കമലിന് പിന്തുണയുമായി സാംസ്കാരിക പ്രവര്‍ത്തകര്‍


തൃശൂര്‍: സുരേഷ് ഗോപിയുടെയും ശ്രീശാന്തിന്‍െറയും നിലപാടുകള്‍ തുറന്നുകാട്ടിയ സംവിധായകന്‍ കമലിനെതിരെ സംഘ്പരിവാര്‍ അനുകൂലികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന പുലഭ്യം പറച്ചില്‍ അവരുടെ ജന്മസിദ്ധമായ അസഹിഷ്ണുതയാണ് വെളിവാക്കുന്നതെന്ന് സാംസ്കാരിക പ്രവര്‍ത്തകരായ വൈശാഖന്‍, രാവുണ്ണി, ജയരാജ് വാര്യര്‍, എന്‍.ആര്‍. ഗ്രാമപ്രകാശ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
‘കലാപ്രതിഭകള്‍ ഇടതുപക്ഷത്തോടൊപ്പം’ എന്ന പേരില്‍ മണലൂരില്‍ നടന്ന സാംസ്കാരിക സംഗമത്തില്‍, പിറന്ന മതത്തിന്‍െറ പേരിലല്ല മനുഷ്യന്‍ എന്ന ലേബലില്‍ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്ന് കമല്‍ പറഞ്ഞതിന് തങ്ങള്‍ സാക്ഷികളാണ്.
ഏതെങ്കിലും മതത്തിന്‍െറ പക്ഷത്തല്ല, മാനവികതയുടെ പക്ഷത്താണ് കമല്‍ എന്നും ഉറച്ചുനിന്നിട്ടുള്ളത്. സ്ഥാനമാനങ്ങള്‍ കിട്ടാന്‍ പ്രധാനമന്ത്രിയുടെയും ഭരണകക്ഷിയുടെയും മുന്നില്‍ സുരേഷ് ഗോപിമാര്‍ നടുവളച്ച് നില്‍ക്കുമ്പോള്‍ കമലിനെപ്പോലുള്ള പ്രതിഭകള്‍ ഭരണകൂട ഭീകരതക്കെതിരെ സംസാരിക്കുന്നത് കേരളത്തിന്‍െറ പ്രബുദ്ധതയുടെ സാക്ഷ്യമാണ്. വാലാട്ടുന്നവരല്ല, കുരക്കുന്നവരാണ് സത്യത്തിന്‍െറ യഥാര്‍ഥ കാവല്‍ക്കാര്‍. ഭീഷണിയുടെ മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കമലിന് സാംസ്കാരിക കേരളത്തിന്‍െറ പിന്തുണ ഉണ്ടാകുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.