കൊച്ചി: ജിഷ വധക്കേസ് അന്വേഷണത്തില്‍ അലംഭാവമില്ലെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൂര്‍ണ ഗൗരവത്തോടെ കേസ് പൊലീസ് അന്വേഷിക്കുന്നുണ്ട്. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ കേസിന്‍റെ പുരോഗതി താന്‍ നേരിട്ട് വിലയിരുത്തുന്നുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസിന്‍റെ വിശദാംശങ്ങള്‍ പുറത്തുവരുന്നത് അന്വേഷണത്തിന് ഗുണകരമല്ല. എല്ലാ വിശദാംശങ്ങളും പുറത്തുപറയാനാവില്ല. എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ നിഗമനത്തിലെത്താനാവൂ. സംഭവത്തിൽ പൊലീസിന്‍റെ ഭാഗത്തു വീഴ്ചയുണ്ടായിട്ടില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. കൂടുതല്‍ തെളിവു ശേഖരിക്കാനുള്ളതിനാലാണ് സമയമെടുക്കുന്നത്. കേസ് അന്വേഷണത്തില്‍ ഒരു അലംഭാവവും ഇല്ല. പ്രതിഷേധങ്ങള്‍ പോലീസിനെ സമ്മര്‍ദത്തിലാക്കുകയാണെന്നും അവര്‍ക്ക് സ്വതന്ത്രമായി അന്വേഷിക്കാന്‍ അവസരം നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കേരളത്തിലെ ഒരു സഹോദരിക്ക് സംഭവിച്ച ദുരന്തത്തെ രാഷ്ട്രീയവത്ക്കരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കില്‍ അത് അപലപനീയമാണ്. ഇത് ഇടതുപക്ഷം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇങ്ങനെയൊരു സംഭവമുണ്ടായപ്പോള്‍ ആദ്യം ആശുപത്രിയിലെത്തി ജിഷയുടെ അമ്മയെ സന്ദര്‍ശിക്കാന്‍ എത്തുന്നത് ഞാനാണ്. എന്നാല്‍, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അതിന് അനുവദിച്ചില്ല. സംഭവം യു.ഡി.എഫിന്‍റെ തെരഞ്ഞെടുപ്പ് വിഷയത്തെ ബാധിക്കുമെന്ന് കരുതുന്നില്ല. ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ എടുത്ത നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.