തിരുവനന്തപുരം: രാജ്യത്ത് ഉയര്‍ന്നുവരുന്ന വര്‍ഗീയധ്രുവീകരണം ചെറുക്കാന്‍ സമുദായങ്ങള്‍ക്കിടയിലെ ആശയവിനിമയം ശക്തിപ്പെടുത്തണമെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ ഉപാധ്യക്ഷന്‍ സയ്യിദ് സഅദത്തുല്ല ഹുസൈനി. ശാന്തിക്കും സമാധാനത്തിനും വേണ്ടി എല്ലാവരും ഒന്നിക്കണം. സമുദായങ്ങള്‍ തമ്മിലെ ആശയവിനിമയം ശക്തിപ്പെടുത്താന്‍ എല്ലാതലത്തിലും സ്ഥാപനങ്ങളും വേദികളും ഉണ്ടാകണം. ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള സംഘടിപ്പിച്ച ‘സമാധാനം മാനവികത’ കാമ്പയിന്‍െറ പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ ശക്തി നിലകൊള്ളുന്നത് ബഹുസ്വരതയിലും വൈവിധ്യമാര്‍ന്ന സാമൂഹിക ചട്ടക്കൂട്ടിലുമാണ്. പരസ്പരവിശ്വാസത്തിലും ഐക്യത്തിലും ഊന്നി മതേതരത്വം ശക്തിപ്പെടുത്താന്‍ ജനങ്ങള്‍ ഒരുമിക്കണം. അതിന് മതങ്ങള്‍ തമ്മിലും മതങ്ങള്‍ക്കിടയിലും ആശയവിനിമയങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്.
ഭരണകൂടം നടത്തുന്ന സാമുദായിക ധ്രുവീകരണവും വിഘടിത രാഷ്ട്രീയതന്ത്രവും മൂലം രാജ്യം ഭീഷണി നേരിടുകയാണ്. സാമുദായിക ധ്രുവീകരണമെന്ന വെല്ലുവിളി മുമ്പത്തെക്കാള്‍ വ്യത്യസ്തവും സങ്കീര്‍ണവുമാണ്. വര്‍ഗീയവത്കരണം രാജ്യത്ത് സ്ഥാപനവത്കരിക്കപ്പെട്ടുകഴിഞ്ഞു. ഈ വെല്ലുവിളികള്‍ നേരിടാന്‍ വ്യവസ്ഥാപിതവും സംഘടിതവുമായ പ്രതികരണങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. എല്ലാ ജനവിഭാഗങ്ങളും ചേര്‍ന്ന് നേടിയെടുത്തതാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം. എല്ലാ ജനവിഭാഗങ്ങള്‍ക്കും തുല്യ പരിഗണനയാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. അത് സംരക്ഷിക്കപ്പെടണം. മനുഷ്യന്‍െറ ഐക്യവും സാഹോദര്യവും വിളംബരം ചെയ്യുന്ന ഈ കാമ്പയിന്‍ നല്ല തുടക്കമാവട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. വെറുപ്പ് നാടുഭരിക്കുമ്പോഴാണ് സാമൂഹികാന്തരീക്ഷം കലുഷമാകുന്നത്. രാജ്യസ്നേഹത്തിനപ്പുറത്ത് സ്നേഹരാജ്യം പണിയാന്‍ രാഷ്ട്രീയ-മത നേതൃത്വങ്ങള്‍ക്ക് സാധിക്കണം.
അസത്യങ്ങളും അര്‍ധസത്യങ്ങളും പടച്ചുവിടുന്ന മാധ്യമങ്ങള്‍ കേരളത്തിന്‍െറ മതജാതി സഹവര്‍ത്തിത്വത്തെ അപകടപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ടി.കെ. ഹുസൈന്‍ ആമുഖപ്രസംഗം നടത്തി. തിരുവനന്തപുരം ആര്‍ച് ബിഷപ് ഡോ. എം.സൂസപാക്യം, ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, മാധ്യമം- മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, മൗലവി വി.പി. സുഹൈബ്, പെരുമ്പടവം ശ്രീധരന്‍, പ്രഫ. ബി. രാജീവന്‍, ഒ.വി. ഉഷ, എച്ച്. ഷഹീര്‍ മൗലവി, എം. മെഹബൂബ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.