സംസ്ഥാന ഓണാഘോഷം 12 മുതല്‍ 18വരെ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍െറ ഓണാഘോഷം സെപ്റ്റംബര്‍ 12 മുതല്‍ 18 വരെ വിപുല പരിപാടികളോടെ ആഘോഷിക്കുമെന്ന് മന്ത്രി എ.സി. മൊയ്തീന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇത്തവണ വേണ്ടെന്നുവെച്ച സമാപന ഘോഷയാത്ര പൊതുജനങ്ങളില്‍നിന്ന് ഉയര്‍ന്ന ആവശ്യത്തെതുടര്‍ന്ന് 18ന് നടത്തും. 12ന് വൈകീട്ട് 6.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഘോഷം ഉദ്ഘാടനം ചെയ്യും. 11ന് വൈകീട്ട് ആറിന് കനകക്കുന്ന് കൊട്ടാരത്തില്‍ ഓണപ്പതാക ഉയര്‍ത്തും.

തുടര്‍ന്ന് വൈദ്യുത ദീപാലങ്കാരത്തിന്‍െറ സ്വിച്ച് ഓണ്‍ കര്‍മം. അന്നുതന്നെ വ്യാപാരമേളകളുടെ ഉദ്ഘാടനവും നടക്കും. കനകക്കുന്ന് കൊട്ടാരവളപ്പില്‍ കുടുംബശ്രീയും പ്രധാന ഹോട്ടലുകളുംചേര്‍ന്ന് ഭക്ഷ്യമേള ഒരുക്കും. സൂര്യകാന്തി കോമ്പൗണ്ടില്‍ അമ്യൂസ്മെന്‍റ് പാര്‍ക്കുമുണ്ടാകും. തിരുവനന്തപുരം ജില്ലയില്‍ 30 വേദികളിലായി പരിപാടികള്‍ നടക്കും. കഴിഞ്ഞവര്‍ഷം 28 വേദികളായിരുന്നു. കഴക്കൂട്ടം, നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍, കോട്ടക്കകം ശ്രീചിത്തിര തിരുനാള്‍ പാര്‍ക്ക് എന്നീ വേദികള്‍ പുതുതായുണ്ട്. സത്യന്‍ സ്മാരകം, ഭാരത്ഭവന്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയേഴ്സ് ഹാള്‍ എന്നിവ ഈ വര്‍ഷം വേദിയാകില്ല.

പ്രധാന വേദിയായ നിശാഗന്ധിക്കുപുറമേ കഴക്കൂട്ടത്തും മെഗാപരിപാടികള്‍ അരങ്ങേറും. 18ന് വൈകീട്ട് കവടിയാര്‍ മുതല്‍ അട്ടക്കുളങ്ങരവരെയാകും സമാപന ഘോഷയാത്ര. ആഘോഷം പരിസ്ഥിതിസൗഹൃദമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.