ഗുജറാത്ത് പുനരധിവാസം: നീതിതേടി ഇരകള്‍ കേരളത്തില്‍

കോഴിക്കോട്: ഗുജറാത്ത് വംശഹത്യയെ തുടര്‍ന്ന് വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്കായി മുസ്ലിം ലീഗ്  നിര്‍മിച്ചുനല്‍കിയ വീടുകള്‍ക്ക് രേഖകള്‍ വേണമെന്നാവശ്യപ്പെട്ട് ഇരകള്‍ കേരളത്തില്‍. ഗുജറാത്തില്‍നിന്ന് 20 പേരടങ്ങുന്ന സംഘമാണ് കേരളത്തിലത്തെിയത്. 2002ലെ ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് വീടും സ്ഥലവും നഷ്ടപ്പെട്ട 40ഓളം കുടുംബങ്ങളെയാണ് അഹ്മദാബാദിലെ ദാനിലിംഡക്കടുത്തുള്ള സിറ്റിസണ്‍ നഗറില്‍ മുസ്ലിം ലീഗിന്‍െറ നേതൃത്വത്തില്‍ പുനരധിവസിപ്പിച്ചത്. ഇവിടെ നിര്‍മിച്ചുനല്‍കിയ 40 വീടുകളുടെ ഒരുവിധ  രേഖയും 12 വര്‍ഷമായിട്ടും  നല്‍കിയിട്ടില്ല.

അഹ്മദാബാദ് നഗരത്തിലെ  മാലിന്യങ്ങള്‍  നിക്ഷേപിക്കുന്ന ഗ്യാസ്പുര്‍ പിരാനയുടെ സമീപത്താണ് കുടുംബങ്ങളെ പുനരധിവസിപ്പിച്ചത്. അഹ്മദാബാദിലെ കോണ്‍ഗ്രസ് നേതാവ് ഷെരീഫ് ഖാനെയാണ് വീടുകളുടെ നിര്‍മാണച്ചുമതല ഏല്‍പിച്ചത്. വൈദ്യുതി ബില്ലും നികുതിയുമെല്ലാം വീട്ടുകാരാണ് അടക്കുന്നത്. എന്നാല്‍, വീടിന്‍െറ രേഖകള്‍ റിലീഫ് കമ്മിറ്റിയുടെ പേരിലാണെന്ന് സിറ്റിസണ്‍ നഗറില്‍നിന്നത്തെിയവര്‍ കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിരവധി തവണ മുസ്ലിം ലീഗ് അഖിലേന്ത്യാ നേതാവ് ഇ. അഹമ്മദ് എം.പിയുമായും വീട് നിര്‍മിച്ചുനല്‍കിയ നവാബ് ബില്‍ഡേഴ്സുമായും ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. രേഖകള്‍ ലഭിക്കാത്തതിനാല്‍ വീട് പുതുക്കിപ്പണിയാന്‍പോലും കഴിയുന്നില്ല.  മാരകമായ അസുഖങ്ങളുമായാണ് പലരും ജീവിക്കുന്നത്. നിരവധി പേര്‍ മരിച്ചു. ഓരോ ദിവസം കഴിയുംതോറും  ജീവിതം  കൂടുതല്‍ ദുരിതപൂര്‍ണമാവുകയാണെന്നും  ഇതിന്‍െറ നിജ$സ്ഥിതി ബോധ്യപ്പെടുത്താനാണ് കേരളത്തിലത്തെിയതെന്നും  ഇവര്‍ പറഞ്ഞു.

മാസങ്ങള്‍ക്കു മുമ്പ് സിറ്റിസണ്‍ നഗറിലെ ദുരിതജീവിതത്തെ കുറിച്ച് ‘മാധ്യമം’ ആഴ്ചപ്പതിപ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന്, മുസ്ലിംലീഗ് നേതാക്കള്‍ പുനരധിവസിപ്പിക്കാനുള്ള ശ്രമം നടത്തുമെന്നും ആവശ്യമായ  നടപടികളെടുക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍, ഒരു നടപടിയും ഉണ്ടായിട്ടില്ളെന്ന്  റിഹാന ബാനു, ഫാറൂഖ് ബദ്റുദ്ദീന്‍ ശൈഖ്, ജമാല്‍, മുംതാസ് ബീബി തുടങ്ങിയവര്‍ പറഞ്ഞു.

സിറ്റിസണ്‍ കോളനിക്കടുത്തുള്ള ദൊരാജി യത്തീംഖാന കോളനി, ചീപ്പാ മേമന്‍ കോളനി എന്നിവിടങ്ങളിലെ താമസക്കാര്‍ക്ക് അതിന്‍െറ രേഖകള്‍ താമസമാക്കിയപ്പോള്‍തന്നെ ലഭിച്ചിരുന്നു. ഈ ഭാഗത്തുനിന്ന്  അടിയന്തരമായി പുനരധിവസിപ്പിക്കുകയോ വീടിന്‍െറ രേഖകള്‍ നല്‍കുകയോ ചെയ്യണമെന്നും പ്രശ്നം  പരിഹരിക്കുന്നതുവരെ കേരളത്തില്‍ തുടരാനാണ് തീരുമാനമെന്നും ഇവര്‍ പറഞ്ഞു.ഗുജറാത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സാഫ് സംഘടനയുടെ പ്രവര്‍ത്തകരായ സഹീദ് റൂമി, ആദില്‍ ഹുസൈന്‍ എന്നിവര്‍ക്കൊപ്പമാണ് 12 പുരുഷന്മാരും എട്ടു സ്ത്രീകളുമടക്കമുള്ള സംഘം  കേരളത്തിലത്തെിയത്.  വംശഹത്യയുമായി ബന്ധപ്പെട്ട കേസുകളിലെയും കലാപക്കേസുകളിലെയും പ്രധാന സാക്ഷികളായ 16 പേര്‍ ഇവിടെയാണുള്ളത്. ഇവരുടെ ജീവന്‍പോലും അപകടത്തിലാണെന്നും സഹീദ് റൂമി പറഞ്ഞു.

തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടുള്ള തന്ത്രം –കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്കായി മുസ്ലിം ലീഗ് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സിറ്റിസണ്‍ നഗറിലെ അന്തേവാസികളെ കോഴിക്കോട്ടത്തെിച്ചത് തെരഞ്ഞെടുപ്പ് തന്ത്രത്തിന്‍െറ ഭാഗമാണെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. കോഴിക്കോട്  സൗത് നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. എം.കെ. മുനീറിന്‍െറ പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങിനിടെ മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം സൂചിപ്പിച്ചപ്പോഴാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. സിറ്റിസണ്‍ നഗറിലെ താമസക്കാര്‍ വന്നതായിരിക്കില്ല, അവരെ കൊണ്ടുവന്നതാണെന്നും എല്ലാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുന്ന തന്ത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. കലാപബാധിതര്‍ക്ക് കിട്ടിയ വീട് താമസയോഗ്യമല്ളെങ്കില്‍ അത് നല്‍കിയവര്‍ ഇക്കാര്യം അന്വേഷിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.