ശിപാര്‍ശ ചെയ്യുകയാണ് സിന്‍ഡിക്കേറ്റ് ചെയ്തത്. ട്രസ്റ്റുകളും ഏജന്‍സികളും ആവശ്യപ്പെടാത്ത കോഴ്സുകള്‍ക്കും ശിപാര്‍ശ ചെയ്തു. സിലബസില്ലാത്ത കോഴ്സുകള്‍ വരെ കോളജുകളില്‍ അനുവദിച്ചു. ചട്ടവിരുദ്ധ നടപടി തിരുത്താന്‍ നടപടിയെടുക്കണമെന്ന് ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം ജോയന്‍റ് ഡയറക്ടര്‍ സര്‍വകലാശാലയോട് നിര്‍ദേശിച്ചു.

കോളജുകള്‍ അനുവദിക്കുന്നതിനു മുന്നോടിയായി സിന്‍ഡിക്കേറ്റിന്‍െറ ജില്ലാതല പരിശോധന കമ്മിറ്റികളാണ് പ്രധാനമായും വീഴ്ചവരുത്തിയത്. ഫയലുകള്‍ പരിശോധിച്ച ജീവനക്കാരും ഭൂമി ഉള്‍പ്പെടെ കാര്യങ്ങള്‍ അപേക്ഷകര്‍ക്കുണ്ടെന്ന് ഉറപ്പാക്കിയില്ല. കോളജുകള്‍ തുടങ്ങുന്നതിന് ആര്‍ട്സ് ആന്‍ഡ് സയന്‍സ് വിഭാഗത്തിന് 15ഉം ഓറിയന്‍റല്‍ വിഭാഗത്തിന് മൂന്നും ഏക്കര്‍ ഭൂമി സ്വന്തമായി വേണം. കുടിക്കടം, കൈവശാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ രേഖകളും അപേക്ഷക്കൊപ്പം ഹാജരാക്കണം. ഇതൊന്നും ഹാജരാക്കാത്തവര്‍ക്കും പാട്ടഭൂമിയുള്ളവര്‍ക്കും കോളജുകള്‍ തുടങ്ങാന്‍ സിന്‍ഡിക്കേറ്റ് അനുമതി നല്‍കി.

ട്രസ്റ്റുകള്‍ക്ക് ആവശ്യമായ ഭൂമിയുണ്ടെന്നു ചൂണ്ടിക്കാട്ടി സിന്‍ഡിക്കേറ്റ് പരിശോധന സമിതി നല്‍കിയ റിപ്പോര്‍ട്ടുകള്‍ പലതും വ്യാജമാണ്. മലപ്പുറം ജില്ലയില്‍ ഒരു ട്രസ്റ്റിന് 25 ഏക്കര്‍ ഭൂമിയുണ്ടെന്നാണ് സമിതി നല്‍കിയ റിപ്പോര്‍ട്ട്. എന്നാല്‍, ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയില്‍ സ്കൂള്‍ കെട്ടിടത്തിലാണ് ട്രസ്റ്റിന്‍െറ കോളജ് പ്രവര്‍ത്തിക്കുന്നതെന്ന് തെളിഞ്ഞു.

സിന്‍ഡിക്കേറ്റ് സമിതി നല്‍കിയ മറ്റൊരു റിപ്പോര്‍ട്ടില്‍ മലപ്പുറത്തെ കോളജിന് അഞ്ചേക്കര്‍ ഭൂമിയുണ്ടെന്ന് പറയുന്നു. കോളജിന്‍െറ അപേക്ഷയില്‍ കാണിച്ചതാകട്ടെ 1.68 ഏക്കറും. ഇങ്ങനെ സമിതി റിപ്പോര്‍ട്ടിലും അപേക്ഷയിലും ഒട്ടേറെ പൊരുത്തക്കേടുണ്ട്. യു.ജി.സിയുടെ പുതിയ ഭേദഗതി പ്രകാരം കോളജുകള്‍ ആരംഭിക്കുന്നതിന് മെഗാ സിറ്റികളില്‍ 1.5, മെട്രോ സിറ്റികളില്‍ രണ്ട്, മറ്റു സിറ്റികളില്‍ മൂന്ന് ഏക്കര്‍ ഭൂമിയാണ് വേണ്ടത്.

രാജ്യത്തെ വന്‍ നഗരങ്ങള്‍ക്ക് ബാധകമാവേണ്ട ഭൂമിയുടെ അളവ് കാലിക്കറ്റിലും നടപ്പാക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. എന്നാല്‍, സര്‍വകലാശാലാ ആക്ടും സ്റ്റാറ്റ്യൂട്ടും പ്രകാരമുള്ള വ്യവസ്ഥ മറികടക്കാന്‍ സിന്‍ഡിക്കേറ്റിന്‍െറ ഉത്തരവ് മതിയാകില്ളെന്നും കോളജുകള്‍ക്ക് അപേക്ഷ ക്ഷണിച്ചവേളയില്‍ യു.ജി.സി ചട്ടഭേദഗതിയൊന്നും വ്യക്തമാക്കിയിട്ടില്ളെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.