സ്വര്‍ണനികുതി പിന്‍വലിക്കില്ല; അഞ്ചു ശതമാനം വാറ്റ് ഈടാക്കുന്ന കേരളത്തിന് ധനമന്ത്രിയുടെ വിമര്‍ശം

ന്യൂഡല്‍ഹി: വെള്ളി ഒഴികെയുള്ള ആഭരണങ്ങള്‍ക്ക് ബജറ്റില്‍ ചുമത്തിയ ഒരു ശതമാനം എക്സൈസ് തീരുവ പിന്‍വലിക്കില്ളെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രഖ്യാപിച്ചു. ജ്വല്ലറി ഉടമകളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും പ്രതിഷേധം വകവെക്കാതെയാണ് തീരുമാനം. ആഭരണങ്ങള്‍ക്ക് ചില സംസ്ഥാനങ്ങള്‍ ഈടാക്കുന്നതിനേക്കാള്‍ താഴ്ന്നനിരക്കാണ് കേന്ദ്രത്തിന്‍േറതെന്ന് ലോക്സഭയില്‍ ധനമന്ത്രി ന്യായീകരിച്ചു. കേരളത്തില്‍ സ്വര്‍ണത്തിന് അഞ്ചു ശതമാനം മൂല്യവര്‍ധിത നികുതി (വാറ്റ്) ഈടാക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിലുമുണ്ട് ഉയര്‍ന്ന വാറ്റ്. കേന്ദ്രം ഒരു ശതമാനം നികുതി ചുമത്തിയതാണ് പ്രശ്നം -മന്ത്രി കുറ്റപ്പെടുത്തി.ധനബില്‍ ചര്‍ച്ചക്ക് മറുപടി പറയുമ്പോഴാണ് നിലപാടില്‍ മാറ്റമില്ളെന്ന് ധനമന്ത്രി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിന്‍െറ എതിര്‍പ്പിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ അവര്‍ ഭരിക്കുന്ന കേരളത്തില്‍ അഞ്ചു ശതമാനം വാറ്റ് പിന്‍വലിക്കട്ടെ. സ്യൂട്ടിനെ വെറുക്കുകയും സ്വര്‍ണത്തെ പ്രണയിക്കുകയും ചെയ്യുന്ന രാഷ്ട്രീയം മനസ്സിലാക്കാന്‍ തനിക്ക് സാധിക്കുന്നില്ല.

കാര്‍ഷികവരുമാനം ആദായനികുതി പരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്രം ഉദ്ദേശിക്കുന്നില്ളെന്നും മന്ത്രി വ്യക്തമാക്കി. ഭരണഘടനപ്രകാരം കാര്‍ഷികവരുമാനത്തിന് നികുതി ചുമത്താന്‍ കേന്ദ്രത്തിന് അധികാരമില്ല. സംസ്ഥാനങ്ങള്‍ നികുതി ഏര്‍പ്പെടുത്തരുതെന്നാണ് കേന്ദ്രത്തിന്‍െറ താല്‍പര്യം. എക്സൈസ് തീരുവ ചുമത്തിയതിനെ കോണ്‍ഗ്രസിനു പുറമെ, ബി.ജെ.പി സഖ്യകക്ഷിയായ ശിവസേനയും തെലങ്കാന രാഷ്ട്രസമിതി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയവയും എതിര്‍ത്തിരുന്നു. സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ജ്വല്ലറി ഉടമകള്‍ 18 ദിവസത്തെ സമരം നടത്തിയിരുന്നു.

മുന്‍ സാമ്പത്തികവര്‍ഷം വിറ്റുവരവ് 12 കോടി രൂപയില്‍ കൂടുതലുള്ള ജ്വല്ലറി ഉടമകള്‍ക്ക് മാത്രമാണ് തീരുവ ബാധകമെന്ന് ധനമന്ത്രാലയം വിശദീകരിച്ചിരുന്നു. ചെറുകിട ജ്വല്ലറിക്കാരെ തീരുമാനം ബാധിക്കില്ല. ഒരു എക്സൈസ് ഓഫിസറും സ്വര്‍ണപ്പണിക്കാരനെ ചെന്നുകണ്ട് പീഡിപ്പിക്കില്ല. ഇക്കൊല്ലത്തേക്കുള്ള ധനബില്‍ ചര്‍ച്ചക്കുശേഷം ലോക്സഭ പാസാക്കി. മെച്ചപ്പെട്ട വളര്‍ച്ചാ വേഗം കൈവരിക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് മറുപടിപ്രസംഗത്തില്‍ ജെയ്റ്റ്ലി പ്രത്യാശിച്ചു. കടുത്ത വരള്‍ച്ചക്കുശേഷം, വൈകാതെ നല്ല മഴ കിട്ടുമെന്നാണ് പ്രതീക്ഷ. കാര്‍ഷിക, ഗ്രാമീണ വരുമാനം ഇതുവഴി മെച്ചപ്പെടും. കള്ളപ്പണം നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വഴി 71,000 കോടി രൂപയുടെ വെളിപ്പെടുത്താത്ത ആസ്തി, രേഖകളിലാക്കാന്‍ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.