ആലപ്പുഴ : പെരുമ്പാവൂരിൽ കൊലചെയ്യപ്പെട്ട ജിഷയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയതിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗത്തിനു ഗുരുതര വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട് .ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ . ജയലേഖ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയരക്ടർ ഡോ . എം റംലക്ക് നൽകിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വീഴ്ചകൾ എടുത്തു പറയുന്നുണ്ട്. ഡി എം ഇ റിപ്പോർട്ട് ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ . ഇളങ്കൊവനു കൈമാറി. വിശദ അന്വേഷണത്തിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവി ഡോ . എൻ ശശികല, ജോയന്റ് മെഡിക്കൽ എഡ്യുക്കേഷൻ ഡയരക്ടർ ഡോ . ശ്രീകുമാരി എന്നിവർ വെള്ളിയാഴ്ച ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തും .
കൊലപാതകത്തിന്റെ ഗൌരവ സ്വഭാവം കണക്കിലെടുക്കാതെയാണ് പോസ്റ്റ്‌മോർട്ടം നടത്തിയതെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഫോറൻസിക് അസോ. പ്രൊഫസ്സർ പോസ്റ്റ് മോർട്ടത്തിൽ മുഴുവൻ സമയവും പങ്കെടുത്തില്ല. പി ജി വിദ്യാർഥിയാണ് പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയത് . സംഭവ സ്ഥലം സന്ദർശിച്ചതും പി ജി വിദ്യാർഥിയാണ്. പ്രൊഫസ്സർ പോയില്ല. മൃതദേഹം ഏറ്റു വാങ്ങിയതും പി ജി വിദ്യാർഥി ആയിരുന്നു. ഏപ്രിൽ 29 നു നടത്തിയ പോസ്റ്റ്‌മോർട്ടത്തിന്റെ റിപ്പോർട്ട് പൊലിസിനു കൈമാറുന്നതിൽ കാലവിളംബം വന്നു. മെയ് 4 നാണ് റിപ്പോർട്ട് കൊടുത്തത്. പോസ്റ്റ് മോർട്ടം വിഡിയോയിൽ പകർത്തിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. തനിക്ക് ക്ലാസ് എടുക്കാൻ ഉണ്ടായിരുന്നതിനാലാണ് പോസ്റ്റ്‌മോർട്ടത്തിൽ മുഴുവൻ സമയവും പങ്കെടുക്കാതിരുന്നതെന്നാണ് അസോ. പ്രൊഫസ്സറുടെ വിശദീകരണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.