വഴി തടഞ്ഞുള്ള പ്രകടനങ്ങൾക്കെതിരെ ജസ്റ്റിസ് കെമാൽപാഷ

കൊച്ചി: യാത്രക്കാരെ മണിക്കൂറുകളോളം ബന്ധിയാക്കുന്നവിധം റോഡുകളില്‍ നടക്കുന്ന പ്രകടനങ്ങളും മറ്റും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിക്ക് ജസ്റ്റിസ് ബി. കെമാല്‍പാഷയുടെ കത്ത്. കത്ത് പൊതുതാല്‍പര്യ ഹരജിയായി പരിഗണിച്ച് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ കലാശക്കൊട്ട് ദിവസം ആലുവക്കും അങ്കമാലിക്കുമിടയില്‍ രണ്ട് മണിക്കൂറോളം വാഹനത്തില്‍ കുടുങ്ങിയ സംഭവം ചൂണ്ടിക്കാട്ടിയാണ് കത്ത് നല്‍കിയത്. രാഷ്ട്രീയ കക്ഷികളുടെ കലാശക്കൊട്ടും പ്രകടനങ്ങളുംമൂലം ഈ സമയത്ത് ദേശീയപാതയിലാകെ ഗതാഗതം മുടങ്ങിയിരുന്നതായി അറിഞ്ഞു.

റോഡില്‍ നൃത്തം ചവിട്ടുന്നവര്‍ക്ക് ഗതാഗതം തടസ്സപ്പെടുത്തി പൊലീസുകാര്‍ സൗകര്യമൊരുക്കുന്ന കാഴ്ചയായിരുന്നു എങ്ങും. യാത്രക്കാരെ മണിക്കൂറുകളോളം റോഡില്‍ തടഞ്ഞുവെക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണ്. റോഡ് കളിക്കളമാക്കാന്‍ രാഷ്ട്രീയക്കാര്‍ക്കോ വ്യക്തികള്‍ക്കോ അവകാശമില്ല.

റോഡുകളെ ഇത്തരം മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ക്കായി വിനിയോഗിക്കുന്നത് തടയാന്‍ കോടതിയുടെ ഇടപെടല്‍ അനിവാര്യമാണെന്ന് ഹൈകോടതി രജിസ്ട്രാര്‍ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പൊതുതാല്‍പര്യ ഹരജിയായി പരിഗണിക്കാന്‍ കത്ത് ഡിവിഷന്‍ ബെഞ്ച് മുമ്പാകെ ഹാജരാക്കണമെന്നും ആവശ്യപ്പെടുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.