സ്ഥാനാർഥിപ്പട്ടിക: മടക്ക യാത്ര മുഖ്യമന്ത്രി മാറ്റിവെച്ചു

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള ഇന്നത്തെ മടക്കയാത്ര മുഖ്യമന്ത്രി ഉമ്മൻചാണ്ടി റദ്ദാക്കി. രാവിലെ കൊച്ചിയിലേക്ക്  മടങ്ങാന്‍  ഡൽഹി വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി തിരിച്ച് കേരള ഹൗസിലേക്ക് മടങ്ങുകയായിരുന്നു. സ്ഥാനാർഥിപ്പട്ടിക  തയാറാക്കാനുള്ള നാളത്തെ സ്ക്രീനിങ് കമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. പട്ടികക്ക്  അന്തിമരൂപം നൽകിയശേഷമേ മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങൂ.

കോണ്‍ഗ്രസിന്‍െറ സ്ഥാനാര്‍ഥി നിര്‍ണയ തർക്കം മുറുകുന്നതിനിടെയാണ് മടക്കയാത്ര മുഖ്യമന്ത്രി റദ്ദാക്കിയത്. അഴിമതി ആരോപണം നേരിടുന്ന കെ. ബാബു, അടൂര്‍ പ്രകാശ്, ഇരിക്കൂറില്‍ നിരവധി തവണയായി മത്സരിക്കുന്ന കെ.സി. ജോസഫ്, വിവാദത്തിലുള്‍പ്പെട്ട ബെന്നി ബഹനാന്‍, എ.ടി. ജോര്‍ജ് എന്നിവർ മാറി നിൽക്കണമെന്ന് കഴിഞ്ഞദിവസം നടന്ന സ്ക്രീനിങ് കമ്മറ്റി യോഗത്തിൽ  കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരൻ ആവശ്യപ്പെട്ടിരുന്നു.
 
അഴിമതി ആരോപണം നേരിടുന്നവരും പലവട്ടം മത്സരിച്ചവരും മാറിനിന്ന് യു.ഡി.എഫിന് തെരഞ്ഞെടുപ്പു രംഗത്ത് മെച്ചപ്പെട്ട ഇമേജ് നല്‍കണമെന്ന നിലപാടില്‍  സുധീരന്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണിത്. കേരളത്തിലെ ജയം ദേശീയതലത്തില്‍ പ്രധാനമാണെന്നിരിക്കെ, പ്രതിച്ഛായ നന്നാക്കാന്‍ ശ്രമം വേണമെന്ന കാഴ്ചപ്പാടാണ് ഹൈകമാന്‍ഡിനുമുള്ളത്.

എന്നാൽ തന്‍റെ വിശ്വസ്തരെ വെട്ടിക്കളയാന്‍ സമ്മതിക്കില്ലെന്ന ഉറച്ച നിലപാടിലാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അഴിമതി ആരോപണത്തിന്‍റെ പേരിലാണെങ്കില്‍ തനിക്കും മത്സരിക്കാന്‍ കഴിയില്ല. ജയസാധ്യത പ്രധാനമായി കാണേണ്ട തെരഞ്ഞെടുപ്പില്‍ പലവട്ടം മത്സരിച്ചതിന്‍െറ പേരില്‍ ഒരുകൂട്ടം മുതിര്‍ന്ന നേതാക്കളെ തള്ളിക്കളയാന്‍ പറ്റില്ല. തെരഞ്ഞെടുപ്പില്‍ പലവട്ടം ജയിക്കുന്നത് ഒരു കുറ്റമല്ല; സിറ്റിങ് എം.എല്‍.എമാരെ മാറ്റാന്‍ പറ്റില്ലെന്നും ഉമ്മന്‍ ചാണ്ടി വാദിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.