ജിഷ കൊലക്കേസ്: ആഭ്യന്തര മന്ത്രി മാപ്പുപറയണം -കോടിയേരി

കോട്ടയം: ജിഷ കൊലക്കേസിലെ അന്വേഷണം എ.ഡി.ജി.പി റാങ്കിൽ കുറയാത്ത വനിത ഉദ്യോഗസ്ഥയെ ഏൽപ്പിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേസ് ആദ്യഘട്ടത്തിൽ കൈകാര്യം ചെയ്ത പൊലീസ് സംഘത്തിനു ഗുരുതരമായ വീഴ്ച സംഭവിച്ചു. വനിത ഐ.ജിയുടെയോ എ.ഡി.ജി.പിയുടെയോ നേതൃത്വത്തിലുള്ള സംഘത്തിന് അന്വേഷണം കൈമാറണം. പൊലീസിന്‍റെ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ജനങ്ങളോടു മാപ്പുപറയാൻ തയാറാകണം. സ്ത്രീകൾക്കു വീടിനുള്ളിൽ പോലും സുരക്ഷ ഉറപ്പാക്കാനാവാത്ത സാഹചര്യമാണ്. സംഭവത്തിൽ ഉമ്മൻചാണ്ടി സർക്കാരിനും പൊലീസിനും ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും കോടിയേരി കുറ്റപ്പെടുത്തി.

കൊലപാതകം നടന്ന് ആറു ദിവസത്തിനു ശേഷമാണ് ആഭ്യന്തര മന്ത്രി സംഭവസ്ഥലത്ത് എത്തുന്നത്. ഓരോ പ്രദേശത്തെയും സംഭവങ്ങൾ അതതു ദിവസം തന്നെ ആഭ്യന്തര മന്ത്രിയെയും മുഖ്യമന്ത്രിയെയും പൊലീസ് ഇന്‍റലിജൻസ് വിഭാഗം കൃത്യമായി അറിയിക്കുന്നുണ്ട്. എന്നിട്ടും ആദ്യ ദിവസങ്ങളിൽ സംഭവ സ്ഥലത്ത് എത്താതിരുന്നത് ആഭ്യന്തരമന്ത്രിക്കു സംഭവിച്ച ഗുരുതരമായ വീഴ്ചയാണ്. മാധ്യമങ്ങളിലുടെയാണ് വിഷയം അറിഞ്ഞതെങ്കിൽ ആ കാര്യം ചെന്നിത്തല തുറന്നു പറയണം. ഇത്തരത്തിൽ റിപ്പോർട്ട് ലഭിച്ചിട്ടില്ലെങ്കിൽ ഇന്‍റലിജൻസ് മേധാവിക്കെതിരെ നടപടിയെടുക്കാൻ സർക്കാർ തയാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

കൊലപാതകം നടന്ന സ്ഥലം എസ്.പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സന്ദർശിച്ചിട്ടുണ്ടോ എന്നു വ്യക്തമാക്കണം. പി.ജി വിദ്യാർഥിയെ കൊണ്ട് പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മാർട്ടം ചെയ്യിച്ചതിനു പിന്നിലും ദുരൂഹതയുണ്ട്. പ്രതിയെ രക്ഷപെടുത്താൻ വേണ്ടിയുള്ള ശ്രമാണിതെന്നും സംശയിക്കാം. തെര‍ഞ്ഞെടുപ്പ് പ്രമാണിച്ചു പൊലീസ് സംഘം സംഭവം വിവാദമാകാതെ മൂടിവെക്കുകയായിരുന്നെന്നും കോടിയേരി ആരോപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.