മുഖ്യമന്ത്രിക്കെതിരെ കേസ്: വെല്ലുവിളിച്ച് വി.എസിന്‍െറയും ഉമ്മന്‍ ചാണ്ടിയുടെയും അഭിഭാഷകര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ 31 കേസുണ്ടെന്ന നിലപാടില്‍ വി.എസ്. അച്യുതാനന്ദന്‍െറ അഭിഭാഷകന്‍ ഉറച്ചുനിന്നപ്പോള്‍ ഇല്ളെന്ന മുന്‍ വാദത്തില്‍ ഉറച്ച് ഉമ്മന്‍ ചാണ്ടിയുടെ അഭിഭാഷകന്‍. വാദത്തിനിടെ ഇരു അഭിഭാഷകരുടെയും വെല്ലുവിളിക്കും അവധിക്കാല ജില്ലാ കോടതി സാക്ഷ്യം വഹിച്ചു. പിന്നീട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഒരുമിച്ച് നടത്തിയ പ്രസ്താവനക്കിടെയും ഇരുവരും തമ്മില്‍ വാഗ്വാദമുണ്ടായി. ഉമ്മന്‍ ചാണ്ടിക്കെതിരായ പ്രസ്താവനകളില്‍നിന്ന് വി.എസിനെ വിലക്കണമെന്ന ഉപഹരജിയിലെ തുടര്‍വാദം ജില്ലാ ജഡ്ജി എ. ബദറുദ്ദീന്‍ മുമ്പാകെ വെള്ളിയാഴ്ച നടക്കും.

ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടെ ആദ്യ വെല്ലുവിളി നടത്തിയത് ഉമ്മന്‍ ചാണ്ടിക്കുവേണ്ടി ഹാജരായ ജില്ലാ ഗവണ്‍മെന്‍റ് പ്ളീഡര്‍ എ. സന്തോഷ്കുമാറായിരുന്നു. ഒരു എഫ്.ഐ.ആറില്‍ പോലും പേരില്ലാത്ത ഉമ്മന്‍ ചാണ്ടിക്കെതിരെ എതിര്‍ സത്യവാങ്മൂലം കോടതിയില്‍ നല്‍കാന്‍  വി.എസിന് ധൈര്യമുണ്ടോയെന്നായിരുന്നു വെല്ലുവിളി.

ഉമ്മന്‍ ചാണ്ടിക്കെതിരെ ലോകായുക്ത മുതല്‍ സുപ്രീംകോടതിവരെ കേസുകളുണ്ടെന്ന് വി.എസിനുവേണ്ടി ഹാജരായ അഡ്വ. ചെറുന്നിയൂര്‍ ശശിധരന്‍നായര്‍ തിരിച്ചടിച്ചു. കേസുകളുടെ രേഖകള്‍ സഹിതം ഹാജരാക്കാമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. അഴിമതി ആരോപണം മുതല്‍ ലൈംഗിക ആരോപണം വരെയുള്ള കേസുകളാണിവയെന്നും വി.എസിന്‍െറ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഇതെല്ലാം കോടതിയിലുന്നയിച്ച ആരോപങ്ങളാണെന്നും ഇക്കാര്യത്തില്‍ ഒരു എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തുകയോ ഒരു സമന്‍സ് ലഭിക്കുകയോ ചെയ്തിട്ടില്ളെന്ന് ഉമ്മന്‍ ചാണ്ടിയുടെ അഭിഭാഷകന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കേസുകളില്ളെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. എന്നാല്‍, തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തേണ്ട കേസുകള്‍ ക്രിമിനല്‍ സ്വഭാവമുള്ളതും കുറ്റപത്രം നല്‍കിയതുമായ കേസുകള്‍ മാത്രമാണെന്നായിരുന്നു വി.എസിന്‍െറ അഭിഭാഷകന്‍െറ മറുപടി. കോടതികളില്‍നിന്ന് വിവരാവകാശപ്രകാരവും വിശ്വസനീയമായരീതിയിലും ലഭിച്ച കേസിന്‍െറ വിവരങ്ങളാണ് കോടതിയില്‍ നല്‍കിയതെന്നും ബോധിപ്പിച്ചു.

എന്നാല്‍, ഇത് കേസായി പരിഗണിക്കാനാവില്ളെന്നും ആരോപണം മാത്രമാണെന്നുമായിരുന്നു മറുപടി. വെള്ളിയാഴ്ച രാവിലെ പത്തു മുതല്‍ പ്രത്യേക സിറ്റിങ്ങില്‍ വാദം പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.