തിരുവനന്തപുരം: ഓണക്കാഴ്ചക്ക് കൗതുകം പകരാന്‍ മൃഗശാലയില്‍ പുത്തന്‍ അതിഥികള്‍ ഉടന്‍ എത്തും. രണ്ട് ജോടി വെള്ളമയില്‍, ഒരുജോടി ഹിമാലയന്‍ കരടി, രണ്ടുജോടി മലമ്പാമ്പ് എന്നിവയാണ് എത്തുന്നത്. ഇതില്‍ മലമ്പാമ്പുകളെയും വെള്ളമയിലുകളെയും തിങ്കളാഴ്ച എത്തിക്കും. ഇവയെ ചെന്നൈയില്‍നിന്ന് കൊണ്ടുവരാനുള്ള സംഘം വെള്ളിയാഴ്ച യാത്ര തിരിക്കും.
ഓണം കഴിയുന്നതോടെ ഹിമാലയന്‍ കരടികളും എത്തും. നാഗാലാന്‍ഡില്‍നിന്നാകും കരടികളെ എത്തിക്കുക. അതേസമയം, നിലവില്‍ ഇവിടെയുള്ള ഹിമാലയന്‍ കരടി പ്രായാധിക്യംമൂലം രോഗാവസ്ഥയിലാണ്. ഇപ്പോള്‍ മൃഗശാലയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഈ കരടി. 2004ല്‍ ഹരിയാനയില്‍നിന്നാണ് ഇവിടേക്ക് ഇതിനെ കൊണ്ടുവന്നത്.13 വയസ്സുവരെയാണ് ആയുര്‍ദൈര്‍ഘ്യം. എന്നാല്‍ 15 വയസ്സ് കഴിഞ്ഞു.
പാമ്പുകളില്‍ ഏറ്റവും നീളം വെക്കുന്ന ഇനത്തില്‍പെട്ട മലമ്പാമ്പിനെയാണ് ചെന്നൈ വണ്ടൂരില്‍നിന്ന് കൊണ്ടുവരുന്നത്. ഇതോടെ എല്ലാത്തരം പാമ്പുകളുമുള്ള മൃഗശാലയെന്ന പേര് തലസ്ഥാനത്തിന് സ്വന്തമാകും. ലോക ഭീമന്‍ അനാക്കോണ്ടയും പാമ്പുകളിലെ ഭീമന്‍ രാജവെമ്പാലയും നിലവില്‍ മൃഗശാലയിലുണ്ട്. റെറ്റിക്കലേറ്റഡ് പൈതണ്‍ എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന മലമ്പാമ്പുകൂടി എത്തുന്നതോടെ ഏറ്റവും വലുപ്പമുള്ളതും വിഷമുള്ളതും നീളമുള്ളതുമായ പാമ്പുകളുള്ള മൃഗശാലയായും തലസ്ഥാനം മാറും.
വണ്ടൂരില്‍നിന്നുതന്നെയാണ് വെള്ളമയിലുകളും എത്തുന്നത്. റോഡുമാര്‍ഗം കൊണ്ടുവരുന്ന ഇവ തിങ്കളാഴ്ച എത്തുമെന്നാണ് പ്രതീക്ഷ. ഇവക്ക് പകരം ഇവിടെ വിരിയിച്ചെടുത്ത രണ്ടുജോടി റിയാ പക്ഷിയും മൂന്നുജോടി പന്നിമാനെയും നല്‍കും. ഹിമാലയന്‍ കരടികളെ എത്തിക്കാനുള്ള അനുമതി കേന്ദ്ര മൃഗശാല അതോറിറ്റിയില്‍നിന്ന് ലഭിച്ചെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.