കോഴിക്കോട്: ‘അടിയന്തരാവസ്ഥക്കാലത്തിനുമുമ്പ് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയതാണ്. പിന്നീടങ്ങോട്ട് ഒമ്പതുതവണയാണ് ഇലക്ഷന്‍ നേരിട്ടത്. പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ ലീഡറാകാന്‍വേണ്ടി മത്സരിച്ചപ്പോള്‍ സ്വപ്നത്തില്‍പോലും കരുതിയിട്ടില്ല ഇങ്ങനെ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുമെന്നോ മത്സരിക്കുമെന്നോ...’ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് അഹല്യശങ്കറിന്‍െറ ഓര്‍മയില്‍ ഇപ്പോഴും തെരഞ്ഞെടുപ്പിന്‍െറ ആവേശവും ആരവവും ഒളിമങ്ങാതെ നില്‍ക്കുന്നുണ്ട്. ലോക്സഭയിലേക്കും നിയമസഭയിലേക്കും കോര്‍പറേഷനിലേക്കും മൂന്നുതവണ വീതം മത്സരിച്ചെങ്കിലും വിജയം തുണച്ചില്ല. വിജയിക്കുകയോ സ്ഥാനമാനങ്ങള്‍ നേടുകയോ അല്ല, ജനങ്ങളുടെ മനസ്സില്‍ സ്ഥാനം നേടുകയാണ് വലുത്. അവര്‍ നല്‍കുന്ന സ്നേഹത്തേക്കാളും വലുതായിട്ടെന്താണുള്ളത്. നാട്ടുകാരുടെ അഹല്യേച്ചി ചോദിക്കുന്നു.
സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ തലശ്ശേരി മാഹിയിലെ കരിമ്പില്‍ ലക്ഷ്മണന്‍െറ മകളാണ് അഹല്യ. ഭര്‍ത്താവ് കോഴിക്കോട് വെള്ളയില്‍ സ്വദേശിയായ നാലുകടിപ്പറമ്പില്‍ ശങ്കരന്‍ ബി.ജെ.പി അനുഭാവിയായിരുന്നു. വീട്ടിലെ ചര്‍ച്ചകളും മറ്റുമാണ് രാഷ്ട്രീയരംഗത്തേക്ക് എത്താന്‍ പ്രേരണയായത്. അടിയന്തരാവസ്ഥക്കുമുമ്പ് കോര്‍പറേഷന്‍ വെള്ളയില്‍ ഡിവിഷനില്‍ ജനസംഘം സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് ആദ്യം മത്സരിച്ചത്. അന്ന് സ്ത്രീകള്‍ മത്സരരംഗത്തേക്ക് ഇറങ്ങുന്നതുതന്നെ അപൂര്‍വമാണ്. ശക്തമായ പോരാട്ടത്തിനൊടുവില്‍ പരാജയം നേരിടേണ്ടിവന്നെങ്കിലും അതൊരു തുടക്കമായിരുന്നു. പിന്നീട് രണ്ടു തവണകൂടി കോര്‍പറേഷനിലേക്ക് മത്സരിച്ചു. ബി.ജെ.പി രൂപവത്കരിച്ചതിനുശേഷം നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടിയെ പ്രതിനിധാനംചെയ്ത് മത്സരിക്കാനുള്ള ഭാഗ്യം ലഭിച്ചു. 1982ല്‍ ബേപ്പൂര്‍ നിയോജകമണ്ഡലത്തിലായിരുന്നു അങ്കം. തുടര്‍ന്ന് 1987ലും ബേപ്പൂരില്‍ മത്സരത്തിനിറങ്ങി. ശക്തമായ മത്സരത്തിനൊടുവില്‍ പരാജയം ഏറ്റുവാങ്ങിയപ്പോഴും പാര്‍ട്ടിക്ക് അവരോടുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലായിരുന്നു. 1996ല്‍ കൊയിലാണ്ടി നിയോജകമണ്ഡലത്തിലേക്കും പാര്‍ട്ടി നിയോഗിച്ചത് അഹല്യശങ്കറിനെ തന്നെയായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിലും മൂന്നുതവണ മത്സരിച്ചെങ്കിലും വിജയം അകന്നുനിന്നു. 1989ലും 1991ലും മഞ്ചേരി നിയോജകമണ്ഡലത്തിലും 1998 ല്‍ പൊന്നാനിയിലുമാണ് മത്സരിച്ചത്.
‘അന്നൊക്കെ തെരഞ്ഞെടുപ്പ് പ്രചാരണം ഒരു വല്യ സംഭവമായിരുന്നു. രാവിലെ പ്രചാരണത്തിനിറങ്ങിയാല്‍ രാത്രി ഏറെ വൈകും വീട്ടിലത്തൊന്‍. തലയില്‍ പെട്രോമാക്സ് വിളക്കൊക്കെവെച്ച് പ്രവര്‍ത്തകര്‍ വഴികാട്ടും. സൈക്കിളില്‍ നമ്മുടെ പേരൊക്കെ വിളിച്ചുപറയും. ചുമരിന്മേലൊക്കെ നമ്മുടെ പേരൊക്കെ എഴുതിയ നോട്ടീസൊക്കെ കണ്ടുനില്‍ക്കാന്‍തന്നെ സുഖമാണ്. ഇന്നത്തെ പോലെ വിവരങ്ങളറിയാന്‍ മൊബൈല്‍ ഫോണൊന്നുമില്ല. മക്കളൂടെ ചെറുപ്രായത്തിലൊക്കെ വല്യ പ്രയാസമായിരുന്നു. കോഴിക്കോട് വെള്ളയിലെ വീട്ടിലിരുന്ന് അഹല്യ ശങ്കര്‍ അന്നത്തെ തെരഞ്ഞെടുപ്പ് കാലം ഓര്‍ത്തെടുത്തു.
‘ടി.വിയിലൊക്കെ നമ്മളെ കാണിക്കുക എന്നൊക്ക പറഞ്ഞാല്‍ അന്നത്തെ കാലത്ത് അതൊരു അദ്ഭുതമായിരുന്നു. 82ല്‍ പത്രത്തില്‍ പേരുവന്നപ്പോഴാണ് സ്ഥാനാര്‍ഥിയായ വിവരംപോലും അറിയുന്നത്. അഖിലേന്ത്യാ നേതാക്കളോടൊപ്പം വേദി പങ്കിടാന്‍ പറ്റിയതും ഇന്ത്യയിലെ പല ഭാഗത്തും സഞ്ചരിക്കാന്‍ സാധിച്ചതുമെല്ലാം സജീവ രാഷ്ട്രീയ പ്രവര്‍ത്തകയായതുകൊണ്ടാണ്’. ആരോഗ്യപ്രശ്നങ്ങള്‍ കാരണം ഇപ്പോള്‍ സജീവമായി രംഗത്തില്ളെങ്കിലും നിലവില്‍ ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി അംഗമാണ് അഹല്യ ശങ്കര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.