സാമുദായിക ആവശ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടെന്ന് ലീഗില്‍ വിമര്‍ശം



മലപ്പുറം: ഭരണത്തിലിരിക്കുമ്പോള്‍ സാമുദായിക വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലും അവകാശങ്ങള്‍ നേടിയെടുക്കുന്നതിലും പിന്നാക്കം പോയതാണ് മലപ്പുറത്ത് ലീഗിനുണ്ടായ വോട്ട് നഷ്ടത്തിന് കാരണമെന്ന് വിമര്‍ശം. സകല ശക്തിയും ഉപയോഗിച്ച് പോരാടിയിട്ടും പാര്‍ട്ടിക്ക് ശക്തമായ വേരോട്ടമുള്ള താനൂര്‍ മണ്ഡലം നഷ്ടപ്പെടുന്നതിനും ഏറനാട് ഒഴിച്ചുള്ള മുഴുവന്‍ മണ്ഡലങ്ങളിലും ഭൂരിപക്ഷം ഇടിയുന്നതിനും ഇടയാക്കിയ കാരണങ്ങള്‍ ഉടനെ ചേരുന്ന പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്യും. ഇതുസംബന്ധിച്ച് പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചേക്കും. ഇനിയുള്ള നാളുകളില്‍ സാമുദായിക പ്രശ്നങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും പാര്‍ട്ടി തീരുമാനമെടുക്കും.
അതേസമയം, പ്രതിപക്ഷത്തിരിക്കുമ്പോള്‍ സ്വീകരിക്കുന്ന നയനിലപാടുകള്‍ക്ക് വിരുദ്ധമായ സമീപനമാണ് ഭരണത്തിലിരിക്കുമ്പോള്‍ സാമുദായിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നേതൃത്വം സ്വീകരിക്കുന്നതെന്ന വിമര്‍ശം അണികള്‍ക്കിടയില്‍ ശക്തമാണ്. പുതിയ വോട്ടര്‍മാരുടെയും യുവ സമൂഹത്തിന്‍െറയും വോട്ടുകള്‍ കൂടുതല്‍ സമാഹരിക്കാന്‍ പാര്‍ട്ടിക്ക് കഴിയാതിരുന്നത് ഇതുകൊണ്ടാണെന്നും ലീഗിലെ സെക്രട്ടേറിയറ്റ് അംഗം ‘മാധ്യമ’ത്തോട് പറഞ്ഞു. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനും എത്രയോ മുമ്പ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിലൂടെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ ജനാധിപത്യ സ്വഭാവം നഷ്ടപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിതലത്തില്‍ ഒരുതരത്തിലുള്ള ചര്‍ച്ചയും നടത്താതെ ചില കേന്ദ്രങ്ങള്‍ രൂപപ്പെടുത്തിയ പട്ടിക ഹൈദരലി തങ്ങളെക്കൊണ്ട് പ്രഖ്യാപിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ തവണ വന്‍ ഭൂരിപക്ഷത്തില്‍ ഭരണം ഏറ്റെടുത്ത ശേഷം അഞ്ചാം മന്ത്രിസ്ഥാനത്തിനു വേണ്ടിയുള്ള ‘പോരാട്ട’മല്ലാതെ സമുദായത്തിനുവേണ്ടി കാര്യമായൊന്നും ചെയ്യാനായില്ളെന്നാണ് പൊതുവില്‍ ഉയര്‍ന്ന വിമര്‍ശം. അഞ്ചാം മന്ത്രിസ്ഥാനം നേടിയെടുത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസിലെ ഒരുവിഭാഗവും എന്‍.എസ്.എസും ബി.ജെ.പിയും ഉയര്‍ത്തിയ ആരോപണങ്ങളില്‍ പാര്‍ട്ടി ചൂളിപ്പോയെന്നും പിന്നീട് സാമുദായിക വിഷയങ്ങളില്‍ ഇടപെടാനുള്ള ധൈര്യം കാണിച്ചില്ളെന്നുമാണ് പരാതി. യു.ഡി.എഫിന്‍െറ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത അറബിക് സര്‍വകലാശാല ബലികഴിക്കേണ്ടിവന്നു. മന്ത്രി അബ്ദുറബ്ബ് ചില നീക്കങ്ങള്‍ നടത്തിയെങ്കിലും പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് ഇതിന് പിന്തുണ ലഭിച്ചില്ല. തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കണമെന്നാവശ്യപ്പെട്ട് സമസ്ത ഇ.കെ വിഭാഗം പ്രക്ഷോഭത്തിന് ഇറങ്ങിയ സാഹചര്യവുമുണ്ടായി. ചീഫ് സെക്രട്ടറി അടക്കമുള്ളവര്‍ അറബിക് സര്‍വകലാശാലക്കെതിരെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും പ്രതിഷേധമുയര്‍ത്താനും തുടര്‍നടപടി സ്വീകരിക്കാനും ലീഗ് മന്ത്രിമാര്‍ക്കോ നേതൃത്വത്തിനോ സാധിച്ചില്ല.
മലപ്പുറത്ത് കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ‘ഇഫ്ളു’ അപ്രത്യക്ഷമായി. അലീഗഢ് കാമ്പസിന്‍െറ കാര്യത്തിലും ആത്മാര്‍ഥമായ നീക്കങ്ങളൊന്നുമുണ്ടായില്ല. കാന്തപുരം വിഭാഗത്തിന് അമിത പരിഗണന നല്‍കുന്നതിലും ഇ.കെ വിഭാഗത്തിന്് പ്രതിഷേധമുണ്ട്. കക്ഷത്തുള്ളത് നോക്കാതെ ഉത്തരത്തിലുള്ളത് എടുക്കാന്‍ ശ്രമിച്ചതാണ് ലീഗിന്‍െറ വോട്ട് നഷ്ടത്തിന് കാരണമെന്നാണ് ഇവരുടെ വിലയിരുത്തല്‍. കരിപ്പൂര്‍ വിമാനത്താവളം തകര്‍ച്ചയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലും അതിന്‍െറ നിലനില്‍പിനായി പൊരുതാന്‍ ലീഗിനായില്ല. ഹജ്ജ് ക്യാമ്പ് നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയപ്പോഴും ഇതേ നിലപാടാണ്  സ്വീകരിച്ചതെന്ന വിമര്‍ശവും പാര്‍ട്ടിക്കകത്തുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.