കറപുരളാത്ത നേതൃത്വത്തിന് പാര്‍ട്ടിയുടെ സമ്മാനം

കാസര്‍കോട്: നിസ്വാര്‍ഥ രാഷ്ട്രീയ ജീവിതത്തിനുള്ള സമ്മാനമാണ് ഇ. ചന്ദ്രശേഖരന് ലഭിക്കുന്ന മന്ത്രിസ്ഥാനവും നിയമസഭയിലെ സി.പി.ഐയുടെ നേതൃസ്ഥാനവും. 2011ല്‍ കാഞ്ഞങ്ങാടിന്‍െറ ‘ചുവപ്പു കുറച്ച്’ മണ്ഡലം പുനര്‍നിര്‍ണയിച്ചപ്പോള്‍ 12000 വോട്ടിനായിരുന്നു ആദ്യ ജയം. എം.എല്‍.എ എന്ന നിലയില്‍ പൊതുസമ്മതനായതിനാല്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി 26011 വോട്ടിന്‍െറ ഭൂരിപക്ഷത്തോടെയാണ് ഇപ്പോള്‍ നിയമസഭയിലത്തെുന്നത്. പെരുമ്പളയിലെ കമ്യൂണിസ്റ്റ് ഗ്രാമത്തില്‍ 1948 ഡിസംബര്‍ 28ന് പി. കുഞ്ഞിരാമന്‍ നായര്‍, എടയില്ലം പാര്‍വതിയമ്മ എന്നിവരുടെ മകനായി ജനിച്ച എടയില്ലം ചന്ദ്രശേഖരന്‍ എന്ന ഇ. ചന്ദ്രശേഖരന്‍ തറവാടിന് കീഴിലുള്ള കുടിയാന്മാരുടെ നീതിക്കുവേണ്ടി വിപ്ളവം നയിച്ചാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സജീവമാകുന്നത്.

കബഡിയും ഫുട്ബാളുമായി നടന്നിരുന്ന ചന്ദ്രശേഖരനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നത് ഈയിടെ അന്തരിച്ച അദ്ദേഹത്തിന്‍െറ സഹോദരന്‍ ഇ.കെ. മാസ്റ്ററായിരുന്നു. ആധുനിക ജന്മിമാര്‍ക്കെതിരെ നടത്തിയ സമരമാണ് ചന്ദ്രശേഖരനെ ജനനേതാവാക്കിയത്. ചെമ്മനാട് പ്രമുഖ കോണ്‍ഗ്രസ ്നേതാവ് കൈയേറിയ ഭൂമി, സമരത്തിലൂടെ ലാന്‍ഡ് ബാങ്കില്‍ നിക്ഷിപ്തമാക്കി. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറിയായിരിക്കെ കാസര്‍കോട് ജില്ലക്ക് വേണ്ടിയുള്ള സമരത്തിലും മുന്‍പന്തിയിലുണ്ടായിരുന്നു.
പരവനടുക്കം എല്‍.പി സ്കൂള്‍, ഗവ. ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ എസ്.എസ്.എല്‍സി വരെ വിദ്യാഭ്യാസം. പിന്നീട് സര്‍വേ ട്രെയിനിങ്.

1970ല്‍ എ.ഐ.വൈ.എഫ് കാസര്‍കോട് താലൂക്ക് സെക്രട്ടറി, ’75ല്‍ അവിഭക്ത കണ്ണൂര്‍ ജില്ലാ സെക്രട്ടറി,  ’76ല്‍ എ.ഐ.വൈ.എഫ് സംസ്ഥാന കൗണ്‍സില്‍ അംഗം,  ’79ല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം, ’79-84 കാലയളവില്‍ ചെമ്മനാട് ഗ്രാമ പഞ്ചായത്ത് അംഗം, ’87ല്‍ സി.പി.ഐ കാസര്‍കോട് ജില്ലാ അസി. സെക്രട്ടറി, ’98ല്‍ സംസ്ഥാന കൗണ്‍സിലംഗം, ’91ല്‍ കാംകോ ഡയറക്ടര്‍ ബോര്‍ഡ് അംഗം,  2008ല്‍ ലാന്‍ഡ് റിഫോംസ് കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റംഗം.

ഭാര്യ: സാവിത്രി. ഏകമകള്‍ നീലി ചന്ദ്രന്‍ കേരള സര്‍വകലാശാല കാര്യവട്ടം കാമ്പസില്‍ എം.ഫില്‍ വിദ്യാര്‍ഥി. സഹോദരങ്ങള്‍: മാലതി, മണി ടീച്ചര്‍, ഇ. കൃഷ്ണന്‍ നായര്‍, രോഹിണി, പരേതരായ ഇ.കെ നായര്‍, രാമചന്ദ്രന്‍ നായര്‍, ദാക്ഷായണിയമ്മ. വിലാസം പാര്‍വതി, പെരുമ്പള, കളനാട്, കാസര്‍കോട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT