ആര്‍.എസ്.എസ് മനുഷ്യരക്തത്തില്‍ ആവേശംകൊള്ളുന്നവര്‍ –മുഖ്യമന്ത്രി

പയ്യന്നൂര്‍: ആര്‍.എസ്.എസുകാര്‍ ആക്രമണത്തിലും കൊലപാതകത്തിലും മനുഷ്യരക്തത്തിലും ആവേശംകൊള്ളുന്നവരാണെന്നും സമാധാനം നിലനില്‍ക്കണമെങ്കില്‍ അവര്‍ ഊരിയവാള്‍ ഉറയിലിടണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. രാമന്തളി കുന്നരു കാരന്താട് ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തിയ സി.വി. ധനരാജിന്‍െറ കുടുംബസഹായ ഫണ്ട് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ആക്രമണത്തിന് വലിയതോതില്‍ തയാറെടുത്തുകൊണ്ടിരിക്കുകയാണ് ആര്‍.എസ്.എസ്. നേതൃത്വം ആസൂത്രണംചെയ്ത് പരിശീലനം സിദ്ധിച്ച കൊലയാളിസംഘങ്ങളെ ഉപയോഗിച്ചാണ് കൊലപാതകങ്ങള്‍ നടത്തുന്നത്. ഇത്തരത്തിലുള്ളതാണ് ധനരാജിന്‍െറ കൊലപാതകവും. കണ്ണൂര്‍ ജില്ലയില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത് സംഘ്പരിവാറാണ്. അതേസമയം, ജീവിക്കാന്‍പറ്റാത്ത ജില്ല എന്നാണ് സംഘ്പരിവാറിന്‍െറ കേന്ദ്രനേതൃത്വം പറയുന്നത്. തെറ്റായ പ്രചാരണമാണ് ജില്ലക്കെതിരെ അഴിച്ചുവിടുന്നത്. സമാധാനം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ എല്ലാവിധ ഇടപെടലുകളും നടത്തും.
ആക്രമികളെ നിയമത്തിന്‍െറ മുന്നില്‍ കൊണ്ടുവരുമെന്നും അക്കാര്യത്തില്‍ പക്ഷഭേദമുണ്ടാകില്ളെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആര്‍.എസ്.എസ് ഭൂരിപക്ഷവര്‍ഗീയത ആളിക്കത്തിക്കുമ്പോള്‍ മറുഭാഗത്ത് പോപുലര്‍ഫ്രണ്ട് ന്യൂനപക്ഷവര്‍ഗീയതയും വളര്‍ത്തുകയാണ്.
രണ്ടു തീവ്രവാദങ്ങളും എതിര്‍ക്കപ്പെടേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സി. കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മന്ത്രി ഇ.പി. ജയരാജന്‍, എം.പിമാരായ പി.കെ. ശ്രീമതി, കെ.കെ. രാഗേഷ്, എം.എല്‍.എമാരായ ടി.വി. രാജേഷ്, എ.എന്‍. ഷംസീര്‍, സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ്, വി. നാരായണന്‍, സി. സത്യപാലന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയാ സെക്രട്ടറി ടി.ഐ. മധുസൂദനന്‍ സ്വാഗതം പറഞ്ഞു. ധനരാജിന്‍െറ വിധവ സജിനിക്കും മാതാവ് മാധവി അമ്മക്കും പ്രത്യേകം പ്രത്യേകം തുക കൈമാറി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.