ബി.ജെ.പി: 60ഓളം സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ധാരണ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ 60ഓളം സീറ്റുകളില്‍ സ്ഥാനാര്‍ഥികള്‍ സംബന്ധിച്ച് ധാരണ. തിരുവനന്തപുരം, എറണാകുളം ജില്ലകളിലെയും കോട്ടയത്തെ ചില സീറ്റുകളും ഒഴികെയുള്ളവയിലാണ് ധാരണയായത്. ബുധനാഴ്ച ചേര്‍ന്ന ബി.ജെ.പി കോര്‍ കമ്മിറ്റി, തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗങ്ങളിലാണ് തീരുമാനം. 
തിരുവനന്തപുരത്തെയും എറണാകുളത്തെയും സാധ്യതാപട്ടിക പരിശോധിച്ചെങ്കിലും തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞില്ല. പല മണ്ഡലങ്ങളിലും രണ്ടുപേരുകളാണ് പരിഗണയിലുള്ളത്. ഘടകകക്ഷികള്‍ ആവശ്യപ്പെട്ട ചില സീറ്റുകളും ഈ ജില്ലകളിലാണ്. ഈ മണ്ഡലങ്ങള്‍ ഘടകകക്ഷികള്‍ക്ക് നല്‍കിയാല്‍ ബി.ജെ.പി പരിഗണിച്ചിരുന്നവര്‍ക്ക് പകരം സീറ്റും കണ്ടെത്തേണ്ടതുണ്ട്. കോട്ടയത്ത് പി.സി. തോമസ് ചോദിച്ച രണ്ട് സീറ്റുകളുടെ കാര്യത്തിലും തീരുമാനമെടുക്കേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ എല്ലാം പരിശോധിച്ച് തീരുമാനം  കൈക്കൊള്ളാന്‍ സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരനെ സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തി.
 ബാക്കി സീറ്റുകളിലെ ചര്‍ച്ച  വ്യാഴാഴ്ച പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഈമാസം 25ന് പട്ടിക ഡല്‍ഹിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ അന്തിമ അനുമതിക്ക് സമര്‍പ്പിക്കും. നേരത്തേ 22 അംഗ ആദ്യ സ്ഥാനാര്‍ഥിപ്പട്ടികക്ക് കേന്ദ്ര നേതൃത്വം അംഗീകാരം നല്‍കിയിരുന്നു. പ്രമുഖ ഘടകകക്ഷിയായ ബി.ഡി.ജെ.എസിന് 37 സീറ്റ് നല്‍കാനാണ് തീരുമാനം.
സ്ഥാനാര്‍ഥികളെ തീരുമാനിക്കുമ്പോള്‍ എല്ലാ സമുദായങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. ഇതുവഴി ന്യൂനപക്ഷ സമുദായങ്ങളില്‍ സ്വാധീനം ചെലുത്തുകയാണ് ലക്ഷ്യം. ഈമാസം 27നോ 28നോ എന്‍.ഡി.എയുടെ പൂര്‍ണയോഗം ദേശീയ പ്രസിഡന്‍റിനെ പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് നടത്തും. 
തിരുവനന്തപുരം മണ്ഡലത്തിലേക്ക് നടന്‍ സുരേഷ് ഗോപിയെയും തൃപ്പൂണിത്തുറയില്‍ മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിനെയും പരിഗണിക്കുന്നുവെന്നാണ് സൂചന. എന്നാല്‍, ബുധനാഴ്ചത്തെ യോഗത്തില്‍ ഈ രണ്ട് ജില്ലകളും പരിഗണിക്കാതിരുന്നതിനാല്‍ ഇരുവരുടെയും പേരുകള്‍ ഉയര്‍ന്നില്ല.
 അതേസമയം, സുരേഷ് ഗോപിയും ശ്രീശാന്തും മത്സരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബി.ജെ.പി വക്താവ് ജെ.ആര്‍. പത്മകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.