പെരുമ്പാവൂര്‍: ജിഷ വധക്കേസില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഡി.എന്‍.എ പരിശോധനാ ഫലത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് അന്വേഷണ സംഘം. ബംഗാളി യുവാവടക്കം നാല് പേരുടെ ഉമിനീര്‍ ഡി.എന്‍.എ പരിശോധനക്ക് അയച്ചതിന്‍െറ ഫലം രണ്ടു ദിവസത്തിനകം ലഭിക്കുമെന്നാണ് കരുതുന്നത്. അതേസമയം ബംഗാളി യുവാവിലേക്കാണ് അന്വേഷണം കേന്ദ്രീകരിക്കുന്നത്.
രണ്ടുദിവസം മുമ്പാണ് സംശയിക്കുന്നവരുടെ ഉമിനീര്‍ ഡി.എന്‍.എ പരിശോധനക്ക് അയച്ചത്. സാധാരണ ഗതിയില്‍ ഫലം വരാന്‍ അഞ്ച് ദിവസമെങ്കിലും എടുക്കുമെന്ന് ഫോറന്‍സിക് വിദഗ്ധരും പൊലീസ് ഉദ്യോഗസ്ഥരും പറയുന്നു. അസാധാരണ കേസായി പരിഗണിച്ചാലും മൂന്ന് ദിവസമെങ്കിലും എടുക്കും. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഫലം ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ.
ഇവരില്‍ ആരുടെ ഡി.എന്‍.എയാണോ ജിഷയുടെ വസ്ത്രത്തില്‍നിന്ന് ലഭിച്ച ഡി.എന്‍.എയുമായി ചേരുന്നത് അയാളായിരിക്കും പ്രതി. ഡി.എന്‍.എ ഫലം കൃത്യമായി സ്ഥിരീകരിച്ചശേഷം മതി അറസ്റ്റെന്നും കേസിന് ബലമുണ്ടാകണമെങ്കില്‍ ഇത് അനിവാര്യമാണെന്നുമാണ് പൊലീസ് വിലയിരുത്തല്‍.
അതിനിടെ മൂന്നുദിവസം മുമ്പ് കസ്റ്റഡിയിലെടുത്ത ബംഗാളി യുവാവിലേക്കാണ് സംശയമുന നീളുന്നത്. സാഹചര്യത്തെളിവുകള്‍ ഈ യുവാവിന് എതിരാണെന്ന് പൊലീസ് പറയുന്നു. ഇയാളുടെ മൊബൈല്‍ കോള്‍ പട്ടികയും പൊലീസ് പരിശോധിച്ചു. അതും ഇയാളാണ് പ്രതി എന്നതിലേക്കാണ് സൂചന നല്‍കുന്നതത്രേ. എന്നാലും പൂര്‍ണമായും ഉറപ്പിച്ചിട്ടില്ല. അതേസമയം ബംഗാളിലെ ഡാര്‍ജിലിങ്ങില്‍നിന്ന് പ്രതിയെ പിടികൂടിയെന്ന് വരുത്താനാണ് ശ്രമം. അന്വേഷണ സംഘത്തിലെ ചിലരെ ഡാര്‍ജിലിങ്ങിലേക്ക് അയച്ചുവെന്ന് ഉദ്യോഗസ്ഥര്‍ പറയുമ്പോള്‍ സംഘത്തിലെ തന്നെ ഒരു വിഭാഗം അത് നിഷേധിക്കുന്നു.
ഇക്കാര്യം തങ്ങള്‍ക്ക് അറിയില്ളെന്നാണ് ഇവര്‍ പറയുന്നത്. അതിനിടെ ജിഷയുമായി അടുത്ത ബന്ധമുള്ള ഒരു സ്ത്രീയാണ് കൃത്യം ചെയ്തതെന്ന പ്രചാരണവും നടക്കുന്നു. പൊലീസിനെ ഉന്നം വെച്ച് ആക്ടിവിസ്റ്റുകളായ ചിലരാണത്രേ ഇത് പ്രചരിപ്പിക്കുന്നത്. ജിഷയുടെ മുതുകില്‍ കടിയേറ്റതാണ് ബന്ധുവായ സ്ത്രീയാണെന്നതിന് തെളിവായി പറയുന്നത്. മുതുകില്‍ കടിക്കണമെങ്കില്‍ അത് സ്ത്രീയാകും എന്ന ഊഹത്തിന്‍െറ അടിസ്ഥാനത്തിലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.