സര്‍ക്കാര്‍ സംരക്ഷണയില്‍ കഴിയുന്ന കുരുന്നുകളെ ചേര്‍ത്തുപിടിച്ച് മലയാളി നന്മ

കോട്ടയം: കുടുംബത്തിന്‍െറ സ്നേഹത്തണലിലേക്ക് സര്‍ക്കാര്‍ സംരക്ഷണയില്‍ കഴിയുന്ന കുരുന്നുകളെ ചേര്‍ത്തുപിടിക്കാന്‍ മത്സരിച്ച് മലയാളികള്‍. നന്മയുടെ വാതിലകങ്ങളിലേക്ക് ഇവര്‍ പിടിച്ചുകയറ്റിയ അറുപതോളം കുട്ടികള്‍ക്ക് ഇത് അതിമധുരത്തിന്‍െറ അവധിക്കാലം. കുടുംബത്തില്‍നിന്ന് അകന്ന് സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളില്‍ കഴിയുന്ന കുട്ടികള്‍ക്ക് വേനലവധി മറക്കാനാകാത്ത കാലയളവാക്കാന്‍ സാമൂഹികക്ഷേമ വകുപ്പ് ആരംഭിച്ച പദ്ധതിക്ക് ആവേശപ്രതികരണം. കാരുണ്യത്തിന്‍െറ പുതുമാതൃക തീര്‍ത്ത് കുട്ടികളെ ഏറ്റെടുക്കാന്‍ സന്നദ്ധതയറിച്ച് വിവിധ ജില്ലകളില്‍ എത്തിയത് 500ലധികം കുടുംബങ്ങളാണ്. ഇതില്‍നിന്ന് തെരഞ്ഞെടുത്ത സ്നേഹച്ചില്ലകളില്‍ കളിചിരികളുമായി വേദനകള്‍ മറന്ന് അറുപതുപേര്‍ കൂടുകെട്ടി. ഇത്തരത്തില്‍ വിവിധ കുടുംബങ്ങള്‍ ഏറ്റെടുത്ത കുട്ടികള്‍ തിങ്കളാഴ്ച വീണ്ടും ‘സ്വന്തം’ വീടകങ്ങളിലേക്ക് മടങ്ങിയത്തെും.

വീടുകളിലെ പരാധീനതകളും ദുരിതങ്ങളും മൂലം സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളില്‍ എത്തുന്നവര്‍ക്ക് അവധിക്കാലം എല്ലാം മറന്ന് ചിരിക്കാനുള്ള കാലയളവാക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്കരിച്ചത്. ഇതിലൂടെ  കുട്ടികളെ അവധിക്കാലത്ത് താല്‍പര്യമുള്ള വീട്ടുകാര്‍ക്ക് ഏറ്റെടുക്കാം. കഴിഞ്ഞവര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ തുടക്കമിട്ട പദ്ധതി ഇത്തവണ സംസ്ഥാനവ്യാപകമായി നടപ്പാക്കിയപ്പോള്‍ അധികൃതരെപോലും അമ്പരപ്പിച്ചാണ് വന്‍ പ്രതികരണമുണ്ടായത്. അതത് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റുകള്‍ പത്രങ്ങളില്‍ അറിയിപ്പ് നല്‍കി. ഇതുകണ്ട് വിദേശങ്ങളില്‍നിന്നടക്കം നിരവധി അന്വേഷണങ്ങളാണ് ഉണ്ടായത്. കുട്ടികളില്ലാത്ത കുടുംബങ്ങളാകും കൂടുതല്‍ എത്തുകയെന്നായിരുന്നു സാമൂഹികക്ഷേമ വകുപ്പ് അധികൃതരുടെ കണക്കുകൂട്ടലെങ്കിലും മക്കളുള്ള വീടുകളിലേക്കാണ് കൂടുതല്‍ കുട്ടികളും ചേക്കേറിയത്.

വീടുകളിലെ ബുദ്ധിമുട്ടുകള്‍ മൂലം ഇത്തരം കേന്ദ്രങ്ങളില്‍ താമസിക്കുന്ന കുട്ടികള്‍ സാധാരണഗതിയില്‍ അവധിക്കാലത്ത് വീട്ടിലേക്ക് മടങ്ങും. മാതാപിതാക്കളുടെ പീഡനങ്ങള്‍ മൂലം എത്തിയവരും ഉപേക്ഷിക്കപ്പെട്ടവര്‍ക്കും ഇങ്ങനെ ചേക്കേറാന്‍ ചില്ലകളില്ലാത്തതിനാല്‍ അവധിക്കാലം ഇവര്‍ക്ക് നിരാശയുടേതായിരുന്നു. ഈ സാഹചര്യത്തിലാണ് വര്‍ണമുള്ള അവധിക്കാലം സമ്മാനിക്കാന്‍ തീരുമാനമായത്. അപേക്ഷിച്ചവര്‍ക്കെല്ലാം വിട്ടുനല്‍കാന്‍ കുട്ടികള്‍ ഉണ്ടായിരുന്നില്ളെന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് അധികൃതര്‍ പറയുന്നു. അപേക്ഷിക്കുന്നവരില്‍നിന്ന് പ്രാഥമിക പരിശോധന നടത്തി നിശ്ചിത എണ്ണം തെരഞ്ഞെടുക്കും. തുടര്‍ന്ന് ഈ വീടുകളെക്കുറിച്ച് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റുകളുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തും. കുടുംബങ്ങളുടെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലം, മറ്റ് കുട്ടികളുടെ വിവരം, ജീവിതനിലവാരം, വിദ്യാഭ്യാസം തുടങ്ങിയ മുഴവന്‍ വിവരങ്ങളും ശേഖരിക്കും. അയല്‍ക്കാരില്‍നിന്നും വിവങ്ങള്‍ തേടും. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഒരോ വീടിനെക്കുറിച്ചും റിപ്പോര്‍ട്ട് തയാറാക്കി ജില്ലകളിലുള്ള ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് സമര്‍പ്പിക്കും. കമ്മിറ്റി ഇത് പരിശോധിച്ചശേഷമാണ് കുട്ടികളെ നല്‍കണമോയെന്ന് തീരുമാനിച്ചത്.

കമ്മിറ്റി അനുവദിച്ചാല്‍ നല്‍കുന്ന കുട്ടിക്കും ഏറ്റെടുക്കുന്ന രക്ഷിതാക്കള്‍ക്കും പ്രത്യേക കൗണ്‍സലിങ് നല്‍കും. ഇരുകൂട്ടരെയും ബോധവത്കരിക്കും. ഇതിനുശേഷമാണ് കുട്ടികളെ നല്‍കുക. ഇങ്ങനെ അറുപതോളം കുട്ടികളാണ് വിവിധ വീടുകളില്‍ കഴിയുന്നത്. ഏപ്രില്‍ മുതല്‍ മേയ് അവസാനംവരെ വിവിധ ഘട്ടങ്ങളിലായാണ് കുട്ടികളെ കൈമാറിയത്. പിന്നീട് കുട്ടികളുമായും വീട്ടുകാരുമായും ചൈല്‍ഡ് കമ്മിറ്റി അധികൃതര്‍ ഇടക്കിടെ ബന്ധപ്പെട്ടിരുന്നു. അടുത്തവര്‍ഷം മുതല്‍ സര്‍ക്കാറിന്‍േറതല്ലാത്ത സംരക്ഷണവീടുകളെയും പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരാനാണ് ആലോചന.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.