തിരുവനന്തപുരം: കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ സംസ്ഥാനത്ത് മദ്യവില്‍പനയിലും ഉപഭോഗത്തിലും വന്‍ കുറവുണ്ടായെന്ന് സര്‍വേ. ആല്‍ക്കഹോള്‍ ആന്‍ഡ് ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ (അഡിക്- ഇന്ത്യ) നടത്തിയ താരതമ്യപഠനമാണ് ഇത് വ്യക്തമാക്കുന്നത്. മദ്യലഭ്യത നിയന്ത്രിച്ചുകൊണ്ടുള്ള നിയമം പ്രാബല്യത്തില്‍ വന്നശേഷം മദ്യഉപഭോഗം 22.11 ശതമാനമാണ് കുറഞ്ഞത്. മദ്യവില്‍പനയില്‍ കഴിഞ്ഞ 30 വര്‍ഷമായി 12 മുതല്‍ 67 വരെ ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിക്കൊണ്ടിരുന്ന സംസ്ഥാനത്ത് ഈ മാറ്റം മാതൃകാപരമാണെന്ന് അഡിക് ഇന്ത്യ ഡയറക്ടര്‍ ജോണ്‍സണ്‍ ജെ. ഇടയാറന്മുള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2014 ഏപ്രില്‍ മുതല്‍ 2016 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം വിദേശമദ്യവില്‍പനയില്‍ 25.29 ശതമാനം കുറവുണ്ടായി. അതേസമയം ബിയര്‍, വൈന്‍ വില്‍പനയില്‍ വന്‍വര്‍ധന രേഖപ്പെടുത്തി.
ഈ കാലയളവില്‍ കൊലപാതകക്കേസുകളില്‍ 15 ശതമാനവും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ 34 ശതമാനവും ഗാര്‍ഹിക പീഡനക്കേസുകള്‍ 24 ശതമാനവും കുറഞ്ഞിട്ടുണ്ടെന്നും പഠനത്തില്‍ പറയുന്നു. മദ്യഉപഭോഗത്തിന്‍െറ ഈ കണക്കുകള്‍ ഉള്‍ക്കൊണ്ടാവണം വരാനിരിക്കുന്ന സര്‍ക്കാറും മദ്യനയം രൂപപ്പെടുത്തേണ്ടതെന്നും ജോണ്‍സണ്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.