സാമൂഹിക മാധ്യമങ്ങള്‍ വഴി സ്ത്രീകളെ അപമാനിക്കുന്നതില്‍ എറണാകുളം മുന്നില്‍

നെടുമ്പാശ്ശേരി: സാമൂഹിക മാധ്യമങ്ങള്‍ വഴി സ്ത്രീകളെ അപമാനിക്കുന്നതില്‍ എറണാകുളം ജില്ല മുന്നില്‍. 2012 മുതല്‍ 2016 ജനുവരി വരെയുള്ള കണക്കനുസരിച്ച് കൊച്ചി സിറ്റിയിലും എറണാകുളം റൂറലിലുമായി 220 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ടാം സ്ഥാനത്തുള്ള കോഴിക്കോട് 106 കേസുകളും മൂന്നാം സ്ഥാനത്തുള്ള മലപ്പുറത്ത് 96 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്.
ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി അപമാനിച്ചെന്ന കേസുകളാണ് ഏറെയുമെന്ന് സൈബര്‍ സെല്‍ വെളിപ്പെടുത്തുന്നു. പല പരാതികളിലും വിശദമായ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം നല്‍കുന്നതിന് ഒട്ടേറെ ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടതുണ്ട്. ചില കേസുകളില്‍ ഇടക്കുവെച്ച് പരാതിക്കാര്‍ പിന്മാറുന്ന പ്രവണതയും വര്‍ധിക്കുന്നു.
ചില കേസുകളിലെ പ്രതികള്‍ വിദേശത്ത് താമസിക്കുന്നവരാണ്. ഇവരുടെ പങ്കാളിത്തം വെളിപ്പെടണമെങ്കില്‍ സര്‍വറുകളില്‍ പരിശോധന നടത്തുന്നതുള്‍പ്പെടെ ഒട്ടേറെ പ്രശ്നങ്ങളുമുണ്ട്. മൊബൈല്‍ ഫോണുകള്‍ വഴി പരിചയപ്പെട്ട് മോശമായി പെരുമാറിയെന്നതിന് എറണാകുളം ജില്ലയില്‍  235 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 207 കേസുകളിലും പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.
അതുപോലെ ഓണ്‍ലൈനിലൂടെ സാധനങ്ങളുടെ വില്‍പനയും വാങ്ങലും സംബന്ധിച്ച തട്ടിപ്പ് കേസുകളും വര്‍ധിച്ചുവരുന്നുണ്ട്. ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങുമ്പോള്‍ വിപണിയിലേതിനെക്കാള്‍ വില കുറവാണെന്നതിനാല്‍ ഈ രംഗത്തേക്ക് വ്യാജന്മാര്‍ ഒട്ടേറെ കടന്നുവരുന്നുണ്ട്. ക്രെഡിറ്റ് കാര്‍ഡ് വഴി പണം നല്‍കി സാധനം വീട്ടിലത്തെുമ്പോള്‍ മാത്രമായിരിക്കും തട്ടിപ്പ് മനസിലാകുക. പലപ്പോഴും ഇത്തരം തട്ടിപ്പുകള്‍ക്കായി താല്‍ക്കാലിക വെബ്സൈറ്റുകളുണ്ടാക്കുകയാണ് ചെയ്യുന്നത്.   
    

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.