റബര്‍ കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ്

ന്യൂഡല്‍ഹി: റബര്‍ കൃഷിയിലുണ്ടാകുന്ന നഷ്ടം തടയാന്‍ രാജ്യമൊട്ടുക്കും റബര്‍ കര്‍ഷകര്‍ക്ക് റവന്യൂ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായി കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മല സീതാരാമന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. റബര്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കര്‍ഷകര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ മാറ്റിവെച്ച പുതിയ റബര്‍ നയം ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്‍.ഡി.എ സര്‍ക്കാര്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയതിനോടനുബന്ധിച്ച് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായേക്കാവുന്ന പ്രഖ്യാപനം.
കേരളത്തിലെ രണ്ട് ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ റവന്യൂ ഇന്‍ഷുറന്‍സ് സ്കീം ഫോര്‍ പ്ളാന്‍േറഷന്‍ കോര്‍പ്സ് (ആര്‍.ഐ.എസ്.പി.സി) ഫലപ്രദമാണെന്ന് കണ്ടതിന്‍െറ അടിസ്ഥാനത്തിലാണ് രാജ്യമൊട്ടാകെ വ്യാപിപ്പിക്കുന്നതെന്നും നിര്‍മല വിശദീകരിച്ചു. കേരളത്തിലെ ഭരണ, പ്രതിപക്ഷ എം.പിമാരുമായി റബര്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നു. അതിന്‍െറ അടിസ്ഥാനത്തിലാണ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഏഴ് ജില്ലകളില്‍ പദ്ധതി നടപ്പാക്കിയത് വിജയകരമാണെന്നാണ് സര്‍ക്കാറിന്‍െറ വിലയിരുത്തല്‍. കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടം വലിയൊരളവോളം ഇത് വഴി നികത്താന്‍ സാധിക്കുന്നുണ്ടെന്നാണ് കണ്ടത്തെിയത്.
ഇതിന് പുറമെ കേന്ദ്ര സര്‍ക്കാര്‍ സമഗ്ര റബര്‍ നയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് നിര്‍മല സീതാരാമന്‍ തുടര്‍ന്നു. റബറുമായി ബന്ധപ്പെട്ട മുഴുവന്‍ തലങ്ങളെയും സ്പര്‍ശിക്കുന്നതായിരിക്കും നയം. അതുമായി ബന്ധപ്പെട്ട നിരവധി കൂടിയാലോചനകള്‍ വാണിജ്യമന്ത്രാലയം നടത്തിക്കഴിഞ്ഞതാണ്. അതിനിടയിലാണ് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് വന്നത്. പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ റബര്‍ നയം പുറത്തുവിടാനായില്ല. തടസ്സം നീങ്ങിയ സാഹചര്യത്തില്‍ ഉടന്‍ പ്രഖ്യാപനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. അതേസമയം നിര്‍ദിഷ്ട റബര്‍ നയത്തിന്‍െറ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തില്ളെന്നും മന്ത്രി വ്യക്തമാക്കി.
2003 മുതല്‍ 2013 വരെ നടപ്പിലാക്കിയിരുന്ന വില സ്ഥിരത പദ്ധതി മാറ്റിയാണ് തോട്ടവിളകള്‍ക്കുള്ള റവന്യൂ ഇന്‍ഷുറന്‍സ് പദ്ധതി കേന്ദ്രം ആവിഷ്കരിച്ചത്. അന്താരാഷ്ട്ര- ആഭ്യന്തര വിപണികളിലുണ്ടാകുന്ന വിലയിടിവും കാലാവസ്ഥ, വിള നാശം തുടങ്ങിയവ മൂലമുണ്ടാകുന്ന നഷ്ടങ്ങളും പരിഹരിക്കുന്നതിനുള്ള പദ്ധതി 80 ശതമാനം നഷ്ടപരിഹാരം ഉറപ്പാക്കുന്നു.
ഹെക്ടറിനു അഞ്ചു വര്‍ഷത്തെ ശരാശരി വരുമാനം കണക്കാക്കിയാണ് നഷ്ടപരിഹാരം നല്‍കുക. റബര്‍ ബോര്‍ഡ് അടക്കമുള്ള വാണിജ്യ ബോര്‍ഡുകള്‍ നോഡല്‍ ഏജന്‍സിയാക്കി ഇന്‍ഷുറന്‍സ് കമ്പനികള്‍ പദ്ധതി നടപ്പിലാക്കും. ഇന്‍ഷുറന്‍സ് പദ്ധതിക്കുള്ള പ്രീമിയം തുകയുടെ 75 ശതമാനം കേന്ദ്ര സര്‍ക്കാറും 15 ശതമാനം സംസ്ഥാന സര്‍ക്കാറും 10 ശതമാനം കര്‍ഷകനും നല്‍കണം. റബറിന്‍െറ വിലയിടിവിനെ തുടര്‍ന്ന് കര്‍ഷകര്‍ നേരിട്ട പ്രതിസന്ധി പരിഹരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പരീക്ഷണാടിസ്ഥാനത്തില്‍ റവന്യൂ ഇന്‍ഷുറന്‍സ് സ്കീം ഫോര്‍ പ്ളാന്‍േറഷന്‍ കോര്‍പ്സ് (ആര്‍.ഐ.എസ്.പി.സി) ആവിഷ്കരിച്ചത്. കേരളത്തിലെ ഇടുക്കി, പാലക്കാട് അടക്കം രാജ്യത്തെ ഏഴ് ജില്ലകളിലായിരുന്നു പദ്ധതി പരീക്ഷിച്ചുനോക്കിയത്.
റബര്‍ വില പ്രതിസന്ധിയില്‍ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി ഉന്നയിച്ച സബ്മിഷനു നല്‍കിയ മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.