പെരുമ്പാവൂര്‍: ജിഷ വധക്കേസില്‍ വളരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്ന് പൊലീസ് അവകാശപ്പെട്ടു. ജിഷയുടെ വസ്ത്രത്തില്‍നിന്ന് ലഭിച്ച പ്രതിയുടെ ഉമിനീരും ജിഷയുടെ നഖത്തില്‍നിന്ന് ലഭിച്ച മാംസ ചീളുകളും മറ്റും ഡി.എന്‍.എ പരിശോധനക്ക് അയച്ചതിന്‍െറ ഫലം കിട്ടി. ഫോറന്‍സിക് പരിശോധനാ ഫലവും സജ്ജമായി. ഇത് അന്വേഷണ സംഘത്തിന് കൂടുതല്‍ ആത്മവിശ്വാസം പകര്‍ന്നു.
വ്യക്തവും നിര്‍ണായകവുമായ തെളിവ് ലഭിച്ചതായി അന്വേഷണം ഏകോപിപ്പിക്കുന്ന ഡിവൈ.എസ്.പി ജിജിമോന്‍ പറഞ്ഞു. പ്രതിയിലേക്ക് പൊലീസ് എത്തുകയാണ്. അധികം താമസിയാതെ പിടികൂടും. അതേസമയം പ്രതിക്ക് തൂക്കുകയര്‍ വാങ്ങിക്കൊടുക്കാവുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് കുറുപ്പംപടി സി.ഐ രാജേഷ് പറഞ്ഞു.
അതിനിടെ പ്രതി പിടിയിലായെന്നും ഹരികുമാര്‍ എന്നാണ് പേരെന്നുമുള്ള ഇംഗ്ളീഷ് പത്രത്തില്‍ വന്ന വാര്‍ത്ത പൊലീസ് നിഷേധിച്ചു. ഹരികുമാറിനെ പലതവണ ചോദ്യം ചെയ്തിട്ടുണ്ടെന്ന് ഡിവൈ.എസ്.പി ജിജി മോന്‍ പറഞ്ഞു.
എന്നാല്‍, കേസില്‍ കണ്ണി ചേര്‍ക്കാനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ല. പൊലീസിന്‍െറ കൈയിലുള്ള തെളിവുകളുമായി പൊരുത്തപ്പെടാത്തവരെ പ്രതിയാക്കാന്‍ കഴിയില്ല.ജിഷയുടെ അയല്‍വാസിയാണ് ഹരികുമാര്‍. സഹോദരന്‍ അനില്‍കുമാറിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. പല്ലുകളില്‍ വിടവുള്ള ഇയാളെ ശനിയാഴ്ച പൊലീസ് വിളിപ്പിച്ചു. ഞായറാഴ്ച രാവിലെ എത്തണമെന്ന് നിര്‍ദേശിച്ച് വിട്ടയച്ചു.
സഹോദരന്‍ ഹരികുമാറിനെ മൂന്നു ദിവസം പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തുവെന്ന് അനില്‍കുമാര്‍ പറഞ്ഞു. നിലവില്‍ അടിമാലിയില്‍നിന്ന് പിടികൂടിയ രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ മാത്രമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. മറ്റുള്ളവരെ ആവശ്യമാണെങ്കില്‍ എത്തണമെന്ന നിര്‍ദേശത്തോടെ വിട്ടയച്ചു.
ഡിവൈ.എസ്.പി ജിജിമോന്‍ ശനിയാഴ്ചയും വീട്ടു പരിസരത്ത് എത്തി അന്വേഷണം നടത്തി. രാവിലെ ഐ.ജി മഹിപാല്‍ യാദവിന്‍െറ സാന്നിധ്യത്തില്‍ അടിയന്തര യോഗം നടന്നു. അന്വേഷണ പുരോഗതി വിലയിരുത്താന്‍ രാത്രി ആലുവയിലും യോഗം ചേര്‍ന്നു. അതേസമയം ജിഷയെ കൊല ചെയ്ത് 16 ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനായില്ല. ഇതു സംബന്ധിച്ച് അഭ്യൂഹങ്ങള്‍ മാത്രമാണ് പരക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.