സൊമാലിയ പരാമർശം: മോദി കേരളത്തെ അപമാനിച്ചെന്ന് ഉമ്മൻചാണ്ടി

തിരുവനന്തപുരം: കേരളത്തെ അപമാനിക്കുന്ന വാസ്തവവിരുദ്ധമായ പ്രസ്താവന പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്‍വലിക്കണമെന്ന്  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇവിടെ നടന്നിട്ടില്ലാത്ത കാര്യങ്ങളും സോമാലിയപോലെയാണെന്നുംവരെ പറഞ്ഞ് കേരളത്തെ അദ്ദേഹം അപമാനിച്ചെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കണ്ണൂരിലെ പേരാവൂരില്‍ കുട്ടികള്‍ മാലിന്യത്തില്‍നിന്ന് ഭക്ഷണം കഴിക്കുന്ന ചിത്രം കരളലിയിച്ചുവെന്നാണ് വാര്‍ത്തയുടെ നിജസ്ഥിതിപോലും അന്വേഷിക്കാതെ പ്രധാനമന്ത്രി തട്ടിവിട്ടത്. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോള്‍ത്തന്നെ അന്വേഷിച്ച് അത് വാസ്തവവിരുദ്ധമാണെന്ന് കണ്ടത്തെിയിരുന്നു. സംസ്ഥാന സര്‍ക്കാറിനോട് നിജസ്ഥിതി അന്വേഷിച്ച് നിഗമനത്തില്‍ എത്തുകയാണ് പ്രധാനമന്ത്രി ചെയ്യേണ്ടിയിരുന്നത്. കേരളത്തില്‍ ഒരു കുട്ടിപോലും മാലിന്യകേന്ദ്രങ്ങളില്‍നിന്ന് ഭക്ഷണം കഴിക്കുന്നില്ളെന്ന് തനിക്ക് ഉറപ്പുണ്ട്.

ഇവിടെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഉച്ചഭക്ഷണവും ആഴ്ചയില്‍ ഒരു ദിവസം മുട്ടയുംപാലും നല്‍കുന്നുണ്ട്. സൗജന്യമായി അരി നല്‍കുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. ഇന്ത്യയിലെ ഒരു സംസ്ഥാനമായ കേരളത്തില്‍ സോമാലിയപോലൊരു പ്രദേശമുണ്ടെന്നു പറയുന്നത് പ്രധാനമന്ത്രിക്ക് നാണക്കേടാണ്. സി.പി.എമ്മിന്‍െറ അക്രമങ്ങളും കൊലപാതകങ്ങളും ഒതുക്കിത്തീര്‍ത്തെന്ന പരാമര്‍ശവും ശരിയല്ല. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ശിപാര്‍ശയില്‍ കേന്ദ്രസര്‍ക്കാര്‍ രണ്ടേകാല്‍ വര്‍ഷമായി അടയിരിക്കുകയാണ്.

ബി.ജെ.പിയും സി.പി.എമ്മും തമ്മിലെ ഒത്തുകളിയുടെ ഭാഗമാകാം ഇത്. ജയകൃഷ്ണന്‍ മാസ്റ്ററെ കൊലപ്പെടുത്തിയ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നല്‍കിയ അപേക്ഷയും കേന്ദ്രം പൂഴ്ത്തി. ഷുക്കൂര്‍, കതിരൂര്‍ മനോജ്, മുഹമ്മദ് ഫസല്‍ എന്നിവരുടെ വധത്തിലെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തത് കോടതിവിധിയുടെ അടിസ്ഥാനത്തിലാണ്.സോളാറെന്ന് കേള്‍ക്കുമ്പോള്‍  ഇവിടാരും ഞെട്ടാറില്ല.  തെരഞ്ഞെടുപ്പ് ആകുമ്പോള്‍ അപമാനം അല്ളെങ്കില്‍ അഭിമാനം എന്ന നിലപാട് പ്രധാനമന്ത്രിക്കു ചേര്‍ന്നതാണോയെന്നും കത്തില്‍ മുഖ്യമന്ത്രി ചോദിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.