'ജിഷയുടെ കൊലപാതകം: പ്രതിയെ ഉടൻ പിടികൂടും; സഹോദരിക്ക് ജോലി നൽകും'

പെരുമ്പാവൂർ: ജിഷ കൊലപാതക കേസിലെ പ്രതിയെ നിയമത്തിന് മുമ്പിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കുറ്റവാളിയെ പിടികൂടാനുള്ള തിരച്ചിൽ പൊലീസ് ഊർജിതപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം ഫലപ്രദമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പെരുമ്പാവൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജിഷയുടെ മാതാവിനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജിഷയുടെ കുടുംബത്തിന് എല്ലാ സഹായവും സർക്കാർ നൽകും. സഹോദരിക്ക് സർക്കാർ ജോലി നൽകണമെന്ന് ബന്ധുക്കളും ജനപ്രതിനിധികളും ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷന്‍റെ അനുമതിയോടെ ജോലി നൽകാനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ നാട്ടിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണിത്. സംഭവത്തിന് മറ്റൊരു മാനം കൊടുക്കരുത്. കുറ്റകൃത്യത്തിന്‍റെ ഗൗരവം അനുസരിച്ച് തന്നെ എല്ലാ തലങ്ങളിലും നിയമനടപടികൾ ഉണ്ടാകുമെന്നും ഉമ്മൻചാണ്ടി അറിയിച്ചു.

ആശുപത്രിയിലെത്തിയ മുഖ്യമന്ത്രിയെ തടയാൻ ഡി.വൈ.എഫ്.ഐ, എസ്.ഡി.പി.ഐ പ്രവർത്തകർ ശ്രമിച്ചു. മുഖ്യമന്ത്രിക്ക് നേരേ പ്രതിഷേധക്കാർ ഗോ ബാക് വിളിച്ചു. മുഖ്യമന്ത്രി സംരക്ഷണം ഒരുക്കാൻ നൂറോളം കോൺഗ്രസ് പ്രവർത്തകരും എത്തിയിരുന്നു. മാധ്യമപ്രവർത്തകർക്കുനേരെ കയ്യേറ്റശ്രമമുണ്ടായി.ആശുപത്രി പരിസരത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.

മുഖ്യമന്ത്രിക്കൊപ്പം ബെന്നി ബെഹനാൻ എം.എൽ.എയും പെരുമ്പാവൂർ യു.ഡി.എഫ് സ്ഥാനാർഥി എൽദോസ് കുന്നപ്പള്ളിയും ജിഷയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.