ജയരാജനെ പ്രതി ചേര്‍ത്ത് സി.ബി.ഐ സ്വയം അപഹാസ്യരായി -കോടിയേരി

തിരുവനന്തപുരം: കതിരൂര്‍ മനോജ് വധക്കേസില്‍ പി. ജയരാജനെ പ്രതിചേര്‍ത്ത് പരിഹാസ്യമായ വാദമുഖങ്ങള്‍ ഉന്നയിച്ച് സി.ബി.ഐ കോടതിയില്‍ നാണംകെട്ടുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജയരാജന്‍റെ ജാമ്യത്തിന്‍റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികളുമായി ബന്ധമുണ്ടെന്ന് പറയുന്നതടക്കം ജയരാജനെതിരെ ഒരു തെളിവും ഹാജരാക്കാന്‍ സി.ബി.ഐക്ക് കഴിഞ്ഞില്ല. ജയരാജന്‍ ഗൂഢാലോചനയില്‍ പങ്കെടുത്തു എന്ന് സമര്‍ത്ഥിക്കാന്‍ ഒരു കുടുംബ ക്ഷേത്രത്തില്‍ ഗൂഢാലോചന നടന്നു എന്നാണ് സി.ബി.ഐ വാദിച്ചത്. എന്നാല്‍, ജയരാജന്‍ ആ സമയത്ത് അവിടെ ഇല്ലായിരുന്നു.
ആര്‍.എസ്.എസ് കെട്ടിച്ചമച്ച കേസ് ആണിത്. ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് കൊച്ചിയില്‍ വന്നപ്പോള്‍ കണ്ണൂരിലെ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ രഹസ്യമായി കണ്ട് പി.ജയരാജനെ ഏതുവിധേനയും പ്രതിയാക്കണമെന്ന് അറിയിച്ചിരുന്നു. വരുന്ന തെരഞ്ഞെടുപ്പ് വേളയില്‍ ജയരാജനെ പ്രചാരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിന് വേണ്ടി ഉമ്മന്‍ചാണ്ടിയും കുമ്മനവും ചേര്‍ന്ന് ആസൂത്രണം ചെയ്തതാണ് ഇത്. വി.എം സുധീരന്‍ കണ്ട ബോംബ് നനഞ്ഞ പടക്കമായി മാറിപ്പോയെന്നും സുധീരന്‍റെ കുരുട്ടുബുദ്ധിക്ക് ഏറ്റ വലിയ തിരിച്ചടിയാണ് ഇതെന്നും കോടിയേരി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.